ഓർമ്മക്കുറിപ്പുകൾ
സുബേഷ് പത്മനാഭൻ
നേരം വെളുത്ത് കിടക്കപ്പായയിൽ നിന്നും എണീറ്റ് കൈയ്യും കാലും നിവർത്തി, ഒന്ന് കാതോർത്താൽ കേൾക്കാം മുറ്റത്ത് എവിടെയോ നല്ല മിനുസമുള്ള പലകയിൽ പൊടിഞ്ഞ വെള്ളാരം കല്ലിൻറെ മുകളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നല്ല ശക്തിയായി ഉരക്കുന്ന ഉളിയുടെ ശബ്ദം. പെട്ടെന്ന് എണീറ്റ് ഓടി പോയി നോക്കും, എന്തിനാണെന്നോ ഉളി ഉരയുമ്പോൾ ഉള്ള ആ തീ പാറൽ കാണാൻ. ഇത് തന്നെ കേട്ടും കണ്ടും തന്നെ ആയിരിക്കും ഒരു ശരാശരി ആശാരികുല തൊഴിലാളികളുടെയും മക്കളുടെയും ദിവസം തുടങ്ങുന്നത്. എന്റെയും. ഏതൊരു സംഭവത്തിലും സാഹചര്യത്തിലും ഉയർന്നു വരും മൂർച്ചയുള്ള തൊട്ടാൽ മുറിയുന്ന ഉളികൾ. ഉളികൊണ്ട് മുറിച്ചും അളവുകൾ കൃത്യമാക്കിയും പാരമ്പര്യത്തെ കുറിച്ച് വാതോരാതെ സംസാരിച്ചു കൊണ്ടേ ഇരിക്കും അവർ. പലരും ആ തൊഴിലിൽ വിജയ ശ്രീലാളിതർ ആയിരിക്കും.
ജനിച്ചു കഴിഞ്ഞ് കാര്യങ്ങൾ കേട്ടാൽ മനസ്സിലാവുന്ന പ്രായം തൊട്ട് പണിയും,പണിയുടെ മഹത്വം പറച്ചിലുകളും പണി പഠിക്കേണ്ടതിൻറെ ആവശ്യകതയും തന്നെയാണ് കേട്ടിട്ടുള്ളത്. ജീവിതത്തിന്റെ ഓരോ മണിക്കൂറുകളിലും കാതുകളിൽ കേട്ട് കൊണ്ടിരിക്കുന്ന മഹത് വചനം നീയൊരു ആശാരി ആണ് നീ ആശാരിപ്പണി നന്നായി പഠിപ്പിക്കണം എന്നൊക്കെയാണ്. കുട്ടിക്കാലത്ത് ഇത് കേൾക്കുമ്പോൾ തോന്നാറുണ്ട് ഞാൻ ഇതിനു മാത്രമായി ജനിച്ചവൻ ആണോ എന്ന്. അതുകൊണ്ട് തന്നെ കുട്ടിക്കാലം എല്ലാവരും കത്തികൊണ്ട് നിലത്ത് കുത്തി കളിക്കുമ്പോൾ ഞങ്ങൾ പഴയ വാളം മുട്ടികൊണ്ടും ഉളികൊണ്ടും മരത്തിൽ കുഴി ഉണ്ടാക്കി പഠിച്ചു. കൈവാൾ കൊണ്ട് മുറിച്ചും, ശാസ്ത്രവും കണക്കും അളവുകളും പഠിച്ചുമാണ് നല്ലൊരു ആശാരി ഉണ്ടാവുക. അത് കൊണ്ട് തന്നെ എല്ലാവരും ഉറങ്ങുന്ന സമയം തൊണ്ട ഇടറി കണ്ണുനീർ ഒളിപ്പിച്ച് നിർബന്ധിതമായി പാഠങ്ങൾ പഠിച്ച് ശ്ലോകം ചൊല്ലി “മുൻപിൽ ഗണാതി പതയെ നമ്മ എന്ന് ചൊല്ലി……”. ചങ്കിടറി ശ്ലോകം പിഴച്ച് പോവുന്ന ഇടത്ത് വച്ച് തുടങ്ങും അടിയും പീഡനവും. എല്ലാം ഞാൻ നല്ല ആശാരി ആവാൻ ആണല്ലോ എന്ന ചിന്തയായിരിക്കും ഉള്ളിൽ അപ്പോഴും.
