ഇൻ ദി മിഡിൽ ഓഫ് ഇന്ത്യൻ ഓഷ്യൻ – ഭാഗം ഒന്ന്
ഡോ. ലാൽ രഞ്ജിത്ത്
ഇവിടെ മാലിദ്വീപിൽ വരുന്ന ഓരോ എക്സ്പാട്രിയേറ്റും ആദ്യം കേൾക്കുന്നതും തിരിച്ച് പറയാൻ ശീലിക്കുന്നതുമായ ദിവേഗി ആണിത്.
ഈ സ്ഥലം ഞാൻ മുമ്പ് കണ്ടിട്ടുണ്ട്? തീർച്ചയാണത്. മനസ് എവിടെയൊക്കയോ തിരയുകയാണ് !
അതെ പണ്ടെപ്പഴോ കടലിന്റെ നടുവിൽ പറന്നുകിടക്കുന്ന ഈ ഭൂമിയും വേരുമുറ്റിപ്പടർന്ന ഈ ഒറ്റ മരവും ചെറിയ വീടുകളും. ഞാൻ കണ്ടിട്ടുണ്ടീ സ്ഥലം.. ഈ ചാരനിറം!
പഴയ ഗോവയിലെ വാസ്ഗോ ചേരിപോലെ!
ചിലതൊക്കെ തോനലുകളായിരിക്കും .ഞാൻ എന്നോടു തന്നെ പറഞ്ഞു.
പരിഭ്രമം മുഖത്ത് കാണിക്കാതെ കരയിലേക്ക് കയറി!
ചില കാര്യങ്ങൾ അങ്ങനെയാണ്. ചില സമയത്തതിനു വല്ലാത്തൊരു കനം വെച്ച് വരും.
‘എന്നെ മറന്നോ‘ എന്ന് പറയും പോലത് നമ്മുടെ മുന്നിൽ പിണങ്ങിയങ്ങ് നിൽക്കും. ഈ ലോക്ഡൗൺ കാലത്ത് എന്തുകൊണ്ടോ ഞാൻ ഇന്ത്യൻ മഹാസമുദ്രവും കടന്ന് നീലക്കടലു പൊതിഞ്ഞ മരതക ദ്വീപിലെത്തിയിരുന്നു. ഒരുപക്ഷേ …വളരെ കുറച്ചു പേർ മാത്രം ജീവിതത്തിൽ അനുഭവിച്ച ദ്വീപിലെ ഉരഗജീവിതം.
ബെന്യാമിന്റെ ആടുജീവിതം എനിക്ക് വായിച്ച് മുഴുവനാക്കാൻ പറ്റിയിരുന്നില്ല ഇന്നുവരെ.
സർവ്വീസ് കോട്ടയിൽ മാനാഞ്ചിറയിലെ ബിഎഡ് സെന്ററിൽ നിന്നും കോഴ്സ് കഴിഞ്ഞ് മൂന്നാം നാൾ ഞാൻ മാലിയിലെത്തി. കൈയ്യിൽ കോഴ്സ് സർട്ടിഫിക്കറ്റ് മാത്രം.
താമസം അത്താമ ലോഡ്ജ് !
പേര് എക്സ്പാട്രിയേറ്റ്.
ഏറെ പഴയതെങ്കിലും ആ കാലത്തിന്റെ ചൂടും ചൂരും ഗന്ധവും എന്നിലേക്ക് ..
“എന്റെ ഖൽബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരി” ഹിറ്റായ സമയം. ദേവു എൽ .കെ.ജിയിൽ മടിയോടെ പോകുന്ന കാലം!
ഇന്ന് പറയുമ്പോൾ എത്ര നിസ്സാരമായാണെന്നോ ഞാൻ പറയുന്നത് , പക്ഷേ അനുഭവിച്ച ഓരോ ദിവസങ്ങളും ഒറ്റയാവുന്നതിന്റെ നേർ ചിത്രങ്ങൾ!
ജീവിതത്തിന്റെ വിപരീത പദമാണ് ഒറ്റപ്പെടൽ | ‘
എനിക്ക് പണ്ടൊരു സാധാ മൊബൈൽ ഉണ്ടായിരുന്നു . ‘കുറ്റി‘ ഉള്ള ഒരു സാംസങ് മൊബൈൽ. അന്ന് നോക്കിയയാണ് താരം. സാംസഗ് ഒന്നും ആരും വാങ്ങില്ല.
കുറച്ച് ഓപ്ഷൻസ് മാത്രമേ ഉള്ളൂ അതിൽ. പക്ഷേ !
ഓരോ ഓപ്ഷനും ഓരോന്നിലും ഞാൻ അറിയാതെ എത്ര തവണ ക്ലിക്ക് ചെയ്തിട്ടുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല.
സമയത്തെ പറ്റി ബോധവാനായിരിക്കുക. ഓരോ സെക്കന്റുകളും നിങ്ങളെ മുട്ടിവിളിച്ചുണർത്തി കൊണ്ടിരിക്കുക. എത്രമാത്രം ക്രൂരമാണന്നോ !’
