പാഠം ഒന്ന് പാടത്തേക്ക്: കൃഷി ഉത്സവമാക്കി കുട്ടികള്‍

0
325

ഉഴുതുമറിച്ച പാടത്ത് ഞാറ്റുപാട്ടിനൊപ്പം ഞാറുനടുന്ന ആവേശത്തിലാണ് പടിഞ്ഞാറ്റുമുറി ഗവണ്‍മെന്റ് യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. കൃഷിയുടെ ആദ്യ പാഠങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കാന്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ കൂടി എത്തിയതോടെ അക്ഷരാര്‍ത്ഥത്തില്‍ അതൊരു കൃഷിയുത്സവമായി. സംസ്ഥാന കാര്‍ഷിക വികസന ക്ഷേമ വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി വിദ്യാര്‍ഥികളില്‍ കാര്‍ഷിക അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായാണ് കക്കോടിയിലെ കാളഞ്ചേരിതാഴം നൊച്ചിവയലില്‍ പാടശേഖരത്ത് ഞാറുനട്ടത്. ഒരു ഏക്കറിന് എട്ടിടങ്ങഴി നെല്ല് നല്‍കുന്ന ഏക്കറകെട്ട് എന്ന പേരിലറിയപ്പെടുന്ന ഞാറാണ് പടിഞ്ഞാറ്റുമുറി സ്‌കൂളിന്റെ നേതൃത്വത്തില്‍ ഇവിടെ നട്ടത്.

ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു. ഹരിത കേരളം പദ്ധതിയിലൂടെ സംസ്ഥാനത്തു തരിശുരഹിത ഗ്രാമങ്ങള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ 81 കൃഷിഭവനുകള്‍ കേന്ദ്രീകരിച്ച് അടുത്ത വര്‍ഷത്തത്തോടെ ഈ പദ്ധതി പൂര്‍ത്തിയാക്കും. ജില്ലയിലെ 4,000 ഹെക്ടര്‍ കൃഷിഭൂമിയില്‍ 2200 ഹെക്ടര്‍ സ്ഥലത്തു മാത്രമാണ് കൃഷി ചെയ്യുന്നത്. ഈ വര്‍ഷം 600 ഹെക്ടര്‍ കൃഷി ഭൂമിയില്‍ കൂടി കൃഷി ആരംഭിക്കും. അടുത്ത വര്‍ഷം ജില്ലയിലെ മുഴുവന്‍ കൃഷി ഭൂമിയും തരിശുരഹിതമാക്കുമെന്നും മന്ത്രി പറഞ്ഞു.

ഭക്ഷണത്തിനായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന മലയാളികള്‍ക്ക് കൃഷിയുടെ നാട്ടു പാരമ്പര്യങ്ങള്‍ നഷ്ടമായി കൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുള്ള ലോറികള്‍ എത്തിയില്ലെങ്കില്‍ മലയാളി പട്ടിണിയാവും. ഇത്തരം സംസ്‌കാരിക മൂല്യച്യുതികളില്‍ നിന്ന് അധ്വാനത്തിന് മൂല്യം കല്‍പ്പിച്ച് പ്രകൃതിയുമായി ഇണങ്ങി ചേര്‍ന്ന സാംസ്‌കാരിക സ്ഥിതിയിലേക്ക് കേരളം മാറണമെന്നും മന്ത്രി പറഞ്ഞു. നവകേരളമിഷനുകളിലൂടെ സമൂഹത്തിന്റെ ചിന്താധാരയില്‍ വലിയ മാറ്റം വരുത്താന്‍ സര്‍ക്കാരിന് സാധിച്ചു. ഹരിത കേരളം മിഷനിലൂടെ മുതിര്‍ന്ന മുതിര്‍ന്ന പൗരന്മാര്‍ക്കൊപ്പം പുതുതലമുറയെക്കൂടി കൃഷിയിലേക്ക് ആകര്‍ഷിക്കാനായി വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതായും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ആര്‍ ബിന്ദു പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ. പി ശോഭന, കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ചോയ്ക്കുട്ടി, ഡി.ഡി.ഇ വി. പി മിനി എന്നിവര്‍ മുഖ്യാതിഥിയായി. സ്ഥിരം സമിതി അംഗങ്ങളായ ശ്രീലത ബാബു, മേലാല്‍ മോഹനന്‍, സി വിജില, കക്കോടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി തങ്കമണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി ശോഭീന്ദ്രന്‍, ശാന്താ മുതിയേരി, ഇ എം ഗിരീഷ് കുമാര്‍, എം രാജേന്ദ്രന്‍, കൈതമോളി മോഹനന്‍, ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ബി. കെ ജയശ്രീ, ഡിഇഓ മുരളി, ചേളന്നൂര്‍ എഡിഎ ഗീത, എഇഒ ഹെലന്‍ ഹൈസാന്ത് മെന്റോണ്‍സ്, ചേളന്നൂര്‍ ബിപിഒ പി.സി വിശ്വനാഥന്‍, കൃഷി ഓഫീസര്‍ ആര്‍ ബിന്ദു, പി ടി എ പ്രസിഡണ്ട് കെ പി ഷീബ, എച്ച്.എം സുനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.


LEAVE A REPLY

Please enter your comment!
Please enter your name here