കവിത
ഫായിദ വാണിമേൽ
സ്വപ്നങ്ങളേറെയുണ്ട്,
ഒന്ന് പൊടുന്നനെ പൊട്ടിപ്പിളരുന്നത്.
അസ്‌ഥികൾ നനുനനെ നുറുക്കിക്കൊണ്ട്,
ലാവയൊഴുകുന്നതുപോലെ
പതിയെപ്പതിയെ അവ നമ്മെ വിട്ടുപോകും.
ചിലവ,
നോക്കിനോക്കിയിരുന്ന്,
പൊടിക്കുഞ്ഞിനെയെന്നോണം,
ചാഞ്ഞും ചെരിഞ്ഞും നോക്കിയാലും
ചിറകുമുളക്കില്ല.
ചിറകുമുളക്കാത്തവ
മനസിന്റെയടിത്തട്ടിൽക്കിടന്ന്,
ഇല്ലാത്ത ചിറകിട്ടടിച്ച്,
അലോസരപ്പെടുത്തി
ഞങ്ങളിവിടെത്തന്നെയുണ്ടെന്നോർമ്മപ്പെടുത്തും.
ഓർമഞ്ഞരമ്പുകളിൽ കേറിക്കൂടി,
ചിറകില്ലാത്ത സ്വപ്‌നങ്ങൾ
ഓരോ ദിനരാത്രങ്ങളിലും
വീർപ്പുമുട്ടിച്ച്,
നിന്റെ പ്രവർത്തനക്ഷമതയെ പല്ലിളിക്കും.
അപ്പോഴൊക്കെ നീ,
പ്രതീക്ഷ തരുന്ന മുഖംമൂടിയണിയുന്നു.
ഒരു സിനിമയിലെ നായകനാണെന്നോ
ഒരുയർന്ന ഉദ്യോഗസ്‌ഥനെന്നോണമോ
സന്തോഷിക്കാൻ കാൽക്കാശ് വേണ്ടാത്തവനോ ആവുന്നു.
നീയാരാണെന്ന് ഓർമ്മിക്കുമ്പോഴൊക്കെ,
നീ മറ്റാരോ ആണെന്ന്
അല്ലെങ്കിൽ ആവേണ്ടിയിരുന്നുവെന്ന്
മനസ്സിനെ പറഞ്ഞു പഠിപ്പിച്ച്,
ശീലമാക്കിമാറ്റുന്നു.
ഓരോ ചിന്തയ്ക്കവസാനവും
നീ പുതിയൊരാളാവുന്നു.
പുതിയൊരാളെ നീ നിന്നിലണിഞ്ഞ് കണ്ടെത്തിയെന്ന്,
വൃഥാ അത്ഭുതം കൂറുന്നു.
എന്നാൽ സ്വത്വം നഷ്ടപ്പെടുന്നത് നീയറിയുന്നില്ല.
അപ്പോൾ സുഹൃത്തേ,
നമ്മളൊക്കെ ചിറകുമുളക്കാതെപോയ സ്വപ്നങ്ങളുടെ,
പ്രതിഛായ മാത്രമാണ്.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.