ഇന്നിവിടെ തിരക്കില്ലാതെ കുടുംബത്തോടൊപ്പം ഇരിക്കുമ്പോൾ മനസ്സ് എത്ര നിസംഗമെന്നോ….
വലിയ തമാശയാണ് ഇവിടെ ജീവിതം.
പക്ഷെ, അവർ
ജീവിതത്തെ കൈകൊണ്ടു തൊട്ടുനോക്കി ജീവിക്കുന്നവരാണ്?
! കൊമാൻറൂവിലെ ദ്വീപ് നിവാസികൾ |
വിശ്വസിക്കാൻപറ്റുമോ ?പതിനാറ് ഏക്കർ മാത്രമുള്ള ഒരു ഭൂമി. നമ്മുടെ മാനാഞ്ചിറ അതിലും വലുതാണ്. മരങ്ങളില്ല പുഴകളില്ല കുന്നുകളില്ല. വെറും റീഫ് സമതലം മാത്രം!
സൂര്യവെളിച്ചം റീഫിൽ തട്ടിച്ചിതറുന്ന, വാഹനങ്ങളോ ആൾതിരക്കോ ഇല്ലാത്ത മണ്ണില്ലാത്ത നാട് | ‘
നാലു വഴികൾ മാത്രം. ഒരൊറ്റത്ത് കടലിൽ നിന്നും മറ്റൊരു കടലിലേക്ക് !
നമ്മൾ പണ്ട് കണക്ക് നോട്ടു പുസ്തകത്തിൽ വരക്കാറില്ലേ ? വൃത്തത്തിന്റെ വ്യാസങ്ങൾ ! അതുപോലെ രണ്ടു നേർവരകൾ… അത് അവരുടെ എല്ലാ സന്തോഷങ്ങളേയും ചേർത്തു വെക്കുന്നു!
അഞ്ച് കടകൾ .പേരിനൊരു ഹോട്ടൽ! രണ്ടായിരം ജനങ്ങൾ മാത്രം! ഞങ്ങൾ ഇരുപത് അധ്യാപകർ ! അറ്റോൾ എജ്യുക്കേഷൻ സെൻറർ.
പ്രധാനമായ എല്ലാ സംഭവങ്ങളും നടക്കുന്നത് സ്കൂളിനെ കേന്ദ്രീകരിച്ച്. ഞാനവിടെ എത്തുന്നത് സുനാമി തിരമാലകൾ അടിച്ച കലമായാത്ത ചുമരുകളെ കണ്ടാണ്. റെഡ് ക്രോസ് ചിഹ്നങ്ങളുള്ള വലിയ പെട്ടികൾ കടലിൽ ഒഴുകി നടക്കുന്നുണ്ടായിരുന്നു. ‘ഫെറി നു ദാനെ” ചില കാര്യങ്ങൾ ഏത് ഭാഷയിൽ പറഞ്ഞാലും മനസിലാകുമെന്ന് എനിക്കന്നാണ് മനസിലായത് ! ഫെറി പോവില്ല. ദ്വീപിലേക്ക് ! ഒരു ചെറിയ ബോട്ടു വന്നു നിന്നു. അതിലേക്ക് ചാടണം . വലിയ പെട്ടി വേണ്ടായിരുന്നു. ആളുകൾ എന്നെ കൗതുകത്തോടെ നോക്കി ചിരിക്കുന്നു.
” ബർമുഡയിട്ട ഗോത്രവർഗം ”
പിന്നെയെപ്പോഴോ ഞാനവർക്കിട്ട പേരാണ്. കാലുകൾ ബോട്ടിൽ ഉറക്കുന്നില്ല. ആടിയുലയുന്ന കടൽ ! രണ്ട് ചാനൽ കടന്ന് ആറ്മണിക്കൂർ .. ആദ്യകടൽയാത്രയുടെ ക്ഷീണം മുഴുവൻ എന്റെ കാലുകളിലേക്ക് …
കത്തിയ ഡീസലിന്റെ മണം. യമഹ എൻജിൻ ചെറിയ ശബ്ദത്തിൽ കിതച്ചു | ‘
ആരൊക്കെയോ സഹായിച്ചു.! അറിയാത്ത ദിവേഹി ഭാഷയിൽ ഞാനെന്തല്ലാമോ മറുപടി പറയുന്നുണ്ടായിരുന്നു.
കടലിൽ ആടിയുലയുന്ന ബോട്ടിൽ കാലുറക്കാതെ നിന്നാൽ നിങ്ങളുടെ ഏക ആവശ്യം ഉറച്ച ഒരു മണ്ണ് മാത്രമാവും‘,… ആഗ്രഹങ്ങളും ആവശ്യങ്ങളും തമ്മിലെന്താണ് വ്യത്യാസം !
അവിടെയെത്തുമ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. രാത്രിയെന്നെ കാത്തിരുന്നത് ഒരു നേഴ്സി പ്രേതമായിരുന്നു. കമ്പനിക്ക് ഒരു പ്രേതമെങ്കിലുമുണ്ടാവണേ എന്ന പ്രാർത്ഥന!
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.