രതീഷ് രാമചന്ദ്രൻ
“തെറ്റി പോകുന്ന മഴക്കാറിനു പിന്നാലെ എന്നോട് മുണ്ടോ..
മുണ്ടോ….. എന്നോട് മുണ്ടോ..
എന്നു മണ്ടി വെച്ചൂത്തി വീണു.
ഞാനാ.. ഞാനാ… ഞാനല്ലല്ലോ എന്ന് തൊണ്ടപൊട്ടി കരഞ്ഞു”
കവിയെ ഓർക്കുന്നില്ല. കേട്ടതാണ്. ഒരുപാട് വട്ടം. കോളേജ് ജീവിതത്തിന്റെ ഒടുവിലത്തെ ദിവസങ്ങളിലാണ് അനീബിലൂടെ ഞാൻ ഇത് കേൾക്കുന്നത്. എല്ലാവരും പൊയ്‌പ്പോയ വൈകുന്നേരത്തിനു ശേഷം നമ്മളിരുന്ന് പറഞ്ഞ, ചിരിച്ച അൽപ്പം ചെറിയ കാര്യങ്ങളിൽ വലിയൊരു രസം ഈ വരികള്ളിലുണ്ടായിരുന്നു. വരികളിൽ മഴ നീറ്റലാണ്. കുട്ടിയുടെ സങ്കടവേദനയാണ് കവിത.
പലപ്പോഴും ആലോചിക്കും ഇങ്ങനെ ധൃതിയിൽ ഓടി പോകുന്ന മഴക്കാറുകൾ സൂഫികളെ പോലെയാണെന്ന്. അവർക്ക് ഇരുത്തം ഇല്ല. സദാ നീങ്ങി കൊണ്ടിരിക്കുക. കാറുകൾ പെയ്യുമ്പോൾ പോലും നോക്കിയിട്ടുണ്ടോ വലിയൊരു ഓടി പോക്കലാണത്. ഒരു കുട്ടിയുടെ അത്രയും രസകരവും സങ്കടകരവുമായ ഒരു വിചാരമാണ് ഈ ജൂൺഡയറി. കാത്ത് നിന്ന്, കാത്തിരുന്ന്, ആകാശത്തേക്കു പലവട്ടം എത്തിനോക്കി ‘മ്മ… നോക്കീം.. ഇപ്പോ പെയ്യുട്ടോ’ എന്ന ഒറ്റ പറച്ചിലിൽ തന്നെ നനഞ്ഞു തുടങ്ങുന്ന മനുഷ്യരാണ് നമ്മളൊക്കെ. ഇവിടംപെയ്യാതെ പോകുന്ന മഴക്കാറിനു തന്നോട് എന്തോ പരിഭവം ഉണ്ടെന്നു സ്വയം വിചാരിക്കുന്ന കുട്ടി. പോകുന്ന മഴകാറിനു പിന്നാലെ ഓടി വീണു, എന്നോട് മുണ്ടോ മുണ്ടോ ഞാനല്ലലോ എന്ന തൊണ്ടപൊട്ടിയലരുന്ന കുട്ടി. ഒരു പെയ്ത്ത് അനിവാര്യമാണ്. ഇവിടെ മഴക്ക് ബദൽ പെയ്തത് കുട്ടിയാണ്. സത്യാവസ്ഥ, നിഷ്കളങ്കതയിലെപ്പോഴും ആർകെങ്കിലുമൊരാൾക്ക് പെയ്തേ മതിയാകു.
കാറോ, കരച്ചിലോ?
കാണലും കൊള്ളലും,
മഴ കാണൽ ആണോ കൊള്ളൽ ആണോ ആദ്യം സംഭവിക്കുന്നത് എന്നത് അതിഭീകര ചോദ്യമാണ്. അറിയില്ല! വളരെ വിശാലമായി കാണുമ്പോഴെല്ലാം കൊള്ളുന്നുണ്ട് കൊള്ളുമ്പോൾ എല്ലാം കാണുന്നുണ്ട്. എന്ന് പറഞ്ഞു വെക്കാം. കാണൽ, നാം മഴ കണ്ടവരാണോ? ചെറിയ ചോദ്യമാണത്.
‘മഴ കാണുകയാണോ/ മഴയെ കാണുകയാണോ നാം ചെയ്തത് ?
അറിയില്ല! ചില നേരങ്ങളിൽ മഴയെ പോലും ആട്ടി നിർത്തി നാം മഴക്ക് അപ്പുറത്തെ പൂവിനെയാണ് കണ്ടത്. മരത്തെയാണ് കണ്ടത്. ഏറ്റവും പ്രിയപ്പെട്ട മനുഷ്യരെയാണ് കണ്ടത്. ഉദാസീനതയിൽ നമുക്കെങ്ങനെ മഴ കാണാനാകും. മഴ പെയ്യുന്നതും നാം കാണുന്നതും രണ്ടും രണ്ടു തന്നെയാണ്. ഇറയത്തു നിന്നും മഴയെ തൊട്ടു നോക്കുക. മഴത്തുളളിയെ അമർത്തി പിടിക്കുക, അതിലൊരു സുതാര്യമായ പ്രേമത്തിന്റെ കയം ഒളിഞ്ഞുകിടപ്പുണ്ട്.
