കായികം
എ എസ് മിഥുൻ
ജില്ലാ സ്കൂൾ സ്പോർട്സ് കോഡിനേറ്റർ,
കായിക അധ്യാപകൻ
ജിഎച്ച്എസ്എസ് വില്ലടം
പുറന്തള്ളുക അല്ല ഉൾക്കൊള്ളുകയാണ് കായിക ലോകത്തിന്റെ കരുത്തെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് 2016 ലെ റിയോ ഒളിമ്പിക്സിൽ തിരിതെളിഞ്ഞത്. ടീമുകളെല്ലാം രാജ്യങ്ങളുടെ പേരിൽ അണിനിരന്ന കായിക മാമാങ്കത്തിൽ രാജ്യങ്ങളിൽ നിന്ന് പുറത്താക്കപ്പെട്ടവരുടെ കായികസ്വപ്നങ്ങൾക്ക് നിറം പകർന്നു കൊണ്ട് അഭയാർഥികളുടെ ഒരു ടീം തന്നെ അനുവദിച്ചു രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി. ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്ത സൗത്ത് സുഡാൻ കൊസാവോ എന്നി രാജ്യങ്ങൾ ഉൾപ്പെടെ 206 നാഷണൽ ഒളിമ്പിക് കമ്മിറ്റികൾ കൂടാതെ അഭയാർഥികളുടെ ഒളിമ്പിക് ടീം ഒളിമ്പിക് മൈതാനത്ത് തലയുയർത്തി നിന്നപ്പോൾ അതിർത്തിക്കപ്പുറം വളരുന്ന വിശ്വമാനവികതയുടെ പതാകയായിരുന്നു ഉയർന്ന പാറിയത്. കലാപ ഭൂമിയിൽ നിന്ന് പാലായനം ചെയ്തവർ, ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടവർ, ഈജിയൻ കടൽ നീന്തി കടന്നവർ ഇവർക്കെല്ലാം പൊതുവായി ഉണ്ടായിരുന്നത് ഒരേ ഒരു കാര്യം മാത്രം- ജന്മനാട്ടിൽ അഭയം ഇല്ലാത്തവർ ജനിച്ച നാടും വീടും ബന്ധുക്കളും നഷ്ടപ്പെട്ട് അന്യനാട്ടിൽ കുടിയേറിണ്ടി വന്നവരുടെ കായികസ്വപ്നങ്ങൾ സഫലമാക്കാൻ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി തീരുമാനിച്ചപ്പോൾ അത് ചരിത്രമായി- മനുഷ്യനെ മഹത്തായ പദമാക്കുന്ന ചരിത്രം!
കായിക കരുത്തിന്റെ മാമാങ്കവേദികൾ മനുഷ്യ വൈവിധ്യങ്ങളെ ബഹുമാനിക്കുന്ന വേദികളായ സംഭവങ്ങൾ ഇനിയുമേറെയുണ്ട്. വിദ്യാലയങ്ങളിലും കായിക വിദ്യാഭ്യാസം കരിക്കുലത്തിന്റെ ഭാഗമാക്കണം എന്നു പറയുന്നത് ഇത്തരം മാനവിക ബോധത്തിന്റെ പ്രകാശം വരും തലമുറയ്ക്ക് ലഭിക്കാൻ കൂടിയാണ്. പൊതുവായ ജീവിത ഗുണനിലവാരം കൊണ്ട് ഇന്ത്യയ്ക്ക് മുഴുവൻ മാതൃകയായ സംസ്ഥാനമാണ് കേരളം. പൊതുവിദ്യാഭ്യാസ ത്തിന്റെ വ്യാപനം, പൊതുജന ആരോഗ്യ രംഗത്തെ ഗുണനിലവാരം എന്നിവയെല്ലാം കേരളത്തിന്റെ മികവ് അടയാളപ്പെടുത്തുന്നു. എന്നാൽ 2009 സമ്പൂർണ കായികക്ഷമതാ പദ്ധതി(TPFP) വിദ്യാർഥികളെ ഉയരത്തിന്റെയും ഭാരത്തിന്റെയും അടിസ്ഥാനത്തിൽ ആറ് ടെസ്റ്റുകൾ ഉൾപ്പെടെ വിദ്യാലയങ്ങളിൽ നടപ്പിലാക്കിയപ്പോൾ ഫലം ഞെട്ടിക്കുന്നതായിരുന്നു. വെറും 4.16 ശതമാനം കുട്ടികൾ മാത്രമാണ് മെച്ചപ്പെട്ട ആരോഗ്യസ്ഥിതി ഉള്ളവരായി കണ്ടെത്തിയത് 80 ശതമാനം കുട്ടികൾ ആരോഗ്യപരമായി പിന്നിലാണെന്ന് എന്ന കണക്കും ആശങ്കയുണ്ടാക്കുന്നു. സമ്പൂർണ്ണ സാക്ഷരത കൈവരിച്ച സംസ്ഥാനം എന്ന ഖ്യാതി നേടുമ്പോഴും സമ്പൂർണ കായികക്ഷമതാ കൈവരിച്ച എന്ന സംസ്ഥാനമെന്നു അറിയപ്പെടണമെങ്കിൽ കേരളം കുറെ അധികം വിയർക്കെണ്ടതുണ്ട് എന്ന് തന്നെയാണ് ഈ കണക്കുകൾ നമ്മെ ബോധ്യപ്പെടുത്തുന്നത്.
