കവിത
റാണി സുനിൽ
ആദ്യം
വെളിച്ചം കണ്ടതു ഞാനായിരുന്നു…
പിന്നാലെയവളും…
നട്ടുച്ചയ്ക്കായിരുന്നു ജനനമെന്നും
ചോരക്കളറായിരുന്നെന്നും
അമ്മാമ്മ പറഞ്ഞപ്പോൾ…
എന്തൊരു കീറലായിരുന്നെന്നു
നാണിത്തള്ള ചിരിച്ചു.
പക്ഷേ അവളെപ്പറ്റി
ആരുമൊന്നും പറഞ്ഞില്ല…
കുളിച്ചു കുട്ടിയുടുപ്പിട്ടു
കളിക്കാനിരുന്നപ്പോൾ…
ഞാനവളെ തിരക്കിയെങ്കിലും
നട്ടുച്ചയായതുകൊണ്ടാവാം… കണ്ടതേയില്ല…
പള്ളിക്കൂടത്തിലേക്കുള്ള
ഇടവഴിയിൽ… റബറിലകൾക്കിടയിൽ
പൂത്തിരി കത്തിച്ചും…
കൊച്ചു പന്തം കത്തിച്ചും…
ഉദയസൂര്യൻ
ഒളിച്ചു കളിക്കുന്നുണ്ടായിരുന്നൂ…
എത്ര വേഗമോടിയാലും…
എത്ര പതുക്കെ നടന്നാലും…
അവളൊരിക്കലും
എനിക്കു മുന്നിലായിരുന്നില്ല…
പറയുന്നതൊക്കെ കേട്ട്
പതിഞ്ഞ കാൽവയ്പ്പുകളോടെ
പുറകിലങ്ങനെയുണ്ടാകും…
പടിഞ്ഞാറെത്തി പ്രായമറിയിച്ച
വെയിൽ മൂത്തയൊരു
മെയ്മാസത്തിൽ…
അഞ്ചിലെ സുഗുണന്റെ
അച്ഛൻറെ പീടികയിൽ
പോകാനിറങ്ങിയതാണ്,..
അവളെ നന്നായി കാണുന്നതന്നാണ്…
കറുത്തു മെലിഞ്ഞു…നീണ്ട്
ചെങ്കല്ലിന്റെ ഒറ്റയടിപ്പാതയിൽ അങ്ങനെകിടക്കുന്നു….
ഞാനവളെ നോക്കി… അവളെന്നേയും…
ഇത്തവണയും
അവളൊന്നും പറഞ്ഞില്ല…
എങ്കിലുമെന്റെ
ജീവന്റെ ജീവനാണവൾ…
പിണങ്ങാത്തവൾ… പിരിയാത്തവൾ…
ഒരായിരം നിഴലുമ്മകൾ…
…
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.