നിറങ്ങൾക്കുമുണ്ട് മോഹങ്ങൾ

0
305

ജിഷ്ണു രവീന്ദ്രൻ

“മോഡേർണ് ആർട്ട് ചെയ്യുന്നവർക്ക് ബുദ്ധിജീവി പരിവേഷവും സ്റ്റാറ്റസുമുണ്ട്, എന്നാൽ ജനങ്ങൾ സ്വീകരിക്കുന്നത് റിയലിസ്റ്റിക് പെയിന്റിങ്ങുകളാണ്.” തള്ളിപ്പറയലുകൾ അതിജീവിക്കാൻ ചില തുരുത്തുകൾ തേടിയുള്ള യാത്രയാണ് തമ്പാൻ പെരുന്തട്ടയുടെ ചിത്രങ്ങൾ.
ക്യാൻവാസും പെയിന്റുമുള്ളതുകൊണ്ട് സമയം കളയാറില്ല… സ്വപ്നങ്ങൾ പലതും വരച്ചുകടന്നുകൊണ്ടിരിക്കുന്നു. ലോക്ക്ഡൗണിൽ തിരക്കുള്ളവർ കലാകാരന്മാരാണെന്നയാൾ ആവേശത്തോടെ പറയുന്നു.

thamaban-perunthatta
തമ്പാൻ പെരുന്തട്ട

മാതമംഗലം ഹൈസ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷമാണ് തമ്പാൻ മാഹി കലാഗ്രാമത്തിൽ ചിത്രകല പഠിക്കാൻ പോകുന്നത്. ഒരു വർഷം പോലും തികയ്ക്കാൻ പറ്റിയില്ല. കല, പണമുള്ളവന്റെ പ്രിവിലേജ് ആണെന്നും, നീ ഉടൻ തിരിച്ചുവന്ന് ഗൾഫിൽ പോകണമെന്നും ജീവിതം അയാൾക്ക് ടെലിഗ്രാമയച്ചു. ആഗ്രഹങ്ങൾ പൊതിഞ്ഞ സഞ്ചിയുമെടുത്ത് അയാൾ വിമാനം കയറി. ആറു വർഷത്തെ കഷ്ടപ്പെടലുകൾക്കൊടുവിൽ കാലകാരനാകാൻ തിരിച്ചുവന്നു. ഇപ്പോൾ ഫ്രീലാൻസ് ആർട്ടിസ്റ്റ് ആയി പ്രവർത്തിക്കുന്ന തമ്പാന്റെ ജീവിതകഥയുടെ ഫസ്റ്റ്ഹാഫ് ആണിത്.

thaman peruthatta
Acrylic on canvas

ഡിജിറ്റൽ പ്ലാറ്റ്ഫോം തരുന്ന സാധ്യതകളെ കുറിച്ചും പുതിയ സാങ്കേതങ്ങളെ കുറിച്ചും ചോദിച്ചാൽ അയാൾ പറയും,”സത്യം പറയാമല്ലോ.. എനിക്ക് ഡിജിറ്റൽ അത്ര താല്പര്യമൊന്നുമില്ല” ക്യാൻവാസുകളും പെയിന്റും തന്നെയാണ് അയാളെ എന്നും തൃപ്തിപ്പെടുത്തിയിട്ടുള്ളത്. അനീഷ് ആര്യ, പ്രകാശൻ പുത്തൂര്, എന്നീ ചിത്രകാരന്മാരെ മനസ്സിൽ ഗുരുവായ്കണ്ട് കല പഠിച്ച ആധുനിക ഏകലവ്യൻ കൂടിയാണ് തമ്പാൻ. ചിത്രകലാ ക്യാമ്പുകളിലാണ് ഇയാൾ ബേസിക്സ് പഠിച്ചത്. ആക്രിലിക് ആണ് പ്രിയപ്പെട്ട മീഡിയം, വാട്ടർ കളറും പരീക്ഷിച്ചിട്ടുണ്ട്. കുട്ടികളെ ചിത്രംവര പഠിപ്പിക്കുന്നുണ്ട്. മിക്ക രക്ഷിതാക്കളും കുട്ടികളെ കല പഠിപ്പിക്കാനയക്കുന്നത് പൊങ്ങച്ചം കാണിക്കാനാണ്. ചിലർ മത്സരങ്ങൾക്കു വേണ്ടി മാത്രം പഠിക്കുന്നവർ. സീരിയസായി കലയെ കാണുന്നവർ ചിലപ്പോൾ അത് പഠിച്ചവരാകണമെന്നില്ല. തമ്പാൻ പറയുന്നു.

thamban-perunthatta
Acrylic on canvas

ചില പ്രദർശനങ്ങളിൽ പുറകേ നടന്നു സംസാരിക്കുന്ന, ചിത്രങ്ങളോട് ആർത്തിയുള്ളവരെ കണ്ടിട്ടുണ്ട്..
അത്തരമൊരു പ്രദർശനം എന്ന ആഗ്രഹം പൂവണിയിക്കാനുള്ള ശ്രമത്തിലാണയാൾ. സമയമെടുത്ത് സ്വസ്‌ഥമായി വരയ്ക്കുന്നു. സ്വന്തം ചിത്രങ്ങൾ മാത്രമുള്ള ആദ്യ ചിത്രപ്രദർശനമാണ് ലക്ഷ്യം.
ആർട്ട് കൊണ്ടു ജീവിക്കുക ചലഞ്ച് തന്നെയാണ്. “ഇതുകൊണ്ടൊന്നും ജീവിക്കാൻ പറ്റില്ലെടോ വേറെ വല്ല പണിക്കും പൊയ്ക്കൂടെ” എന്ന് പറയുന്ന ഒരുപാടാളുകൾക്കിടയിൽ ശ്വാസമുട്ടുമ്പോൾ ഒന്നു ശ്വസിക്കുന്നത് ഒരു തരി പ്രോത്സാഹനം തരുന്ന ചിലരിലാണ്. അത്തരം തുരുത്തുകൾ ലക്ഷ്യമാക്കി അയാൾ നടന്നുകൊണ്ടേയിരിക്കുന്നു..

കൂടുതൽ ചിത്രങ്ങൾ കാണാം…

തമ്പാൻ പെരുന്തട്ട

LEAVE A REPLY

Please enter your comment!
Please enter your name here