ശാരീരിക-മാനസിക വികാസങ്ങളുടെ അടിത്തറ രൂപപ്പെടുന്ന ഘട്ടത്തിൽ മുഴുവൻ വിദ്യാർഥികൾക്കും ആരോഗ്യ കായിക വിദ്യാഭ്യാസത്തിന്റെ മൂല്യങ്ങളും അനുഭവങ്ങളും ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് ഈ കാലഘട്ടം ഏറ്റെടുക്കുന്ന വലിയ ഉത്തരവാദിത്വമാണ്. ശൈശവഘട്ടം മുതൽ ആരോഗ്യ കായിക വിദ്യാഭ്യാസവും അതിനുതകുന്ന സംസ്കാരവും വളർത്തിയെടുക്കണം. നന്നെ ചെറിയ ക്ലാസ് മുതൽ പാഠ്യപദ്ധതിയിൽ ആരോഗ്യ കായിക വിദ്യാഭ്യാസം ഉൾപ്പെടുത്തുക ഇതിന് അത്യാവശ്യമാണ്
കുട്ടികളിൽ നിന്നു രക്ഷിതാക്കളിലേക്ക്, രക്ഷിതാക്കളിൽ നിന്ന് സമൂഹത്തിലേക്ക് എന്ന ലക്ഷ്യം ഉൾക്കൊണ്ടാണ് സ്കൂളുകളിൽ ആരോഗ്യ കായിക വിദ്യാഭ്യാസം വിഭാവനം ചെയ്യുന്നത്.മരുന്ന് മേഖലകളിൽ ചെലവാക്കുന്ന പണത്തിന് മൂന്നിലൊന്ന് ആരോഗ്യ കായിക മേഖലകളിൽ ചിലവഴിച്ചാൽ രോഗമില്ലാത്ത തലമുറയെ വാർത്തെടുക്കാൻ സാധിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിവിധങ്ങളായ പഠനങ്ങളിൽ നിന്ന് മനസ്സിലാക്കുന്നത്. ഈത്തരം വലിയ ഉത്തരവാദിത്തങ്ങൾ നമ്മൾ ഏറ്റെടുക്കണം. ജീവിതശൈലിയുമായി ബന്ധപ്പെട്ട് വിദ്യാർഥികളും കൂടെ ഒട്ടനവധി ആളുകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ആരോഗ്യ കായിക വിദ്യാഭ്യാസം ആണ്. ഇത്തരം ആശയങ്ങൾ സമൂഹത്തിന് വ്യാപിപ്പിച്ച് ഉന്നതമായ കായിക സംസ്കാരം ഉയർത്തിപ്പിടിച്ചു നമുക്ക് മുന്നേറാൻ കഴിയണം.
ലോകം മുഴുവൻ ഇപ്പോൾ മഹാമാരിയുമായി ഏറ്റുമുട്ടുകയാണ് കൊറോണയുടെ മോഹങ്ങൾക്ക് പരാജയങ്ങളുടെ കരിനിഴൽ വീഴ്ത്തി.. മനുഷ്യൻ വിജയിക്കുക തന്നെ ചെയ്യും… എങ്കിലും നവീനമായ ഒരുപാട് മാറ്റങ്ങൾ നമ്മൾ സൃഷ്ടിക്കേണ്ടിയിരിക്കുന്നു.. ഭീതിയോടെ ഉള്ള മുഖങ്ങൾ അല്ല.. നമ്മൾ കാണേണ്ടത് മറിച്ച് എനിക്കും എന്റെ സമൂഹത്തിനും ഞാൻ നൽകുന്ന കരുതൽ എങ്ങനെ ഉണ്ടാക്കണം എന്നുള്ളത് ആസൂത്രണം ചെയ്യേണ്ട സമയമാണ്. വിദ്യാലയങ്ങൾ തുറക്കുവാൻ പോവുകയാണ് പുതിയൊരു അന്തരീക്ഷത്തിൽ പുതിയ പ്രതീക്ഷയിൽ മാനസിക-ശാരീരിക ആരോഗ്യത്തോടുകൂടി കരുതലോടെ നമുക്കു മുന്നേറാൻ സാധിക്കണം … കുട്ടികൾ കരുത്തരാണ് നാളെകളിൽ നമ്മുടെ സമൂഹവും കരുത്തരാവും…. മാനവികതയുടെ പുത്തൻ ചിറകുകൾക്ക് അവർ കരുത്ത് പകരട്ടെ.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in,
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ ആൻഡ്രോയ്ഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ…