പ്രസാദ് കാക്കശ്ശേരി
അധ്യാപക ദിനത്തിൽ ഈയിടെ വായിച്ച ഒരു നോവൽ മനസ്സിലേക്ക് കടന്നുവന്നു. ദാർശനികനും ചിന്തകനും നവോത്ഥാന നായകനുമായിരുന്ന വാഗ്ഭടാനന്ദ ഗുരുവിന്റെ ജീവിതം അധികരിച്ചെഴുതിയ നോവൽ. ടി.കെ.അനിൽകുമാർ എഴുതിയ ‘ ഞാൻ വാഗ്ഭടാനന്ദൻ ‘ എന്ന നോവൽ ടിപ്പിക്കൽ ജീവചരിത്രനോവലിൽ നിന്ന് വ്യത്യസ്തമായി സമകാലികതയെ അഭിമുഖീകരിക്കാനുള്ള തന്റേടംകൂടി കാണിക്കുന്നു. (ഡി.സി.ബുക്സ്,മെയ്2020) പ്രതിലോമ ആശയങ്ങൾ, ഹിംസാത്മക ഇടപെടലുകൾ സംഘടിതമായി രൂപപ്പെടുമ്പോൾ ഒരു അധ്യാപകന്റെ വിനിമയങ്ങൾ, പ്രതിരോധങ്ങൾ എപ്രകാരമായിരിക്കണം എന്ന് ചരിത്ര ജീവിതത്തെ വിശകലനം ചെയ്ത് ആഖ്യാന വ്യതിരിക്തതയും പ്രമേയപരമായ നവീനതയും ഉൾച്ചേർന്ന നോവലായി ‘ഞാന്‍ വാഗ്ഭടാനന്ദന്‍’മാറുന്നു. തത്ത്വചിന്തകന്‍ കൂടിയായ ഡോ.എസ്.രാധാകൃഷ്ണൻ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ലോക പ്രസിദ്ധ ദാർശനികനായ ബർട്രാൻറ് റസ്സൽ പറഞ്ഞത് ”ദാർശനികനായ ഒരു ഭരണാധികാരി രാഷ്ട്രത്തെ ഔന്നത്ത്യത്തിലെത്തിക്കും” എന്നായിരുന്നു.
അധ്യാപനം സാമൂഹ്യമായ ഇടപെടലാണെന്ന് ബോധ്യപ്പെടുത്തിയവർ, നവോത്ഥാന ചിന്തകൾ കൊണ്ട് സ്വതന്ത്ര ചിന്തയുടെ ആശയലോകം പണിതവർ, നിർഭയമായി അനീതികൾക്കെതിരെ ശബ്ദിക്കാൻ കെല്പ് കാണിച്ചവര്‍, അധ്യാപനം ശമ്പള സ്കെയിലോ സാമൂഹ്യപദവി ധാര്‍ഷ്ട്യമോ അല്ലെന്ന് ബോധ്യപ്പെടുത്തിയവർ .. നാരായണ ഗുരുവും കുമാരഗുരുവും വാഗ്ഭടാനന്ദ ഗുരുവും കേരളീയ ജീവിതത്തെ നവീകരിച്ച അധ്യാപകർ കൂടിയാണ്. ദാർശനിക ചിന്ത മനസ്സിനെ കൂടുതൽ സ്വതന്ത്രമാക്കുന്നു എന്നതിന്റെ നിദർശനമാണ് ”ഇന്ത്യയെ സ്വന്തം വാസസ്ഥാനമാക്കിയ എല്ലാവരും ഭാരതത്തിന്റെ മക്കളാണ്. ഇന്ത്യയിൽ വളർത്തു മക്കളില്ല” എന്ന ഡോ.എസ്.രാധാകൃഷ്ണന്റെ പ്രഖ്യാപനം.
സവർണ്ണർക്ക് മാത്രമായി കല്പിക്കപ്പെട്ടിരുന്ന സംസ്കൃത പഠനത്തെ ജനകീയമാക്കാനുള്ള പ്രവർത്തനങ്ങൾ, അന്ധവിശ്വാസ നിർമ്മാർജന ഇടപെടലുകൾ, അനാചാരങ്ങൾക്കും അനീതികൾക്കുമെതിരെയുള്ള നിതാന്തമായ പ്രതിരോധങ്ങൾ, പത്രാധിപർ എന്ന നിലയിലുള്ള അഭിപ്രായ സ്ഥൈര്യവും മൗലിക ചിന്തയും … വാഗ്ഭടാനന്ദ ഗുരുവിന്റെ കർമ്മമണ്ഡലം സൂക്ഷ്മതയോടെ, ചരിത്രനീതിയോടെ ആഖ്യാനം ചെയ്യുകയാണ് നോവൽ. സനാതന ഹിന്ദുത്വമായി പ്രത്യക്ഷപ്പെടുന്ന ഫാസിസ്റ്റ് നയങ്ങളെയും ആ സൂത്രിതമായ ഹിംസാത്മകതയേയും നോവൽ വിചാരണ ചെയ്യുന്നു. ഹരിഹരസ്വാമികൾ എന്ന സനാതന ഹിന്ദു, നവോത്ഥാന ആശയ പദ്ധതികളെ നേരിടാൻ പ്രവർത്തിക്കുന്നതെങ്ങനെയെന്ന് നോവലിൽ കാണാം. ഫാസിസത്തിന്റെ വേരുകളിലേക്കാണ് നോവൽ ചെറുത്തു നിൽപ്പിന്റെ മൂർച്ചയായി ആഴ്ന്നിറങ്ങുന്നത്.
