സിനിമ
റിയാസ് പുളിക്കൽ
ഇന്ത്യൻ സിനിമയുടെ ചരിത്രം പറയുമ്പോൾ തന്നെ അതിൽ നിന്നും ഒരിക്കലും ഒഴിവാക്കാൻ പറ്റാത്തൊരു ജോണറാണ് ചരിത്ര സിനിമകൾ. കാരണം ഇന്ത്യൻ സിനിമയുടെ ചരിത്രം തുടങ്ങിയത് തന്നെ ഒരു ചരിത്ര സിനിമയിൽ നിന്നായിരുന്നു. ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാ സാഹിബ് ഫാൽക്കെ സംവിധാനം നിർവഹിച്ച രാജാ ഹരിശ്ചന്ദ്രയാണ് ഇന്ത്യയിലെ ആദ്യത്തെ മുഴുനീള സിനിമ. പക്ഷേ, നവയുഗ ഇന്ത്യൻ സിനിമകളെക്കുറിച്ച് സംസാരിക്കുമ്പോൾ ആദ്യം കമ്മാര സംഭവത്തെക്കുറിച്ച് പറയണം. കമ്മാരൻ പറഞ്ഞു വെച്ചത് എന്തായിരുന്നു അതായിരുന്നു ഈ അടുത്ത് വരെ ഇന്ത്യൻ സിനിമയിൽ സംഭവിച്ചു കൊണ്ടിരുന്നത്. ഇന്ത്യൻ സിനിമ ചരിത്രത്തെ പുനർവായന ചെയ്തപ്പോഴെല്ലാം കമ്മാരൻ പറഞ്ഞ “ചരിത്രങ്ങൾ പതുക്കിയ നുണ, നുണയിൽ പടച്ച ചരിത്രം” സംഭവിച്ചു കൊണ്ടേയിരുന്നു. പക്ഷേ, കമ്മാരനെ ഉൾക്കൊള്ളാൻ ഇന്ത്യൻ സിനിമയ്ക്കോ എന്തിന്, മലയാള സിനിമയ്ക്കോ സാധിച്ചില്ല. എന്നാൽ തിയറ്ററിൽ വെറുമൊരു സ്പൂഫ് മൂവി എന്നും വിലയിരുത്തപ്പെട്ടത് കമ്മാരൻ തോറ്റപ്പോൾ ഓരോ ചരിത്ര സിനിമകൾ പിറക്കുമ്പോഴും കമ്മാരൻ ജയിച്ചു കൊണ്ടേയിരുന്നു. കുഞ്ഞാലി മരക്കാരുടെ ചരിത്രം അറബിക്കടലിന്റെ സിംഹം എന്ന പേരിൽ സിനിമയാക്കപ്പെടുമ്പോൾ അതിന്റെ സംവിധായകൻ പ്രിയദർശൻ പറഞ്ഞത് “ചരിത്രത്തോട് പോയി പണി നോക്കാൻ” ആണ്. വടക്കൻ പാട്ടിന്റെ ചരിത്രം സിനിമയായപ്പോൾ അതിലെ വില്ലൻ ചന്തു നായകനായത് മഹാനായ എംടിയുടെ തൂലികത്തുമ്പാലെയായിരുന്നു. ഇതാണ് ഇന്ത്യൻ സിനിമ ചരിത്രത്തെ പുനർവായന ചെയ്യുമ്പോൾ അതിൽ ഹിസ്റ്റോറിക്കൽ അക്ക്യൂറസിക്കുള്ള സ്ഥാനം. ചരിത്രം സിനിമാറ്റിക്കാവുമ്പോൾ അല്ലറ ചില്ലറ കൂട്ടിച്ചേർക്കലുകൾ ഒരു കൊമേഴ്ഷ്യൽ സിനിമയ്ക്ക് തള്ളിക്കളയാൻ പറ്റില്ലെങ്കിലും ചരിത്രം ഒരു ജനതയുടെ കഥയാണ്, ഒരു സംസ്കാരത്തിന്റെ കഥയാണ്, ഒരു സത്യമാണ് എന്നുള്ളതൊക്കെ പലരും മറന്നു പോകുന്നു.
