കവിത
കൽപ്പറ്റ നാരായണൻ
അച്ഛൻ :
മൊബൈൽ
നെഞ്ഞത്തു വെച്ചുറങ്ങുന്ന
മകളുടെ മുഖശ്ശാന്തി
എന്നെ പേടിപ്പിക്കുന്നു.
ഒരു നിലത്തുമൊരുകൊമ്പിലു മിരിപ്പുറയ്ക്കാത്ത
എന്റെ ബഹുകോശജീവി
ഏക കോശജീവിയായി
തന്നിൽത്തന്നെ സ്വസ്ഥയായോ?
ഏറിയ അലച്ചിലുകൾക്കുശേഷം
പുറപ്പെട്ടിടത്ത് തന്നെ തിരിച്ചെത്തിയോ?
നിരവധി ജന്മങ്ങളിലായി
അച്ഛന് കാണാം
ഉപയോഗം കുറഞ്ഞ് കുറഞ്ഞ്
നിന്റെ കൈകാലുകൾ
ശോഷിച്ച് വരുന്നത്!
ഒരു വിരലും മിടിപ്പുമായി
നീ ചുരുങ്ങുന്നത്.
അടുത്തനാളുകളിലായി
ഞാൻ കാണുന്നു
നീ നടക്കാതെ
നിന്റെ കാര്യങ്ങൾ നടക്കുന്നു
ക്ലാസ്സിൽക്കയറാതെ
പരീക്ഷകളിൽ നീ ജയിക്കുന്നു
ബാങ്കിൽ പോകാതെ
ഇടപാടുകൾ നടത്തുന്നു.
തീയില്ലാതെ
വെള്ളമില്ലാതെ
അന്നമില്ലാതെ
പാചകം ചെയ്യുന്നു.
വിതയ്ക്കാതെ കൊയ്യുന്നു
എങ്ങും പോകാതെ
എല്ലായിടത്തുമെത്തുന്നു.
ഒന്നും ഒന്നും കൂടാതെ
സംഭവിക്കുന്നു.
ഇരുന്ന് കൊണ്ട് ബന്ധങ്ങളുണ്ടാക്കുന്നു
ഇരുന്ന് കൊണ്ട് ബന്ധങ്ങളറുക്കുന്നു
പൊതുവിടങ്ങൾ നിർജനമാക്കുന്നു
പാട്ടിടങ്ങൾ നിശ്ശബ്ദമാക്കുന്നു
അധ്വാനങ്ങൾ അസംബന്ധമാക്കുന്നു
എച്ചിലായിത്തീർന്ന സമയത്തെ
ദുർബ്ബലമായിത്തീർന്ന ദൂരത്തെ
വിരലിലെടുത്ത് മാറ്റുന്നു.
എന്തു ബന്ധമിതിനെന്റെ ബന്ധുരേ?
നെഞ്ഞത്തുള്ളത്
അലാവുദ്ദീന്റെ അത്ഭുതവിളക്ക്
ആജ്ഞാപിക്കണ്ട
വെറുതെ തൊട്ടാൽ മതി.
നെഞ്ഞത്തുള്ളത്
ഏത് കൊടിയ വിശപ്പിന്റേയും
ബലയും അതിബലയും.
പതുക്കെ മന്ത്രിച്ചാൽ മതി.
മകളെ നീ ശമിക്കുകയാണോ?
മകൾ :
അപ്പുറത്തെ പാളത്തിൽ
വണ്ടി വരുന്നില്ലല്ലോയെന്ന്
സശ്രദ്ധം നിരീക്ഷിച്ച്
മുറിച്ച് കടക്കുമ്പോൾ
ഇപ്പുറത്തെ പാളത്തിലൂടെ
വന്നു കൊണ്ടിരുന്ന വണ്ടി തട്ടി
ചിതറിപ്പോയ
ഒരു പാവമാണെന്റെയച്ഛൻ.
കണ്ടില്ലേ, ഉറക്കം വരാതെ
തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത്.
അച്ഛാ ജീവിതം ഒരു ചുമതലയല്ല.
ചുരുങ്ങുകയാണ്
കാലാന്തരത്തിലെന്റെ തലയെ
ന്നച്ഛൻ വിചാരപ്പെട്ടില്ലേ,
തല തലയൂരുകയാണ്.
തലയേക്കാൾ വലിയ തല
എന്റെ കയ്യിലുണ്ട്.
ഇന്നു രാവിലെ
വീട്ടിലെല്ലാവരേയും കൊള്ളിച്ച്
ഞാനെടുത്ത സെൽഫി കണ്ട്
അച്ഛൻ നെടുവീർപ്പിട്ടു
കുടുംബഫോട്ടോയിൽ
അച്ഛന്റെ ദേഹത്ത് പറ്റിനിൽക്കുന്ന
നെഞ്ഞോളം മാത്രം പൊക്കമുള്ള
എന്നെ ഓർത്താവാം.
സെൽഫിയിൽ
ഞാനാണ് വലുത്.
എന്നെ അപേക്ഷിച്ചാണ് മറ്റുള്ളവർ.
എന്റെ ജീവിതത്തിൽ നിങ്ങൾക്കുള്ള
യഥാർഥവലുപ്പമേ അതിലുള്ളു.
നേരാണ്,
അച്ഛന്റെ മകൾ ശമിക്കുകയാണ്.
എന്റെ വഴിയുടെ നീളം കൂട്ടാൻ
നിങ്ങൾ പിന്നിട്ട വഴി വേണ്ട,
നിങ്ങളുടെ മുൻ ബാക്കികൾ
എന്റെ ആസ്തിയല്ല.
ജീവിതത്തിലേക്ക്
ശപിക്കപ്പെട്ടവരായിരുന്നു നിങ്ങൾ
ജീവിതത്തിലേക്ക്
മോചിപ്പിക്കപ്പെട്ടവരാണ് ഞങ്ങൾ.
ഒന്നും നടക്കുന്നില്ലെന്ന് പ്രാകല്ലേ,
നിങ്ങൾ നടക്കുന്നതുപയോഗിച്ച്
ഞങ്ങൾ നൃത്തം ചെയ്യുന്നു.
പാഴിടങ്ങൾ
നിർജീവമാക്കുക മാത്രമല്ല
പ്രസക്തമായിടം
സജീവമാക്കുകയും ചെയ്യുന്നു.
ഇത് അത്ഭുത വിളക്കോ
ബലയോ അതിബലയോ അല്ല.
മുജ്ജന്മങ്ങളിൽ
ആജ്ഞാനുവർത്തികളെ മാത്രം ശീലിച്ച
അങ്ങേയ്ക്കത് മനസ്സിലാവില്ല.
ഇത് നിങ്ങൾ കണ്ട
പാലങ്ങളേക്കാളെല്ലാം വലിയ പാലം.
പല കരകളിലേക്കുള്ള പാലം
നിങ്ങൾ തന്ന എല്ലാ ഉയരങ്ങളേക്കാളും
വലിയ ഉയരം.
ഞങ്ങളുടെ ബാബേൽ.
ലോകരൊക്കെയും
ഒരേ ഭാഷ സംസാരിക്കുന്നത് കേൾക്കുന്നില്ലേ
ദൈവം ശുണ്ഠിയെടുക്കട്ടെ
ഞങ്ങൾക്കെന്ത്?
..
…
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.