ആനന്ദ് രാമൻ
‘സമാധാനമില്ലാത്ത കാലത്തിന് പ്രാവെന്തിന് ‘ കവി എ അയ്യപ്പൻ പണ്ടേ എഴുതിയ വരികളിൽ കെട്ട കാലത്തിന്റെ ധ്വനി. കോവിഡ് 19 ഭീഷണി ആഗോള പരിസരത്ത് സൃഷ്ടിച്ച ആഘാതം അത് നൽകിയ ഉൾക്കാഴ്ചകളുടെയും സൈദ്ധാന്തികമായ അരക്ഷിതത്വത്തിന്റെയും പരിസരത്ത് കൂടി നാം നീങ്ങുകയാണ് .
ശ്രീ ബാഹുലേയൻ സി ബി യുടെ വരകളിൽ മനുഷ്യകുലത്തിന്റെ ജീവിതവ്യാപിയായ പ്രവൃത്തികളുടെ കർമ്മഫലം ഘടനാപരമായി പ്രകടമാകുന്നു . ചെറുതുരുത്തിക്കാരനായ ബാഹുലേയൻ തൃശൂർ ഫൈൻ ആർട്സ് കോളേജിൽ നിന്നും പെയിന്റിംഗ് ഐഛിക വിഷയമായെടുത്ത് പഠനം പൂർത്തിയാക്കി പ്രവാസജീവിതത്തിലേക്കു ചേക്കേറി.
‘Ruptured’ 1(Title)
കുവൈറ്റ് യുദ്ധവും യുദ്ധാനന്തരപരിസരവും ചിത്രകാരനെ അസ്വസ്ഥമാക്കിയിരിക്കണം. വലിയ ക്യാൻവാസിൽ ദ്രവിച്ച നാഗരികത, തോരണമായി കാണുന്ന അഴുകിയടിഞ്ഞ ഉടുതുണികൾ, മനുഷ്യകുലമറ്റ ഏതോ അജ്ഞാത മരുഭൂമി, കപ്പലിൽ നിന്നും കപ്പിത്താന്റെ ബൈനാക്കുലാർ ദൃശ്യം പോലെ ഉൾക്കാഴ്ചകളുടെ മായക്കാഴ്ച്ച (Optical illussion). ഭ്രമാത്മക ദൃശ്യങ്ങളിൽ ചുവപ്പ് സ്ട്രോക്കുകൾ കൊണ്ട് ഇറ്റിറ്റു വീഴുന്ന ചോരയും, coke, cocacola തുടങ്ങിയ തകർന്ന ബോട്ടിലുകൾ പ്രതീകാത്മകമായി അധിനിവേശ ബിംബങ്ങൾ. ചോര വാർന്ന മാസ്ക്, ടാങ്കറുകളുടെ വിദൂര ദൃശ്യം എന്നീ അവശേഷിപ്പുകൾ യുദ്ധാനന്തര ദേശത്തിന്റെ ദൈന്യത തുറന്നു കാട്ടുന്നു.
‘Ruptured’ 2(Title)
കത്തി കുത്തിക്കയറി പാതി ചത്ത തെരുവ്നായ, വരണ്ട മണൽ തിട്ടകൾ, ആളൊഴിഞ്ഞ പാർപ്പിടങ്ങൾ, ക്യാൻവാസിൽ വരയുന്ന ഭൂഖണ്ഡാന്തര ബിംബങ്ങൾ നമ്മുടെ കാഴ്ചയെ വരും കാലങ്ങളിലേയ്ക്ക് ചൂണ്ടുന്നു.