നവയുഗ ഇന്ത്യൻ സിനിമയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടതും ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ചതുമായ സിനിമ ബാഹുബലിയായിരുന്നു. പക്ഷേ, “Is Baahubali Real?” എന്നുള്ള ചോദ്യം ഗൂഗിളിൽ വരെ പോപ്പുലറാണ്. ബാഹുബലിയുടെ കൂറ്റൻ പ്രതിമ കർണ്ണാടകയിലെ ശ്രാവൺ ബൽഗോളയിൽ ഇപ്പോഴും തലയുയർത്തി നിൽക്കുമ്പോൾ ആ ചോദ്യം ശരിക്കും പ്രസക്തം തന്നെയാണ്. ജൈന മത വിശ്വാസികളുടെ പല വേദങ്ങളിലും ബാഹുബലിയെക്കുറിച്ച് പരാമർശിച്ചിട്ടുണ്ടെങ്കിലും രാജമൗലിയുടെ ബാഹുബലി പൂർണ്ണമായും ഫിക്ഷനൽ തന്നെയാണ്. കന്നഡ സിനിമാ ഇൻഡസ്ട്രിയായ സാൻഡൽ വുഡിനെ മറ്റൊരു തലത്തിലേക്ക് തന്നെ ഉയർത്തിയ K.G.F എന്ന സിനിമയിലെ റോക്കി ഭായ് വെറും ഫിക്ഷനൽ മാത്രമായിരുന്നോ എന്ന് ചോദിച്ചാൽ പക്ഷേ, “അല്ല” എന്ന് തന്നെ പറയേണ്ടി വരും. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ്ണ ഖനികളിൽ ഒന്നായിരുന്ന ‘മിനി ഇംഗ്ലണ്ട്’ എന്നൊക്കെ അറിയപ്പെട്ടിരുന്ന “കോലാർ ഗോൾഡ് ഫീൽഡ്” ഒരു കാലത്ത് ഇന്ത്യയുടെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സ് തന്നെയായിരുന്നു. കോലാർ ഗോൾഡ് ഫീൽഡിനെ ഒരുകാലത്ത് പ്രകമ്പനം കൊള്ളിച്ച കുപ്രസിദ്ധനായിരുന്ന റൗഡി തങ്കത്തിന്റെ ചരിത്രത്തിൽ നിന്നും ഇൻസ്പയർ ആയിട്ടുള്ളതാണ് K.G.F എന്ന ബ്രഹ്‌മാണ്ഡ സിനിമ. ഒരു കാലത്ത് കർണ്ണാടയിലെ ദി മോസ്റ്റ് വാണ്ടഡ് ക്രിമിനൽ റൗഡി തങ്കമായിരുന്നു. ചന്ദന കൊള്ളക്കാരൻ വീരപ്പന് ലഭിച്ചിരുന്ന അതേ റോബിൻഹുഡ് ഇമേജ് റൗഡി തങ്കത്തിനും ജനങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്നു. അതുകൊണ്ടായിരുന്നു “തന്റെ മകനെ നല്ല ഭാവത്തിൽ അവതരിപ്പിക്കാം എന്ന് ഉറപ്പു പറഞ്ഞ അണിയറക്കാർ അങ്ങനെയല്ല ചെയ്തത്” എന്നും പറഞ്ഞു റൗഡി തങ്കത്തിന്റെ അമ്മ പൗളി K.G.Fനെതിരെ കേസിന് പോയത്. ഹിസ്റ്റോറിക് സിനിമകൾ പല ഹീറോകളെയും വില്ലനാക്കുകയും പല വില്ലന്മാരെയും ഹീറോകളാക്കുകയും ചെയ്തിട്ടുണ്ട് എന്നത് നുണയല്ലാത്തൊരു സത്യം തന്നെയാണ്.