കുട്ടിക്കാലത്ത് അച്ഛന്റെ കൈയ്യും പിടിച്ച് അങ്ങാടിയിലേക്ക് നടക്കുമ്പോൾ അച്ഛനെ പരിചയമുള്ള ആളുകൾ എന്നെ നോക്കി വിളിക്കും കുട്ടി ആശാരി എന്ന്, അത് കേൾക്കുമ്പോൾ അന്ന് അഭിമാനം തോന്നും. സ്കൂൾ രണ്ടുമാസം അടക്കുമ്പോൾ ചെറിയ കള്ളിമുണ്ടും ഉടുത്ത് അച്ഛന്റെ കൂടെ ഉള്ള പണിക്കാരുടെ കൂടെ പണിക്ക് പോകും. പണി വീട്ടിലെ ആളുകളുടെ കൗതുകം ഉള്ള കാഴ്ചയിലെ ആശാരി യുടെ മകൻ കുട്ടി ആശാരി. കുട്ടി ആശാരി വളർന്നു,പിന്നീട് കേൾക്കുമ്പോൾ ഒട്ടും അഭിമാനം തോന്നാത്ത ആശാരി ചെക്കൻ എന്നായി വിളി. ഒട്ടും താൽപര്യമില്ലാത്ത (ഇതൊരു മികച്ച തൊഴിൽ തന്നെയാണ് എന്നതിൽ എനിക്ക് അഭിപ്രായ വ്യത്യാസം ഇല്ല.ഇതിന്റെ അടിസ്ഥാനം ഇപ്പോഴും എന്റെ കല ജീവിതത്തിൽ ഉപകരിച്ചിട്ടുണ്ട്) പണിയാണ് ഇത് എന്ന് മനസ്സിലാക്കി തുടങ്ങുമ്പോഴേക്കും ഞാൻ പണി അറിയാത്ത ഒരു പണിക്കാരൻ ആയി വളർന്നു കഴിഞ്ഞിരുന്നു. ചിന്തയിലും സ്വപ്നങ്ങളിലും എല്ലാം നിറങ്ങളും രേഖകളും മാത്രം കടന്നു വന്ന. വൈകിയാണെങ്കിലും ചിത്രകല പഠിക്കാനുള്ള തീരുമാനം എനിക്കുണ്ടായി ,അച്ഛനും ഇതെല്ലാം താൽപര്യ മുള്ളത് കൊണ്ട് അച്ഛൻ സന്തോഷത്തോടെ അയച്ചു. പിന്നെ പണിയും കൂടെ വര പഠനവും. കാലം മെല്ലെ മെല്ലെ എന്നെ വരയിലോട്ട് വലിക്ക്യാൻ തുടങ്ങി. അങ്ങനെ ആശാരി ചെക്കൻ അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഉത്തരവാദിത്വത്തിൽ നിന്നും പുറം തിരിഞ്ഞ് നടക്കാൻ തുടങ്ങി. ആശാരി പണി പൂർണമായി നിർത്തി. ശക്തമായ പുച്ഛത്തോടെയും ചിരിയോടെയും ഉള്ള അടക്കം പറച്ചിലുകൾക്ക് മുന്നിലൂടെ, പഴി പറച്ചിലുകൾക്ക് ഇടയിലൂടെ കുറെ നാൾ യാത്ര ചെയ്തു. ഇപ്പൊൾ പൂർണ്ണമായും ചിത്രകല മാത്രമാണ് എന്റെ ജീവിതം. ഇഷ്ടപെട്ട മേഖലയിൽ ഏറ്റവും സന്തോഷത്തോടെ..
കുലത്തൊഴിൽ ചെയ്യുന്നത് താൽപര്യം കൊണ്ട് മാത്രമല്ല ഓരോ കുലജാതന്റെയും നിർബന്ധിതമായ ഒരു ഉത്തരവാദിത്വം കൂടിയാണ് എന്നുള്ള തോന്നലാണ് അവിടെ എത്തിക്കുന്നത്. ഓരോ കുലവും കുല തൊഴിലും ഉണ്ടാക്കിയവരോട് കുലം പൊട്ടിച്ച് പുറത്തുചാടിയ, കുലം മുടിയനായ എനിക്ക് പറയാനുള്ളത്…
താൽപര്യമില്ലെങ്കിൽ പുറത്ത് ചാടുക എന്നത് വലിയ പ്രയാസമാണ് കാരണം ആശാരിയുടെ മകൻ ആശാരി ആയാൽ മതി എന്ന പാരമ്പര്യ പറച്ചിലിനേ തച്ചുടക്കുക എന്ന കുറ്റകൃത്യം ആണ് നമ്മുടെ പേരിൽ ചാർത്തപ്പെടുന്നത്. (ഇന്നലെകളിൽ ആ ചോദ്യം എൻറെ പുറകിൽ ഉണ്ടായിരുന്നു ഇന്നും ആ ചോദ്യമുണ്ട് നാളെയും അത് ചോദിക്കപ്പെടും എന്നെനിക്കറിയാം ഇതൊരു നിരന്തരമായ പ്രവർത്തിയാണ്. ഇതൊരു കുല തൊഴിലാളിയായി ജനിക്കപ്പെട്ടവന്റെ കഥ)
…
മറക്കാനാവാത്ത ഓർമ്മകൾ നിങ്ങൾക്കും ഉണ്ടാകില്ലേ.. ജീവിതദിശ തിരിച്ചുവിട്ട ആളുകൾ, കണ്ണിൽ നിന്നു മായാത്ത കാഴ്ചകൾ അങ്ങനെ , അങ്ങനെ…
മറ്റുള്ളവരുമായി പങ്കുവെക്കാനാഗ്രഹിക്കുന്ന ഓർമകൾ എഴുതി അയക്കു…
ഇ–മെയിൽ – editor@athmaonline.in, WhtatsApp : 8078816827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.