കലാമണ്ഡലം പ്രേംകുമാർ

0
683
kalamandalam-premkumar-kathakali-03

കഥകളി കലാകാരൻ | ചേമഞ്ചേരി, കോഴിക്കോട്

“……his makeup served his role of demon well. His presentation of the role was unique……………”
‘ദി ഹിന്ദു’ പത്രം ശ്രീ കലാമണ്ഡലം പ്രേംകുമാറിനെ കുറിച്ചെഴുതിയ വരികളാണിത് (ref. : THE HINDU,february 20 2009,Friday). 32 വർഷത്തെ അനുഭവ പരിചയം കൊണ്ടും ശിഷ്യഗണത്തിന്റെ വ്യാപ്തി കൊണ്ടും കഥകളിയുടെ വഴിയിൽ ശക്തമായൊരു പേരാണ് കലാമണ്ഡലം പ്രേംകുമാർ.

1966 ഏപ്രിൽ 10-ന് ശ്രീമാൻ ഗോവിന്ദൻ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനായി ചേമഞ്ചേരിയിൽ ജനനം. ജനനത്താൽ തന്നെ കഥകളിയുടെ ശക്തമായ പാരമ്പര്യം ശ്രീ പ്രേംകുമാറിന് അവകാശപ്പെടാനുണ്ട്. ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം ചെന്ന രംഗകലാകാരന്മാരിൽ ഒരാളായ കഥകളി ആചാര്യൻ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ സഹോദരീപൗത്രനാണ് പ്രേംകുമാർ. കൊളക്കാട് യു. പി സ്കൂൾ, പൊയിൽക്കാവ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ഹൈസ്കൂൾ പഠനകാലത്തു തന്നെ അമ്മാവനായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, കൊച്ചുഗോവിന്ദൻനായർ ആശാൻ എന്നിവരുടെ കീഴിൽ കഥകളിയുടെ ബാലപാഠങ്ങൾ അഭ്യസിച്ചു. തുടർന്ന് ഗുരുവിന്റെ നിർദേശപ്രകാരം കേരളകലാമണ്ഡലത്തിൽ കഥകളി അഭ്യസിക്കാൻ തീരുമാനിച്ചു. തുടർന്ന് ആറു വർഷം കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ആശാൻ, കലാമണ്ഡലം എം.പി.എസ് ആശാൻ, കലാമണ്ഡലം വിജയൻ ആശാൻ, കലാമണ്ഡലം വാസുപിഷാരോടി ആശാൻ, കലാമണ്ഡലം ഗോപി ആശാൻ തുടങ്ങിയ മഹാരഥന്മാരുടെ കീഴിൽ അഭ്യസനം.

kalamandalam-premkumar-kathakali-02

1987-ൽ കലാമണ്ഡലത്തിലെ അധ്യയനം കഴിഞ്ഞിറങ്ങി. തുടർന്നിങ്ങോട്ട് പിന്തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലാത്ത, കഥകളി ഭരിതമായ 32 വർഷങ്ങൾ. കഥകളി അഭ്യസിച്ചതിനു ശേഷം കലാമണ്ഡലം സുമംഗല, കലാമണ്ഡലം സരോജ എന്നീ പ്രഗത്ഭരായ അധ്യാപികമാരുടെ കീഴിൽ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കേരളനടനം എന്നിവ അഭ്യസിച്ചു. ഇന്ന് കഥകളിയും കേരളനടനവും ഭാരതനാട്യവുമെല്ലാം അവതരിപ്പിക്കുകയും അഭ്യസിപ്പിക്കുകയും ചെയ്തു കൊണ്ട് നമ്മെ അതിശയിപ്പിക്കുകയാണ് ശ്രീ പ്രേംകുമാർ.

പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ സ്ഥാപിച്ച കഥകളി വിദ്യാലയത്തിൽ കഥകളി ആചാര്യനാണ് ശ്രീ.പ്രേംകുമാർ. ഭാരതീയ വിദ്യാഭവൻ കൊയിലാണ്ടിയിൽ അധ്യാപകനായി പ്രവർത്തിച്ചു വരുന്നു. കൂടാതെ കഥകളിയിലും മറ്റു നൃത്തരൂപങ്ങളിലും സ്വന്തം നിലയിൽ ‘ കലാഭവൻ സ്കൂൾ ഓഫ് ഡാൻസ് ‘ വഴിയും അധ്യാപനം നടത്തുന്നുണ്ട്. ഇതിനുപുറമെ വർഷങ്ങളായി സ്കൂൾ, ഹൈസ്കൂൾ, കോളേജ് തല കലോത്സവങ്ങളിൽ അധ്യാപകനായും വിധികർത്താവായുമെല്ലാം നിറസാന്നിധ്യമാണ് ശ്രീ പ്രേംകുമാർ. പത്തൊൻപത് വർഷമായി നടന്നു വരുന്ന കഥകളി വിദ്യാലയം-കഥകളി ശിബിരത്തിൽ കഥകളി വേഷം അഭ്യസിപ്പിക്കുന്നത് ഇദ്ദേഹമാണ്. ഈവിധം നിറഞ്ഞു നിൽക്കുന്ന ഊർജസ്വലമായ, പ്രവർത്തന മികവ് കൊണ്ട് ഇന്ന് അഞ്ഞൂറിലധികം വരുന്ന മികച്ച ശിഷ്യസമ്പത്ത് അദ്ദേഹത്തിനുണ്ട്. പച്ച വേഷങ്ങളും സ്ത്രീ വേഷങ്ങളുമാണ് അദ്ദേഹത്തിന്റെ സവിശേഷ മേഖലകൾ. അർജുനൻ, ഭീമൻ, കുന്തി തുടങ്ങിയവ മികവു പുലർത്തുന്ന വേഷങ്ങളിൽ ചിലതുമാത്രം. കൂടാതെ കത്തിവേഷങ്ങളും ചെയ്യാറുണ്ട്.

kalamandalam-premkumar-kathakali

കഥകളിയും കുച്ചിപ്പുടിയും ഇഴചേർത്ത് പ്രഗത്ഭ നർത്തകി ഡോ. രമാദേവി ഒരുക്കി ഹൈദരാബാദ് രവീന്ദ്രഭാരതിയിൽ വച്ച് അവതരിപ്പിച്ച മോഹിനി-ഭസ്മാസുര ബാലെയിൽ ഭസ്മാസുര വേഷം അവതരിപ്പിക്കാനായി ക്ഷണിച്ചത് ശ്രീ പ്രേംകുമാറിനെ ആണ് എന്നത് അദ്ദേഹത്തിന്റെ കഴിവിനുള്ള പ്രകടമായ അംഗീകാരമാണ്. ഹൈദരാബാദിന് പുറമെ വിജയവാഡ, ബാംഗ്ലൂർ, ചെന്നൈ തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിരവധി ശ്രദ്ധേയമായ പ്രകടനങ്ങൾ ഇദ്ദേഹം നടത്തിയിട്ടുണ്ട്. കൂടാതെ കേരളത്തിനകത്ത് ഉടനീളം മുപ്പതിലധികം ക്ഷേത്രങ്ങളിൽ വർഷാവർഷം കഥകളി വേദികൾ ഇദ്ദേഹത്തിനായി തുറന്നിടാറുണ്ട്.
സ്കൂൾ വിദ്യാർത്ഥികൾക്കായി പാഠ്യപദ്ധതിയുടെ ഭാഗമായ ഹംസ-ദമയന്തീ കഥ , കഥകളി പ്രചരണാർത്ഥം 100 സ്കൂളുകളിൽ അവതരിപ്പിച്ചത് ശ്രീ പ്രേംകുമാർ അടങ്ങുന്ന സംഘമാണ്.

കലാമണ്ഡലം കഥകളി ഓർഗനൈസേഷൻ വൈസ് പ്രസിഡന്റും സംഘടനയുടെ വടക്കൻ മേഖല ചുമതലക്കാരനും ആയ ശ്രീ കലാമണ്ഡലം പ്രേം കുമാറിന് മികച്ച കഥകളി കലാകാരനുള്ള രേവതിപട്ടത്താനം (1990) പുരസ്കരിക്കപ്പെട്ടിട്ടുണ്ട്.

Contact : 9446731610, 0495-268-7070
mail : kalaprem66@gmail.com

തയ്യാറാക്കിയത്: അതുൽകൃഷ്ണ പൂക്കാട്

ആത്മ ഓൺലൈനിൽ പ്രൊഫൈൽ ഉൾപ്പെടുത്താനുള്ള രെജിസ്ട്രേഷൻ ഫോം

LEAVE A REPLY

Please enter your comment!
Please enter your name here