ശകുന്തള എന്ന വീട്ടമ്മയുടെ തൊടിയില്‍ ജീവിക്കുന്ന എലിയും പാന്പും കോഴിയും മുള്ളന്‍പന്നിയും. ഒരേ പോലെ കളിച്ചു രസിച്ചു പഠിച്ചവര്‍. പക്ഷെ, അതില്‍ ഒരാള്‍, മുള്ളന്‍പന്നി അവര്‍ക്ക് മാത്രമുള്ള ‘മുള്ളന്‍പന്നി വിദ്യാപീഠ’ത്തില്‍ പഠിക്കാന്‍ പോയി. അതിനുശേഷം മുള്ളന്‍പന്നിയില്‍ ഉണ്ടായ മാറ്റം അവര്‍ക്കിടയില്‍ ഉണ്ടായിരുന്ന ഐക്യം തകര്‍ത്തു. സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും ജനിച്ചു. അസഹിഷ്ണുത പതിവായി. ഇതാണ് ‘എലിപ്പെട്ടി’. തിരുവങ്ങൂര്‍ ഹൈസ്കൂളിലെ വിദ്യാര്‍ഥികള്‍ ഈ വര്‍ഷത്തെ സ്കൂള്‍ കലോത്സവത്തില്‍ അവതരിപ്പിച്ചു ഏറെ പ്രശംസ പിടിച്ചു പറ്റിയ നാടകം.
തൊടിയിലെ ജീവജാലങ്ങള്‍ ആയ കഥാപാത്രങ്ങളെ കൊണ്ട് കുട്ടികള്‍ക്ക് അനുയോജ്യമായ രീതിയില്‍ സമകാലിക രാജ്യത്തെ പ്രധാനപെട്ട രാഷ്ട്രീയം തന്നെയാണ് നാടകം ഉച്ചത്തില്‍ വിളിച്ചു പറയുന്നത്. വിഭജിക്കപെടുന്ന പുതിയ തലമുറയുടെ വിലാപമാണ് എലിപ്പെട്ടി. എല്ലാരും ഒന്നിച്ചിരുന്ന് പഠിക്കുന്ന ഒരു പൊതുബെഞ്ചും പൊതുവിദ്യാലയവും നമുക്കുണ്ടായിരുന്നു. എന്ന് മുതലാണോ ആ പൊതുബെഞ്ചും പൊതുവിദ്യാലയവും നമുക്ക് നഷ്ടമായത്, എന്ന് മുതലാണോ നമുക്ക് വെവ്വേറെ സ്കൂളുകള്‍ ഉണ്ടായി തുടങ്ങിയത്, അന്ന് മുതലാണ് നമ്മള്‍ മതത്തിന്റെ പേരില്‍ വിഭജിക്കപെടാന്‍ തുടങ്ങിയത്. അസഹിഷ്ണുത വളരാന്‍ തുടങ്ങിയത്. ഇതാണ് നാടകം നല്‍കുന്ന സന്ദേശം. ആ പൊതുബെഞ്ചിന്റെ നഷ്ടപെടലിന്റെ വിലാപമാണ് ‘എലിപ്പെട്ടി’.
കൂടുതല്‍ ചെലവുകള്‍ ഇല്ലാതെ മാതൃകാപരമായാണ് നാടകം ഒരുക്കിയത്. “…ലക്ഷങ്ങളുടെ കണക്കുകള്‍ ഇല്ലാതെ ആര്‍ഭാടരഹിതമായാണ് നാടകം ഒരുക്കിയത്. രചന, സംവിധാനം, ആര്‍ട്ട് വര്‍ക്ക് തുടങ്ങി ഒന്നിനും തന്നെ പണം വേണ്ടി വന്നിട്ടില്ല. ഞാന്‍ ആ സ്ക്കൂളിലെ അദ്ധ്യാപകന്‍ തന്നെയാണ്. പൊതുവിദ്യാലയത്തിന്റെ ആവശ്യകത വിളിച്ചോതുന്ന നാടകം ആയതിനാല്‍ തന്നെ ആ സ്കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും പൂര്‍വവിദ്യാര്‍ത്ഥികളും തന്നെയാണ് ഇതിന്റെ എല്ലാ കാര്യങ്ങളും ചെയ്തത്…..”. – ‘എലിപ്പെട്ടി’യുടെ രചനയും സംവിധാനവും നിര്‍വഹിച്ച പ്രശസ്ത നാടക സംവിധായകനും ആ സ്കൂളിലെ തന്നെ അധ്യാപകനുമായ ശിവദാസ് പൊയില്‍ക്കാവ് പറയുന്നു.
മുള്ളന്‍പന്നി എന്ന കഥാപാത്രത്തിലൂടെ വെറുപ്പിന്റെ രാഷ്ട്രീയമാണ് പങ്കുവെക്കുന്നത്. മറ്റുള്ളവരുടെ ശബ്ദങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന മുള്ളന്‍പന്നി സമകാലിക ഭാരതത്തിലെ അസഹിഷ്ണുതയുടെ വക്താക്കളെ പ്രതിനീധീകരിക്കുന്നു. അതേ മുള്ളന്‍പന്നിയെ കൊണ്ട് തന്നെ ബാക്കിയുള്ളവര്‍ അത് തിരുത്തിക്കുന്നു. എല്ലാ തൊടിവാസികളും സഹോദരി സഹോദരന്മാരാണ് എന്നും തൊടിയിലെ ജീവികള്‍ ഒന്നിച്ച് നില്‍ക്കണം എന്നും പറഞ്ഞാണ് നാടകം അവസാനിക്കുന്നത്.
“ കോഴിയങ്ങ് കൊഴീന്റുസ്കൂല്‍ പോയാല്,
പാമ്പങ്ങ് പമ്പിന്റുസ്കൂല്‍ പോയാല്,
മുള്ളന്‍പന്നി വെറുപ്പ് പഠിക്കാന്‍
മുള്ളന്‍ന്റുസ്കൂല്‍ പോയാലെങ്ങനെ
എലിയെ നമ്മള്‍ മഴവില്‍ ചെടികള്‍
തൊടിയില്‍ ചേര്‍ന്ന് നനച്ചു വളര്‍ത്തും…”
നാടകാന്ത്യമുള്ള ഈ പാട്ട് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
കോഴിക്കോട് ജില്ലാപഞ്ചായത്തും കോര്‍പ്പറേഷനും ചേര്‍ന്ന് എ ഗ്രേഡ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ടാഗോര്‍ ഹാളില്‍ ബുധനാഴ്ച ഒരുക്കിയ സ്വീകരണത്തില്‍ ആ മത്സര ഇനങ്ങള്‍ ഒന്നുകൂടി അവതരിപ്പിച്ചു. നാടകം കാണാന്‍ വേണ്ടി മാത്രം ഒരുപാട് കലാസ്നേഹികള്‍ ടാഗോര്‍ ഹാളില്‍ എത്തിചേര്‍ന്നു. സിനിമാ സീരിയല്‍ നാടക താരം വിനോദ് കോവൂര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ട് ഉപഹാരങ്ങള്‍ സമ്മാനിച്ചു.