എങ്കിലും ഇന്ത്യൻ സിനിമയ്ക്ക് നാഴികക്കല്ലുകളായതിൽ ഭൂരിപക്ഷവും ചരിത്ര സിനിമകൾ തന്നെയായിരുന്നു. ലഗാൻ എന്ന ആമിർ ഖാൻ സിനിമ ഒരു ചരിത്ര സിനിമയൊന്നുമല്ലായിരുന്നുവെങ്കിലും ലഗാനിലെ കഥ പോലെ തന്നെയാണോ ക്രിക്കറ്റ് എന്ന ഗെയിം ഇന്ത്യയിലേക്ക് വന്നത് എന്ന ചോദ്യം പലർക്കും ഉണ്ട്. പക്ഷേ, ലഗാന്റെ കഥയ്ക്ക് സാമ്യം മോഹൻ ബഗാൻ എന്ന കൽക്കട്ടയിലെ ഫുട്‌ബോൾ ക്ലബ്ബിന്റെ കഥയ്ക്കാണ്. മോഹൻ ബഗാനും ബ്രിട്ടീഷ് സൈന്യത്തിലെ യോർക്ക്‌ഷെയർ റെജിമെന്റും തമ്മിലൊരു ഫുട്‍ബോൾ മത്സരം നടന്നു 1911ൽ. അന്ന് ശിബ്‌ദാസ് ബദൂരി എന്ന ക്യാപ്റ്റന് കീഴിൽ നഗ്നപാദരായി കളിച്ച അവർ ബ്രിട്ടീഷ് സൈന്യത്തെ മറിച്ചിട്ടു. മോഹൻ ബഗാന്റെ ഈ വിജയം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് ഒരു പുത്തൻ ഉണർവ്വായിരുന്നു എന്നുള്ളത് ചരിത്രം. ഇങ്ങനെ പാതി ഇൻസ്പയേഡ് ചരിത്ര സിനിമകളാണ് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടവയും. രൺവീർ സിങ്ങും ദീപിക പദുക്കോണും തകർത്തഭിനയിച്ച ബാജി റാവു മസ്താനി, പത്മാവത്, ഹൃത്വിക് – ഐശ്വര്യ ഒരുമിച്ച ജോധാ അക്ബർ തുടങ്ങിയവയൊക്കെ ഇഷ്ടപ്പെട്ട ചരിത്ര സിനിമകളാണെങ്കിലും ബോളിവുഡിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചരിത്ര സിനിമ, ചരിത്ര സിനിമ അല്ലെങ്കിൽ കൂടി ഭഗത് സിംഗിന്റെയും കൂട്ടുകാരുടെയും വീരോചിത ചരിത്രത്തിൽ നിന്നും ഇൻസ്പയർ ആയ ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികളുടെ കഥ പറഞ്ഞു രോമാഞ്ചമുണർത്തുകയും കണ്ണീർ പൊഴിപ്പിക്കുകയും ചെയ്ത ആമിർ ഖാനും സിദ്ധാർഥും മത്സരിച്ചഭിനയിച്ച രംഗ് ദേ ബസന്തിയാണ്. രംഗ് ദേ ബസന്തി എനിക്ക് നൽകിയ ഇൻസ്പിരേഷൻ മറ്റൊരു സിനിമയിൽ നിന്നും എനിക്ക് ലഭിച്ചിട്ടില്ല. “സർഫറോഷി കി തമന്നാ” എന്ന പാട്ട് കേൾക്കുമ്പോൾ ഇപ്പോഴും രോമം ഇങ്ങനെ എഴുന്ന് നിൽക്കും. ഇതേ വികാരം നൽകിയ മറ്റൊരു പാട്ട് ഒരു മലയാളം സിനിമയിലേത് തന്നെയാണ്, സൈന്യത്തിലെ “നെഞ്ചിൽ ഇട നെഞ്ചിൽ തുടി കൊള്ളുന്നൊരു ശബ്ദം..”
