രമേഷ് പെരുമ്പിലാവ്
‘പുസ്തകത്തോളം
കൂട്ടുകൂടാന്‍
പറ്റിയ ആരുണ്ട്
നോക്കൂ.. അലമാരയിലേക്ക്,
എത്ര കാലമായ്
പൊടി മണത്തിട്ടും
എന്നെയും കാത്തിരിക്കുന്നത്.’
നുജൂമെന്ന പുസ്തകം തുടങ്ങുന്നതിങ്ങനെയാണ്.
അത്രത്തോളമേയുള്ളു ഓരോ കവിതയും ഏതു ഭാഷയില്‍ സൃഷ്ടിക്കപ്പടുന്നതാണെങ്കിലും അര്‍ത്ഥവത്തായ ലക്ഷ്യം ആ സൃഷ്ടിക്കു പിന്നില്‍ ഉണ്ടെങ്കില്‍ അതിന്‍റേതായ പ്രാദേശിക ഭാഷയില്‍ ഒതുങ്ങിക്കൂടുന്നതല്ല ആ രചനയുടെ അന്തസത്ത. സമൂഹത്തില്‍ എത്രമാത്രം അഗാധമായി ഇറങ്ങിച്ചെല്ലുവാന്‍ ഓരോ സാഹിത്യസൃഷ്ടിക്കും കഴിഞ്ഞു എന്ന കാര്യം പഠന വിധേയമാക്കേണ്ടിയിരിക്കുന്നു.
ആധുനിക കവികളേയും ആധുനിക കവിതകളേയും കുറിച്ച് പറയുമ്പോള്‍ എടുത്തു പറയുന്നത് കവിതകളുടെ രചനാരീതി പ്രത്യേകിച്ച് വൃത്താദികള്‍ക്ക് കാര്യമായ പരിഗണന നല്‍കുന്നില്ല എന്നതാണ്. ആധുനിക കവിതകള്‍ ഒട്ടുമിക്കതും സാമൂഹികാവബോധം പ്രകടിപ്പിക്കുന്നതുമാണ്. .
കാലാകാലങ്ങളായി ഏതെല്ലാം കവികള്‍ ഉണര്‍ന്നുവോ അവരുടെയെല്ലാം തൂലിക മിക്കവാറും ചലിച്ചത് സമൂഹത്തിന്‍റെ പ്രത്യയ ശാസ്ത്രത്തിലാണ്. അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് മലയാള സാഹിത്യത്തിലെ ജനകീയ കവി ശ്രീ.കുഞ്ചന്‍ നമ്പ്യാര്‍. പരിഹാസത്തിന്‍റെ ആവനാഴിയില്‍ നിന്നും വിമര്‍ശനത്തിന്‍റെ കൂരമ്പ് കൊണ്ട് പ്രഭു ജനതയുടെ അഹന്തയ്ക്കും അധികാരത്തിന്‍റെ കൈയ്യൂക്കിനുമെതിരെ സത്യത്തിന്‍റെ ഭാഷയില്‍, ധര്‍മ്മത്തിന്‍റെ പാതയില്‍ വില്ലുകുലച്ച അനശ്വരനായ നമ്പ്യാരെ മലയളികള്‍ എങ്ങിനെ മറക്കും..?
കാലാന്തരങ്ങളില്‍ നിന്നും കാലഘട്ടങ്ങളിലേക്കുള്ള മാനവപ്രയാണത്തില്‍ സ്വാഭാവികമായും കവികളും അവരുടെ ഭാവനകളും ആഖ്യാനങ്ങളും വ്യവഹാരങ്ങളും ശൈലികളും മറ്റും മാറ്റത്തിന് വിധേയമായിട്ടുണ്ട്. ഭാഷാ പ്രയോഗത്തില്‍ ഈ മാറ്റങ്ങള്‍ പ്രകടമായി വീക്ഷിക്കാവുന്നതാണ്. ഇതിന്‍റെയെല്ലാം തല്‍ഫലമായി ഉടലെടുത്തതായിരിക്കാം ആധുനികത എന്ന കാവ്യമേഖലയിലെ പുത്തന്‍ ആശയങ്ങള്‍. ഇവിടെ യാഥാര്‍ത്ഥ്യത്തിന്‍റെ കാഹളങ്ങളാണ് മുഴങ്ങുന്നത്. കാല്പനികതയുടെ ഭാവനകളാണ് ഉണരുന്നത്. ആധുനികതയെക്കുറിച്ച് വിവരിക്കുുമ്പോള്‍ കാല്പനികതയുടെ സ്വാധീനമണ്ഡലത്തെക്കുറിച്ച് പറയാതിരിക്കാന്‍ ആവില്ല.
കാലചക്രത്തിന്‍റെ ഗതിയില്‍ സാഹിത്യവും മാറ്റത്തിനു വിധേയമാകുന്നു എന്ന സത്യം നാം ആധുനിക കവികളിലൂടെ അറിയുന്നു. ഒരിറ്റു മഷിയാല്‍ കാവ്യസപര്യയുടെ പുതിയ ചായക്കൂട്ടുകള്‍ സാമൂഹ്യവ്യവസ്ഥിതിയിലേക്ക് പകര്‍ത്തുമ്പോള്‍ ഒരു കണ്ണാടി പോലെ കവികള്‍ നമുക്ക് മുന്നില്‍ പ്രതിഫലിക്കുന്നു.