വാഗ്ഭടാനന്ദ ഗുരുവിന്റെ മലബാറിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ – കാരപ്പറമ്പിലെ തത്ത്വ പ്രകാശിക വിദ്യാലയത്തെ അവതരിപ്പിച്ച് രേഖപ്പെടുന്നു. പുന്നശേരി നമ്പിയുടെ പട്ടാമ്പിയിലെ സംസ്കൃത പാഠശാലയും പി.ടി. കുരിയാക്കോസ് മാസ്റ്റുടെ പാവറട്ടിയിലെ സംസ്കൃത വിദ്യാപീഠവും അറിവിനെ വിമോചിപ്പിച്ചതിന്റെ പൊരുൾ വാഗ്ഭടാനന്ദ ഗുരുവിന്റെ ഇടപെടലിന് സമാനമാണ്. ”സരസ്വതിക്ക് തീണ്ടലില്ലെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു പി.ടി. കുരിയാക്കോസ് മാസ്റ്ററുടെ വിദ്യാഭ്യാസ പ്രവർത്തന”മെന്ന് സംസ്കൃത ഭാഷാ പ്രവർത്തനങ്ങൾക്ക് രാഷ്ട്രപതിയിൽ നിന്ന് പുരസ്ക്കാരത്തിന് അർഹനായ ഡോ.പി.സി.മുരളീ മാധവൻ സ്മരിക്കുന്നുണ്ട്.
വാഗ്ഭടാനന്ദ ഗുരുവിന്റെ ആദർശങ്ങളും ചിന്തയുമാണ് കുരിയാക്കോസ് മാസ്റ്ററെയും സ്വാധീനിച്ചത്. കുരിയാക്കോസ് മാസ്റ്റർ ജാതി – മത ഭേദമെന്യേ എല്ലാവർക്കും പഠിക്കാൻ അവസരമൊക്കിയ വീട്ടു കോലായയിലെ സംസ്കൃതം ക്ലാസ്സ് പിൽക്കാലത്ത് സാഹിത്യ ദീപിക സംസ്കൃത കോളേജാവുകയും കേന്ദ്രസർക്കാർ ഏറ്റെടുത്ത് ഇപ്പോൾ കേന്ദ്ര സംസ്കൃത സർവകലാശാലയായി പുറനാട്ടു കരയിൽ പ്രവർത്തിച്ച് വരികയും ചെയ്യുന്നു.
സ്വതന്ത്ര ചിന്തയും അഭിപ്രായ ധീരതയും അനീതികൾക്കെതിരെ പൊരുതാനുള്ള ഊർജവും പ്രകടിപ്പിച്ചവരെ ആസൂത്രിതമായി വകവരുത്തുന്ന സനാതന ഹിന്ദുത്വത്തിന്റെ അടഞ്ഞതും ഹിംസാത്മകവുമായ ലോകത്തെ പ്രത്യക്ഷീകരിക്കാൻ ഉള്ള ശ്രമവും ‘ഞാൻ വാഗ്ഭടാനന്ദൻ ‘ എന്ന നോവലിനെ ഏറെ പ്രസക്തമാക്കുന്നു. ‘ഹിന്ദുമതം കൊണ്ട് തന്നെ ഹിന്ദുമതത്തിലെ അനീതികളെ ചോദ്യം ചെയ്യാൻ ഉള്ള’ ഉപാധിയായിരുന്നു വാഗ്ഭടാനന്ദ ഗുരുവിന് സംസ്കൃത ഭാഷയും ദർശനങ്ങളും. ബ്രഹ്മാനന്ദശിവയോഗി.എം.ടി. കുമാരൻ, സത്യാനന്ദ സ്വാമികൾ, ഡോ.സുകുമാർ അഴീക്കോട് എന്നിവർ കഥാപാത്രങ്ങളായി കടന്ന് വരുന്നു നോവലിൽ. ചരിത്രവും ഭാവനയും സർഗാത്മകമായി ലയിച്ച് ചേർന്ന് നോവലിനെ സംവാദാത്മകമാക്കുന്നു.
അധ്യാപനം ക്ലാസ്സ് മുറിയിൽ നിന്ന് കുതറി സമൂഹ ജീവിതത്തെ പുരോഗമനപരമായി നിർണ്ണയിക്കാൻ സന്നദ്ധമാവുന്ന ഒരു കാലത്തിന്റെ നേരും ഉശിരുമാണ് വാഗ്ഭടാനന്ദന്റെ ജീവിതം പറഞ്ഞ് നോവൽ സാധ്യമാക്കുന്നത്. ദേശീയ ബോധത്തിന്റെ പേരിൽ ഒരു ഭാഷ അടിച്ചേൽപ്പിക്കന്നതും വൈജ്ഞാനികചിന്തയുടെ സ്രോതസ്സ് ഒരേയൊരു ഭാഷയാണെന്നും പറയുന്ന സമകാലിക ഫാസിസ്റ്റ് അജണ്ടകൾക്കുള്ള ഒരു തിരുത്ത് കൂടിയാണ് വാഗ്ഭടാനന്ദ ഗുരുവിന്റെ അധ്യാപന – സർഗാത്മക സ്വതന്ത്ര ചിന്താലോകം ആവിഷ്ക്കരിക്കുന്ന ഈ നോവൽ.
…
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.