ഇന്ത്യൻ സിനിമയിലെ നവയുഗ ചരിത്ര പുനർവായനയെക്കുറിച്ച് ഞാൻ പറഞ്ഞതിൽ കൂടുതലും അന്യഭാഷയെക്കുറിച്ചായിപ്പോയി അല്ലേ. അതുകൊണ്ട് നമ്മുടെ സ്വന്തം മലയാള ഭാഷയിലേക്ക് വരാം. മലയാള സിനിമയിലെ ഏറ്റവും Well Made ചരിത്ര സിനിമ എന്ന് ചോദിച്ചാൽ ഞാൻ പറയുക രണ്ട് സിനിമകളുടെ പേരുകളാണ്, പഴശ്ശി രാജയും ഉറുമിയും. എംടിയുടെ തിരക്കഥയിൽ ഏറ്റവും ഗംഭീരമായി ഹരിഹരൻ എന്ന ഇതിഹാസ സംവിധായകൻ സൃഷ്ടിച്ച പഴശ്ശി രാജ പോലൊരു ചിത്രം ബോക്സ് ഓഫീസിൽ പരാജയമായതായിരിക്കണം ഒരുപാട് സിനിമാറ്റിക് ആയ ചരിത്ര കഥകൾ മലയാളത്തിന് ഉണ്ടായിട്ടും നിർമ്മാതാക്കൾ പുറംതിരിഞ്ഞു നിൽക്കാൻ കാരണം. പഴശ്ശി രാജയിൽ പഴശ്ശിയുടെ മരണം ധീരമായി ഒരു വെടിയുണ്ട നെഞ്ചിൽ ഏറ്റു വാങ്ങിയിട്ടായിരുന്നുവെങ്കിലും പഴശ്ശി സ്വന്തം രത്നമോതിരം വിഴുങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നൊരു കേൾവിയും ഉണ്ടായിരുന്നു. പക്ഷേ, മോതിരം വിഴുങ്ങി ആത്മഹത്യ ചെയ്ത വേലുത്തമ്പി ദളവയുടെ ചരിത്രത്തെ പഴശ്ശിയുടേതായി തെറ്റിദ്ധരിച്ചതാവണം എന്ന ചിന്ത ആദ്യമേ ഉണ്ടായിരുന്നു. മാവില തോടിന് സമീപത്ത് വെച്ച് വെടിവെപ്പിലാണ് പഴശ്ശി കൊല്ലപ്പെട്ടത് എന്ന് ബ്രിട്ടീഷ് സബ് കലക്‌ടർ T.H. ബാബർ തന്നെ പറയുമ്പോൾ നമ്മളിൽ ചിലർ വീര പഴശ്ശിയെ ഭീരുവായി കാണുന്നതിൽ സഹതാപമേയുള്ളൂ. അതുകൊണ്ട് തന്നെ പഴശ്ശി രാജ ചരിത്രത്തോട് നീതിപുലർത്തിയ ഒരു സിനിമ തന്നെയായിരുന്നു എന്ന് ഞാൻ കരുതുന്നു.
ഇനി വരാൻ പോകുന്ന ചരിത്ര സിനിമകളിൽ ഏതൊക്കെ ചരിത്രത്തോട് നീതി പുലർത്തുമെന്നോ ഇതുവരെ വന്ന ചരിത്ര സിനിമകളിൽ ഏതൊക്കെ ചരിത്രത്തോട് നീതി പുലർത്തിയെന്നോ പറയാൻ ഞാനൊരു ചരിത്രകാരനോ പ്രവാചകനോ അല്ലാത്തിടത്തിടത്തോളം മരക്കാർ : അറബിക്കടലിന്റെ സിംഹത്തിനും വാരിയൻകുന്നനും ഒരുപാട് ആശംസകളോടെ അവസാനിപ്പിക്കുന്നു ❣️
…
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ആത്മ ഓൺലൈൻ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.