അത്തരത്തില്‍ ഒരിറ്റ് മഷി കൊണ്ട് ആശയത്തിന്റെ സംവാദത്തിന്റെ ഒരു വലിയ തലം സൃഷ്ടിക്കാന്‍ കഴിയുന്നതാണ് റഫീക്ക് ബദരിയ എഴുതുന്ന നുറുങ്ങുകവിതകള്‍. ‘നുജൂം’ എന്ന സമാഹാരത്തിലെ കവിതകളെല്ലാം വളരെ ചെറിയതാണ്. ശീര്‍ഷകംപോലും ഇല്ലാത്തവ.
നുജൂം എന്നാല്‍ നക്ഷത്രങ്ങള്‍ എന്നാണര്‍ത്ഥം. ഈ കൊച്ചു കവിതകള്‍ക്ക് മറ്റെന്തു പേരാണ് ചേരുക. നക്ഷത്രങ്ങള്‍ക്ക് സൂര്യനെ പോലെയോ ചന്ദ്രനെപോലെയോ വലിയ പ്രകാശവര്‍ഷങ്ങള്‍ ഭൂമിയിലേക്ക് അയക്കാന്‍ കഴിയില്ലെന്നത് സത്യമാണ്. എന്നാല്‍ ആകാശം നിറയെ കാണുന്ന കൊച്ചു നക്ഷത്രങ്ങള്‍ എത്രയോ ദൂരെ നിന്നാണ് തങ്ങളും ഇവിടെയുണ്ടെന്ന് കൊച്ചു വെളിച്ചത്തിന്റെ മിന്നലാട്ടത്തിലൂടെ നമ്മോട് പറയുന്നത്.
റഫീക്കിന്റെ ക്യാപ്സൂള്‍ കവിതകളും മനോഹാരിതയുളള വെളിച്ചമാണ് പ്രദാനം ചെയ്യുന്നത്. നക്ഷത്രങ്ങളേപോലെയവയും മിന്നിത്തിളങ്ങുന്നു
ചരിത്രത്തിൽ എല്ലാ സംസ്കാരങ്ങൾക്കും നക്ഷത്രങ്ങൾ പ്രധാനപ്പെട്ടവയാണെന്ന് കാണാം. അനാദി കാലം മുതൽക്കേ കപ്പൽ യാത്രയ്ക്കും ദിശ അറിയുന്നതിനും നക്ഷത്രങ്ങളെയാണ് ആശ്രയിച്ചുപോരുന്നത്. പുരാതന ജ്യോതിശാസ്ത്രജ്ഞർ ആകാശത്തു പതിച്ചു വച്ച ഗോളങ്ങളാണ് നക്ഷത്രങ്ങൾ എന്ന് കരുതി പോന്നിരുന്നു. അവയ്ക്ക് ആദിയും അന്ത്യവും ഇല്ല. ആദിയും അന്തവുമില്ലാത്ത ദിശാസൂചികകളാകാവുന്ന കവിതത്തുണ്ടുകളാണ് നുജൂം എന്ന പുസ്തകത്തിലെ ഏറിയ കവിതകളും.
റഫീക്ക് എഴുതുന്നു :
‘ചില ചെടികളുണ്ട്
മുകളിലേക്ക്
വേര് വളര്‍ന്ന്
താഴേക്ക്
തൂങ്ങികിടക്കുന്നവര്‍
സംശയമുണ്ടെങ്കില്‍
നക്ഷത്രങ്ങള്‍
പൂത്ത് കിടക്കുന്നത്
നോക്കൂ…’
ആമുഖത്തില്‍ കവി റഫീക്ക് അഹമ്മദ് പറയുന്നുണ്ട്: ഒരു നല്ല ശില്പി ശില്പം കൊത്തിയുണ്ടാക്കുകയല്ല. കല്ലിലെ അല്ലെങ്കില്‍ മരത്തടിയിലെ ശില്പമല്ലാത്ത ഭാഗങ്ങള്‍ കൊത്തിക്കളയുകയാണ് ചെയ്യുന്നത് എന്ന് പറയാറുണ്ട്. റഫീക്ക് ബദരിയയുടെ കവിതകളിലൂടെ സഞ്ചരിച്ചപ്പോള്‍ ആദ്യം തോന്നിയത് ഇതാണ്. കവിതയില്‍ നിന്ന് കവിതയെല്ലാത്ത ഭാഗങ്ങള്‍ ചെത്തിക്കളഞ്ഞ് കവിതയുടെ കാതല്‍ മുന്നിലെടുത്തുവെയ്ക്കുകയാണ് കവി.
