കോഴിക്കോട് ബീച്ചില്‍ സാഹിത്യസൗഹൃദകേന്ദ്രം

0
555

കോഴിക്കോട്: കേരളത്തിന്റെ സാംസ്കാരിക ഭൂമികയായ കോഴിക്കോട് സമുദ്ര വിനോദ സഞ്ചാരത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും സാധ്യതകള്‍ ഉപയോഗപ്പെടുത്തി മുഖം മിനുക്കാനൊരുങ്ങുന്നു. കോഴിക്കോട് ബീച്ചിന്റെ വടക്ക് ഭാഗത്താണ് വലിയ മാറ്റങ്ങള്‍ വരാന്‍ പോവുന്നത്. കേരളാ സാഹിത്യോല്‍സവതിന്റെ സ്ഥിരം വേദിയാക്കി മാറ്റുന്ന ബീച്ചിന്റെ വടക്ക് ഭാഗത്ത് സാഹിത്യ സൗഹൃദകേന്ദ്രം ഒരുങ്ങുന്നു എന്നതാണ് ഏറ്റവും ആകര്‍ഷണീയമായത്. എഴുത്തുകാര്‍ക്കും  വായനക്കാര്‍ക്കും വന്നിരിക്കാനും എഴുതാനും വായിക്കാനും സംവദിക്കാനും പറ്റുന്ന രീതിയിലാണ് കേന്ദ്രം ഒരുക്കുക. നിലവില്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ജിമ്മാണ് ഇതിന് വേണ്ടി പ്രയോജനപ്പെടുത്തുക.

വലിയ സമ്മേളനങ്ങള്‍ നടക്കാറുള്ള തെക്കോട്ട് മുഖം തിരിചുള്ള നിലവിലുള്ള ഓപ്പണ്‍ സ്റ്റേജ് ആകര്‍ഷണീയമാക്കും. പരിപാടികള്‍ നടക്കാത്ത സമയത്ത് സന്ദര്‍ശകര്‍ക്ക് വന്നിരിക്കാന്‍ പറ്റുന്ന രീതിയിലാവും സ്റ്റേജ് പുനര്‍നിര്‍മ്മിക്കുക. കോഴിക്കോടിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന രീതിയിലുള്ള ചിത്രങ്ങളും കൊത്തുപണികളും അതിന്മേല്‍ ഉണ്ടാകും. ഇതേ സ്റ്റേജിനോട് ചേര്‍ന്ന് എതിര്‍ദിശയിലേക്ക് മുഖം തിരിച്ചുള്ള മറ്റൊരു ചെറിയ സ്റ്റേജും ഉണ്ടായിരിക്കും. സാഹിത്യ – സാംസ്കാരിക പരിപാടികള്‍ നടത്താന്‍ പ്രയോജനപെടുത്തുന്ന രീതിയിലാവും നിര്‍മ്മാണം. നിലവില്‍ അവിടെയുള്ള ഇരിപ്പിടങ്ങള്‍, കുടകള്‍ എന്നിവയില്‍ ചിലത് മാറ്റി സ്ഥാപിക്കും.

കോഴിക്കോട് സാംസ്‌കാരിക പൈതൃകത്തിന് കാരണം അതിന്റെ തുറമുഖ ചരിത്രമാണ്. ആ ചരിത്രത്തിന്റെ അവശേഷിപ്പുകളായി അവിടെ ബാക്കിയുള്ള കടല്‍ പാലം, ലൈറ്റ് ഹൌസ് എന്നിവ സംരക്ഷിക്കും. ഇപ്പോള്‍ കാട് പിടിച്ച് കിടക്കുന്ന ലൈറ്റ് ഹൌസും പരിസര പ്രദേശവും സന്ദര്‍ശകര്‍ക്ക് കാണാന്‍ പറ്റുന്ന രീതിയില്‍ തുറക്കും. ലൈറ്റ് ഹൌസിന്റെ ചരിത്രം പുതിയ തലമുറക്ക് പരിചയ പെടുത്താന്‍ കൂടിയാണ് ഈ ഉദ്യമം. രാത്രി കാലത്തും സൗഹൃദപരമായി ഇടപെടുന്നതിന് വര്‍ണ്ണാഭമായ വിളക്കുകള്‍ സ്ഥാപിക്കും. ആറര കോടി രൂപയാണ് നോര്‍ത്ത് ബീച്ച് നവീകരണത്തിനായി സര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുന്നത്. രണ്ടാഴ്ച്ചകകം നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിക്കുമെന്ന് എ. പ്രദീപ്‌ കുമാര്‍ MLA പറഞ്ഞു. സ്റ്റേജ് മുതല്‍ പുതിയാപ്പ ബീച്ച് വരെയുള്ള ഭാഗം പ്രയോജന പെടുത്തുന്ന രീതിയിലുള്ള മറ്റൊരു പദ്ധതിയും സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here