സാറാ ജെസിൻ വര്‍ഗീസ്
“ഉയരെ” കണ്ടിറങ്ങിയപ്പോൾ മുതൽ എന്നോട് തന്നെ കലഹത്തിലാണ്. പല്ലവിയെ എനിക്കറിയില്ലയെന്ന്. ഗോവിന്ദിനെ ഞാൻ കണ്ടിട്ടില്ലയെന്ന്. സ്വയം പറഞ്ഞും തർക്കിച്ചും ഏറ്റവുമസ്വസ്ഥമായ മണിക്കൂറുകളാണ്.
എനിക്ക് പല്ലവി കുറെ പാഠങ്ങളാണ്.
ആദ്യം തിരികെ നടക്കലിന്റെ!
സ്വന്തം സ്പേസിന് വേണ്ടി, എനിക്ക് ഞാൻ ആഗ്രഹിക്കുന്ന ഞാനായി ജീവിക്കണമെന്ന ഒറ്റ വാചകത്തിൽ തികച്ചും ഡോമിനേറ്റിങ്ങായ ഒരു ബന്ധത്തിൽ നിന്നും ഇറങ്ങി നടക്കുന്ന പല്ലവി നമ്മുടെ പെണ്കുട്ടുകൾ അനുകരിക്കേണ്ട ഒരുവളാണ്. എത്ര വർഷങ്ങളുടെ അതിന്റെ പഴക്കങ്ങളുടെ കണക്ക് പറഞ്ഞാലും അവനവന്റെ ആത്മാഭിമാനമാണ് വലുതെന്ന് എഴുതിക്കുറിക്കേണ്ട ഒന്നാണ്. ‘അവൻ തന്നെയാണോ മോളെ’യെന്ന അച്ഛന്റെ ചോദ്യത്തിന് അതെയെന്ന് ഉത്തരം പറയുമ്പോഴുണ്ടാകുന്ന കണ്ണിന്റെ തിളക്കമുണ്ട്. സ്വന്തം തീരുമാനത്തിന്റെ ഉറപ്പ്. അതേയുറപ്പ് അവനോട് ഗെറ്റ് ലോസ്റ്റ് പറയുമ്പോഴും കണ്ണുകളിലുണ്ട്. പല്ലവി, അവളൊരു ഉറച്ച പെണ്ണാണ്. ഉറച്ച തീരുമാനങ്ങൾ തന്നെയാണ് എന്നുമൊരു പെണ്ണിനഴക്.
അതിജീവിനത്തിന്റെ!
എന്നെപോലെ കൃത്യമായ ലക്ഷ്യങ്ങളില്ലാത്തവർക്ക് അതിജീവിനമൊരു കലയാണ്. ഒഴുകുന്ന വഴികളിലേക്ക് പച്ചപ്പ് പടർത്തിയാൽ മാത്രം മതി. എന്നാൽ കൃത്യമായ ലക്ഷ്യങ്ങളും അതിനോടുള്ള തീവ്രമായ ആഗ്രഹങ്ങളും മനസ്സിൽ സൂക്ഷിക്കുന്ന ഒരുവൾക്ക് അതിജീവനമൊരു യുദ്ധമാണ്. അവൾക്ക് ഒഴുകാനുള്ള വഴി അവൾ വെട്ടി തെളിക്കണം. പല്ലവി, നീയെന്തൊരു പെണ്ണാണ്. നിന്റെ വഴി നീ തന്നെ തെളിച്ച് പൊരുതി വിജയിച്ചവളാണ്.
നിലനിൽപ്പിന്റെ!