ചെറിയ കവിതകള്‍ എഴുതുക എന്നത് ഒരു ചെറിയ കാര്യമല്ല. ഇത്തിരി വരികളേ ഉണ്ടാവൂ എന്നുള്ളത് ഒരിക്കലുമൊരു സൗകര്യമല്ല. അവ മുഴുവനായും കവിതയായി ഇരിക്കേണ്ടതുണ്ട് എന്ന ചുമതല വലുതാണ്.
‘അയാള്‍
എപ്പോഴും പാലങ്ങള്‍
വരച്ചു കൊണ്ടേയിരുന്നു.
പല തരത്തിലുള്ള
നിറത്തിലുള്ള പാലങ്ങള്‍,
മഴ പെയ്ത് കുതിര്‍ന്ന
ഒരു പകലില്‍
വഴിവക്കിലിരുന്നു
വരയ്ക്കുന്ന അയാളോട്
ഞാന്‍ ചോദിച്ചു.
നിങ്ങളെപ്പോഴും
പാലങ്ങളെ മാത്രം
വരയ്ക്കുന്നതെന്തിനാണ്?
അയാള്‍ വരയില്‍ നിന്ന്
തലയുയര്‍ത്താതെ പറഞ്ഞു:
അവളുടെ വീട്
പുഴയുടെ അക്കരെയാണ്.’
ഒരു ചെറിയ കവിത മിന്നല്‍പ്പിണരായി വായനക്കാരനെ ഞെട്ടിക്കുന്ന എഴുത്ത്.
അവസാനത്ത വരിയിലൂടെ വായനക്കരനെ പാലത്തിനക്കരേയ്ക്ക് കൊണ്ടുപോകാന്‍ എഴുത്തുകാരന് സാധിക്കുന്നു.
‘മരം പിണങ്ങും പോലെ
പിണങ്ങരുത്,
ഇലകളൊന്നും മിണ്ടാന്‍
കാറ്റ് എന്തൊക്കെ
ചെയ്യണം’
കവിതയിലിങ്ങനെയൊക്കെയാണ് റഫീക്ക് നമ്മോട് സംവദിക്കുന്നത്.
അന്തര്‍മുഖനായ ഈ എഴുത്തുകാരനെ സൗഹൃദങ്ങളുടെ പ്രേരണയാലാണ് ഒരു പുസ്തകരൂപത്തിലേക്ക് തുന്നിച്ചേര്‍ത്തിരിക്കുന്നത്.
‘ചിലര്‍
നമ്മില്‍….
അടയാളപ്പെടുത്തുന്നത്
മിഴിയനക്കം കൊണ്ടാണ് സംശയമുണ്ടെങ്കില്‍
താളുകള്‍ പുറകിലേക്ക്
മറിച്ചു നോക്ക്
മിഴിനക്കങ്ങളുടെ
എത്ര കടലിരമ്പങ്ങളാണ്….’
റഫീക്കിന്റെ കവിതാ പുസ്തകത്തിന്റെ താളുകള്‍ മറിക്കുമ്പോള്‍ ചെറിയ ചെറിയ തിരകളുടെ വലിയ ഇരമ്പങ്ങള്‍ മനസ്സിലലയടിക്കും.
‘എന്റെ വീട്ടിലെ
പിടക്കോഴിയുടെ പിരടയില്‍
ചാടിക്കയറിയ പൂവനെ കല്ലെടുത്തെറിഞ്ഞാണ്
ആദ്യമായ് ഞാനൊരു
സദാചാര വാദിയായത്.
രക്ഷപ്പെട്ട പിടക്കോഴി
കൊക്കി വിളിച്ചുപോയത്
നന്ദിയാണെന്ന് കരുതിയ എന്നെ
കാലമാണ് പഠിപ്പിച്ചത്
അതൊരു മുട്ടന്‍ തെറിയായിരുന്നെന്ന്.’
പ്രകൃതി തരുന്ന കാഴ്ചയും സദാചാര ബോധത്തിന്റെ തിരച്ചറിവും മനനം ചെയ്തെടുക്കുമ്പോഴേക്കും കാലം കടന്നുപോകുന്നത് കവി ഓര്‍പ്പെടുത്തുന്നു.
‘അത്ര
മുറിഞ്ഞൊഴുകാതെ
ഒരു കവിത
വരില്ല.’
കൊച്ചു കവിതയാണെങ്കിലും മുറിഞ്ഞൊഴുകുന്നത് തന്നെയാണ് റഫീക്കിന് ഓരോ എഴുത്തും
വരുംകാലം ഇനിയും മികവുറ്റ കവിതകള്‍ ഈ കവിയില്‍ നിന്നും വാനക്കാരന് പ്രതീക്ഷിക്കാമെന്ന് നുജൂം വായിച്ചുകഴിയുന്ന വായനക്കാരന്‍ നിസ്സംശയം രേഖപ്പെടുത്തും.
തൃശൂര്‍ ജിലയിലെ പാവര്‍ട്ടി സ്വദേശിയായ റഫീക്ക് ഇപ്പോള്‍ ഖത്തറില്‍ ജോലി നോക്കുന്നു. പാപ്പാത്തി പുസ്തകങ്ങള്‍ എന്ന പ്രസാധാകരാണ് നുജൂം പുറത്തിറക്കിയത്.