‘Transformation’ 1(Series)
വൈദ്യുതീകരിച്ച നാഡീ വ്യൂഹം പോലെയാണ് ബാഹുലേയന്റെ ക്യാൻവാസ്. ജീവാവസ്ഥയുടെ ജീർണത തൊട്ടറിഞ്ഞ ഖരരൂപങ്ങൾ, നരച്ച ആകാശം, രക്തരസം (plasma) നിറഞ്ഞ അടിവേരുകൾ, ഖനനം ചെയ്ത് പൊള്ളയായ കൃഷിയിടം, എന്നിവ പ്രകൃതി ചൂഷണം സ്ഥിരമായ നാശത്തിൽ കലാശിക്കും എന്ന ആന്തരികജ്ഞാനം ബാഹുലേയൻ വർക്കിലൂടെ പ്രകടമാക്കുന്നു. ദ്രവിച്ച ലോഹ പരിസരത്തിനിടയിലും ചിത്രകാരൻ സൂക്ഷ്മമായി ഇളംപച്ച പ്രതലത്തിനെ ഖണ്ഡിച്ചു കൊണ്ട് അപകടത്തിൽ കലാശിക്കുന്ന വരുംകാലത്തെ ചുവന്ന സ്ട്രോക്കുകൾ കൊണ്ട് സൂചിപ്പിക്കുന്നു.
‘Transformation’ 2(Series)
ആർത്തി പൂണ്ട മനുഷ്യൻ പ്രകൃതി വിഭവങ്ങളെ ക്രയവിക്രയ/വ്യവഹാരത്തിനു വിധേയമാക്കി ലോകവ്യാപിയായിത്തന്നെ ജൈവതാളം തെറ്റിച്ചുകൊണ്ടേയിരിക്കും.
ഈ ക്യാൻവാസിൽ നശിച്ചുപോയ അജ്ഞാത വാഹനം പായൽ കെട്ടിയ അന്തരീക്ഷം, വരണ്ട നീർചാലുകൾ സ്പഷ്ടമായി ചിത്രീകരിച്ചിരിക്കുന്നു.
‘Transformation’ 3(Series)
ഏതോ നൂറ്റാണ്ടിലെ ഗതികെട്ട പായ്കപ്പൽ, മത്സ്യത്തിന്റെ അവശേഷിപ്പായി മുള്ള്. മറിഞ്ഞു വീണ നങ്കൂരം, ഉള്ളിലേയ്ക്ക് പിൻവാങ്ങിയ കടൽ, നാമമാത്രമായി പോലും മനുഷ്യന്റെ സാമിപ്യമില്ല.
ചിത്രം :’Transformation’ 4(Series)
തകർന്നു വീണ ഏതോ ആകാശ വാഹനത്തിന്റെ ദ്രവിച്ച അവശേഷിപ്പ് ചുവന്ന പശ്ചാത്തലം.
കോവിഡ് 19 (ജലഛായചിത്രങ്ങൾ )
ചിത്രത്തിൽ കാണുന്ന തല കീഴായ നഗരാവശിഷ്ടങ്ങൾ, താഴെ അടിഞ്ഞു കൂടിയ അസ്ഥികൾ ഇരുമ്പു ഗോളം പോലെ കൊറോണ വൈറസ്, അതുപോലെ മരക്കുരിശ്ശിൽ ദ്രവിച്ച കുപ്പായവും അതിലെ പതാകമുദ്രകളും, ഏതോ ഗ്രഹത്തിലേയ്ക്കു പറക്കുന്ന പക്ഷികൾ ഇതെല്ലാം കോവിഡ് 19 ഭീതി ഉളവാക്കുന്ന ചിത്രങ്ങളാണ്.
ആവാസ വ്യവസ്ഥയിലുണ്ടാകുന്ന അപകടകരമായ മാറ്റം അറിയിച്ചുകൊണ്ടുള്ള മുന്നറിയിപ്പുകളുടെ തപാൽ മുദ്ര ബാഹുലേയന്റെ ഓരോ വർക്കിലും കാണാം.
പ്രകൃതിയെ നിരന്തരമായി ചൂഷണം ചെയ്യുന്ന മനുഷ്യ സമൂഹത്തിൽ പ്രതിവ്യവഹാരിയായി തന്റെ സൃഷ്ടികളിലൂടെ ബാഹുലേയൻ എന്നും വ്യവസ്ഥിതികളോട് കലഹിച്ചുകൊണ്ടേയിരിക്കും എന്ന് ഉറപ്പാണ്.
…