ഇനി ഞാനും തോറ്റ് കൊടുക്കില്ലയെന്ന് എന്റെ റൂൾബുക്കിൽ എഴുതിയിട്ടുണ്ടെന്ന് പറഞ്ഞവളാണ്. ഇനിയെന്റെ സന്തോഷത്തിന് വേണ്ടി ഞാനൊന്നും കോംപ്രൊമൈസ് ചെയ്യില്ലയെന്ന് തീരുമാനിച്ചു, സ്വപ്നങ്ങൾ പാതി വഴിയിലാക്കി തിരിച്ചു നടന്ന എന്നെ തന്നെയാണ് ഞാനവിടെ പല്ലവിയിൽ കണ്ടത്. അങ്ങനെ അവളുടെ ലൈഫിലെ റൂൾസ് തെറ്റിക്കാതെയിരിക്കാൻ അവളുടെ ഏറ്റവും വലിയ കംഫർട്ട് സോണിൽ നിന്നും ഇറങ്ങി നടന്നവളാണ്. അവളുടെ ഏറ്റവും വലിയ സ്വപ്നം തന്നെ വേണ്ടായെന്ന് വെക്കാൻ ധൈര്യം കാണിച്ചവളാണ്. ആത്മാഭിമാനമല്ലാതെ മറ്റെന്താണ് ഇതിനൊക്കെ കാരണം.
നാട്ടിലെ ഏറ്റവും വില്ലത്തിനായികയൊക്കെ നായകന്റെ ബലം പ്രയോഗിച്ചുള്ള ഒറ്റ ഉമ്മയിൽ കാമുകിയായി മാറുന്നത് കണ്ട് ശീലിച്ച നമ്മുടെ മുന്നിലേക്കാണ്, അവളുടെ ഏറ്റവും അടുത്ത സുഹൃത്തിന്റെ പ്രണയാഭ്യർത്ഥനയെ നമുക്ക് സൗഹൃദമായി തുടർന്നൂടെ ഇപ്പോഴെനിക്കതാണ് ആവശ്യമെന്ന് കണ്ണിൽ നോക്കി ചോദിക്കുന്ന നായികയെ അവതരിപ്പിക്കുന്നത്. ഏറ്റവും മോശം സാഹചര്യത്തിലും സഹായാമെന്നപോൽ വിളിക്കുന്ന മനുഷ്യനോട് നിങ്ങളാരാണ് എന്റെ ഭാവിയും കരിയറും തീരുമാനിക്കാനെന്ന് കയർക്കുന്നവളാണ്.
എത്ര മനോഹരമായി മകളെ മനസ്സിലാക്കിയ അച്ഛനാണ്. അത് മനസ്സിലാക്കാൻ ആശുപത്രിയിൽ അവളാദ്യം കണ്ണാടിയിൽ നോക്കുന്ന ഒറ്റ ഫ്രെയിം മതിയാകും. പകുതി അച്ഛനും പകുതി മകളുമായി ചേർന്ന് നിൽക്കുന്ന ഒറ്റ ഫ്രയിം.
ബുദ്ധിയുണ്ട്, കഴിവുണ്ട് ഇനി സൗന്ദര്യത്തെ അങ്ങനെ നിർവചിക്കാൻ പറഞ്ഞ വിശാലും മനസ്സിൽ പതിഞ്ഞൊരു കഥാപാത്രമാണ്. മനുഷ്യരിൽ നഷ്ടപ്പെട്ട എത്ര വലിയ വിശ്വാസമാണ് വിശാൽ നിങ്ങൾ തിരികെ കൊണ്ട് വന്നത്.
ഒരു പെണ്ണിനെ കൂടെ ഓർക്കാതെ വയ്യ. ഒരിറ്റ് സഹതാപം പോലും കണ്ണിൽ വരുത്താതെ, ഞാൻ ഇനി നിന്റെ കൂടെ മാത്രേ ക്യാമ്പ്‌സ് പ്ലേസ്മെന്റ് നോക്കുന്നുള്ളുവെന്ന് പറഞ്ഞ, ആശുപത്രിയിൽ തന്നെ പിന്നീട് ഇന്റീവ്യൂ പങ്കെടുക്കാൻ വേണ്ടി വരുന്ന മെഡിക്കൽ ഫിറ്റ്നെസ്സിന്റെ പേപ്പറുകൾ കൊണ്ട് വന്ന കൂട്ടുകാരിയൊരുവൾ.
മിലിയെ പോലെ..
ജൂണിനെ പോലെ..
ചേർന്ന് നിൽകാനൊരു പേര് കൂടി.
പല്ലവി!!
ചിലപ്പോഴൊക്കെ ഉയരെയെന്നാൽ തലയുയർത്തി നിന്ന് ചിരിക്കുക മാത്രമാണ്..