വേനലെഴുതുന്ന നഗരങ്ങള്‍

0
270

ബിനീഷ് പുതുപ്പണം

ഹിന്നൂ, തിരക്കുകൂടിയ, തുണിക്കച്ചവടക്കാരും പലഹാരക്കടകളും നിറഞ്ഞ തെരുവിലൂടെ ഇളം വെയിലില്‍, വേനലിന്റെ വിരല്‍പ്പാടുകള്‍ തേടി ഒന്നും മിണ്ടാതെ നമ്മള്‍ നടന്നു. പീപ്പിയും പന്തും വില്പനയ്ക്ക് വെച്ചിരിക്കുന്നതു കണ്ട് നമ്മുടെ കുട്ടിക്കാലം ചിരിച്ചു. നോക്കൂ., റോഡിനടുത്ത് ആരുടേതാണ് ഈ കൂറ്റന്‍ സിമന്റു പ്രതിമ?

മരിച്ചവരെല്ലാം പ്രതിമകളായി പുനര്‍ജനിക്കുമോ? ചോരകൊണ്ട് കടല്‍ വരച്ചവര്‍, വെടിയേറ്റു മരിച്ചവര്‍, ജീവിതത്തിന്റെ പെരുമഴയില്‍ ഒലിച്ചു പോയവര്‍….. ഹിന്നൂ, ഇതില്‍ ആരൊക്കെ പ്രതിമകളായി ഉയര്‍ത്തെഴുന്നേറ്റിട്ടുണ്ട്? ഇനി ആരൊക്കെ പ്രതിമകളാവും? ഏതൊക്കെ അപ്രത്യക്ഷമാകും?

‘ഗുഡ് ബൈ ലെനിന്‍’ എന്ന സിനിമ ഓര്‍ക്കുന്നോ നീ… ഗുഡ്‌ബൈ പറഞ്ഞില്ലല്ലോ എന്ന് നമ്മളാശ്വസിച്ച ദിവസം…

ഹിന്നൂ,

എത്രയെത്ര വാഹനങ്ങളാണ് വേഗതയാല്‍ നിറഞ്ഞൊഴുകുന്നത്. ഇവരൊക്കെ എങ്ങോട്ടാണ്.? ജീവിതത്തിലിന്നേവരെ ഒരു ഭാഗ്യവും കൈവരാത്ത ലോട്ടറി വില്പനക്കാരനെ ഈ വാഹനങ്ങള്‍ കാണുന്നുണ്ടോ? റോഡിലേക്ക് തെന്നി വീഴുന്ന പോക്കുവെയിലിന്റെ ഇളം ചുവപ്പ് നഗരം കാണുന്നുണ്ടോ? ഒറ്റപ്പെട്ടു പോയ ഒരുറുമ്പിന്റെ പകച്ചു നില്‍പ്പ് ഫുട്പാത്തിലിരുന്ന് ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ? നമ്മളെന്തിനാണ് വേണ്ടാത്തതൊക്കെ കണ്ടു നടക്കുന്നത്.. ഭ്രാന്തോ? മണിമുഴക്കത്തെ, വാങ്കുവിളിയെ,ശംഖുനാദത്തെ മൗനത്താല്‍ കേട്ടു നിന്നത് ഓര്‍ക്കുന്നോ? എല്ലാത്തിനും ഒരേ സ്വരം. ഇപ്പോള്‍ മതം എന്നു കേള്‍ക്കുമ്പോള്‍ വംശമെന്നും ജാതിയെന്നും കുലമെന്നും കേള്‍ക്കുമ്പോള്‍ നമ്മുടെ ഉള്ളില്‍ മറ്റാര്‍ക്കും കാണാനാകാത്ത, മറ്റാര്‍ക്കുമറിയാനാകാത്ത ഒരു ചിരി വിടരുന്നുണ്ടോ.. മനുഷ്യനെന്ന പുഞ്ചിരി..

 

LEAVE A REPLY

Please enter your comment!
Please enter your name here