ന്യൂഡൽഹി: ലിംഗ സമത്വത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ആഗോള സൂചികയിൽ ഇന്ത്യക്ക് 95-ആം സ്ഥാനം. 129 രാജ്യങ്ങളുള്ള പട്ടികയിൽ ഡെന്മാർക്കാണ് ഒന്നാമതെത്തിയത്. ആഫ്രിക്കൻ രാജ്യമായ ചാഡ് 129 -ആം സ്ഥാനത്തെത്തി. ഇന്ത്യയുടെ അയൽ രാജ്യങ്ങളായ പാക്കിസ്ഥാൻ 113 -ആം, ബംഗ്ലാദേശ് 102 -ഉം സ്ഥാനത്താണുള്ളത്. നേപ്പാൾ 110 -ഉം ചൈന 74-മാണ് പട്ടികയിൽ സ്ഥാനം. രാജ്യത്ത‌് ബാധിക്കുന്ന ദാരിദ്ര്യം, ആരോഗ്യം, വിദ്യാഭ്യാസം, സാക്ഷരത, രാഷ്ട്രീയത്തിലെ പ്രാതിനിധ്യം, തൊഴിലിടങ്ങളിലെ സമത്വം എന്നിവയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്.
ലണ്ടൻ കേന്ദ്രമായിട്ടുള്ള ഈക്വൽ മെഷേഴ്സ് 2030, ആഫ്രിക്കൻ വിമൺസ് ഡെവലപ്മെന്റ് ആൻഡ് കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്ക്, ഏഷ്യൻ- പസഫിക് റിസോഴ്സ് ആൻഡ് റീസെർച്ച് സെന്റർ ഫോർ വിമൺ, ബിൽ ആൻഡ് മെലിൻഡാ ഗേറ്റ്സ് ഫൌണ്ടേഷൻ, ഇൻറർനാഷണൽ വിമൺസ് ഹെൽത്ത് കൊളിഷൻ എന്നീ സംഘടനകൾ ചേർന്നാണ് പട്ടിക തയ്യാറാക്കിയത്. ആദ്യമായാണ് 129 രാജ്യങ്ങളിൽനിന്നുമായി സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട 51 -ൽ പ്പരം ഘടകങ്ങളുടെ അടിസ്ഥാനത്തിൽ പഠനം നടത്തി പട്ടിക തയ്യാറാക്കുന്നത്.
95-ആം സ്ഥാനത്തുള്ള ഇന്ത്യക്ക് ആകെ ലഭിച്ചത‌് 100-ൽ 56.2 പോയിന്റു മാത്രമാണ‌്. ആരോഗ്യം, പട്ടിണി, പോഷകാഹാരം, ഊർജ്ജം എന്നീ രംഗത്തു മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്താൻ ഇന്ത്യക്ക് കഴിഞ്ഞത്. കൂടാതെ ദേശീയ പാർലമെന്റുകളിലെ സ്ത്രീ പ്രാതിനിധ്യം, ദേശീയ ബജറ്റിലെ ലിംഗം, വയസ്സ്, വരുമാനം എന്നിവയിലെ സമത്വം, അതോടൊപ്പം രാജ്യത്തെ സുപ്രീം കോടതിയിലെ സ്ത്രീ പ്രാതിനിധ്യം എന്നീ കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ഇന്ത്യയുടെ സ്ഥാനം നിശ്ചയിച്ചത്.