സംസ്ഥാനത്തെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കായി തിരുവനന്തപുരം പ്രസ് ക്ലബിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസവുമായി സഹകരിച്ച് പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ഒരു വർഷത്തെ സൗജന്യ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജേർണലിസം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റ്, ടി.വി, ഓൺലൈൻ ഡിജിറ്റൽ മാധ്യമ സിലബസ് ഉൾക്കൊള്ളുന്ന സമഗ്ര പാഠ്യപദ്ധതിയാണിത്.
അംഗീകൃത സർവ്വകലാശാല ബിരുദമാണ് അപേക്ഷിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത. പ്രായപരിധി 01.11.2019 ൽ 28 വയസ്സ് തികയാൻ പാടില്ല. ബിരുദ പരീക്ഷയുടെ മാർക്കിന്റെയും ഇന്റർവ്യൂവിൽ ലഭിക്കുന്ന മാർക്കിന്റെയും അടിസ്ഥാനത്തിൽ 30 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകും. അപേക്ഷാ ഫോറത്തിന്റെ മാതൃക നേരിട്ടും ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും സ്ഥാപനത്തിന്റെ വെബ്‌സൈറ്റായ www.icsets.org യിൽ നിന്നും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകൾ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നേരിട്ടോ തപാലിലോ ഒക്‌ടോബർ 31 വൈകിട്ട് അഞ്ചിനു മുമ്പ് ലഭിക്കത്തക്കവിധം പ്രിൻസിപ്പൽ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിവിൽ സർവീസസ് എക്‌സാമിനേഷൻ ട്രെയിനിംഗ് സൊസൈറ്റി, ഗ്രൗണ്ട് ഫ്‌ളോർ, അംബേദ്ക്കർ ഭവൻ, ഗവ.പ്രസ്സിന് സമീപം, മണ്ണന്തല, തിരുവനന്തപുരം-695 015 എന്ന വിലാസത്തിൽ ലഭിക്കണം. പൂർണ്ണമല്ലാത്തതോ അനുബന്ധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്യാത്തതോ ആയ അപേക്ഷകൾ നിരസിക്കും. ക്ലാസുകൾ നവംബർ ആദ്യവാരത്തിൽ ആരംഭിക്കും. വിശദവിവരങ്ങൾക്ക്: www.icsets.org, icsets@gmail.com. ഫോൺ: 0471-2533272.