ജൂലായ്‌ലൊരു ബസ് സ്റ്റോപ്പില്ലിരുന്ന്, ഇരുട്ടി പെയ്യുന്ന മഴക്ക് മുമ്പിൽ തണുത്തിരിന്ന് വിറയ്ക്കുന്ന എന്റെ മുന്നിലേക്കാണ് അയാൾ അന്ന് കുഴഞ്ഞു വീഴുന്നത്. നിറഞ്ഞ മഴയിലേക്ക് വിരലുകൾ അടുപ്പിക്കുന്നത്. ചുണ്ട് കൊണ്ട് നനഞ്ഞു വിറക്കുന്നത്. മഴ അയാളെ വലിച്ചിട്ടതാണോ അയാൾ മഴയിലേക്കുള്ള ദൂരം അളന്നു എത്തിനോക്കിയതാണോ?അറിയില്ല! അന്ന് കണ്ടവരെല്ല്ലാം നനഞ്ഞിരുന്നു. തുള്ളി വെള്ളം തട്ടാതെ പോലും. കാണൽ വെറും കാണൽ മാത്രമല്ല, അത് വലിയൊരു സങ്കടമൊ സന്തോഷമോ ആണ്.
മഴ പെയ്യുമ്പോൾ മരണം മണക്കുന്ന എത്ര പേരുണ്ട്. പേടിച്ചു അകം തേടുന്ന എത്ര പേരുണ്ട്. ചില മരണങ്ങൾ മനുഷ്യരും മഴയും ഒരുമിച്ച് ചേർന്നുണ്ടാകുന്ന പുഴയാണ്.
മഴ പെയ്യുമ്പോൾ കൈ ചേർത്ത് നടന്നതും.. മഴയിറങ്ങിയ കവിളത്തു നുണ പറഞ്ഞതും തോള് ചേരാതെ തൊടാതെ നടന്നതും.. എല്ലാം ഓർമ തന്നെ . മഴയത് സംഭവിച്ചത്..
ഒറ്റ നിമിഷം നോക്ക്… മഴ മഴയാണെന്ന് ആരാണ് ആദ്യം പറഞ്ഞു തന്നത്?
ഒരാളും ഒരാളും,
ഒരു കൂട്ടം ഒരാളെ കാണുന്നത് പോലെയല്ല, ഒരാൾ ഒരു കൂട്ടത്തെ കാണുന്നത് പോലെയല്ല, ഒരാളും ഒരാളും തമ്മിലുള്ള കണ്ടുമുട്ടൽ. ഒരാളും ഒരാളും കാണുക, വളരെ രസകരമാണ്, വളരെ നിഗൂഢമാണ്.
നാളെ ബസ് സ്റ്റോപ്പിൽ കാണാം. നാളെ അവിടെ വെച്ച് തന്നെ കാണാം. വൈകീട്ട് ക്യാമ്പസിൽ കാണാം.
പലതരം കാണൽ പ്രോമിസുകൾ.
ഇഷ്ടമുള്ളവരോട് ഉള്ളാൽ ഏറ്റവും സ്നേഹത്തോടെ “നാളെ മഴയത്ത് കാണാം ” എന്ന പ്രേമവും എനിക്ക് ഏറെ പ്രിയമുള്ളതാണ്.
ആ നേരം മുതൽ അവർക്കിടയിൽ പെയ്യുന്നുണ്ട്. അവരാകെ നനയുന്നുണ്ട്. പക്ഷെ അവരൊന്നും പറയുന്നില്ല. മഴയത്ത് നമ്മളെന്തു പറയാനാണ്?
ആദ്യം കാണുന്ന കടയിൽ നിർത്തുക.
രണ്ടു കട്ടൻ പറയുക ഒന്ന് മധുരം കൂട്ടി. ഒന്ന് പ്രേമം നിറച്ച്.
നനഞ്ഞു കൊണ്ടിരിക്കുക.
വസ്ത്രങ്ങൾക്കകത്ത് മഴ കെട്ടി കിടന്ന് ഉള്ളു തണുക്കുമ്പോൾ ആരും കാണാതെ ചിരിക്കുക .. “എന്തെ? ” എന്ന ചോദ്യത്തിന് വീണ്ടും ചിരിക്കുക. മഴയെക്കാൾ വലിയ പരിസരം വേറെയില്ല. നനഞ്ഞു വന്നവരൊക്കെ നനഞ്ഞു തന്നെ പോകട്ടെ..