സുമൻ
ബന്ധുക്കൾക്കും നാട്ടുകാർക്കും എന്നോട് കുശുമ്പാണ്. കെട്ടിച്ചു വിട്ട വീട്ടിലെ സമ്പത്താണ് എല്ലാവരുടെയും കുശുമ്പിന് കാരണം. വലിയ വീട് കാറ് വേലക്കാരികൾ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത സൗകര്യങ്ങൾ. നാട്ടിൽ നിന്നും കല്യാണം കൂടാൻ വന്നവർ കണ്ണുത്തള്ളിയാണ് പോയത്. വെറുതെയങ്ങ് ഭാര്യയായ് ഇരുന്നാൽ മതി എന്നാണ് പറച്ചിൽ! പക്ഷെ അവരറിയുന്നുണ്ടോ, ഇവിടെ ഈ സമ്പന്നതയ്ക്ക് നടുവിൽ ഞാനെത്ര ദരിദ്രയാണെന്ന്! ഓരോ ദിവസവും ഞാനാ സത്യം ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ഒരാളുടെ അദ്ധ്വാനം വെറുതെയങ്ങ് വെട്ടി വിഴുങ്ങുന്നതിൽ ആത്മനിന്ദ തോന്നിയിരുന്നു. തോന്നിയതല്ല തോന്നിപ്പിച്ചതാണ്. വീട്ടുജോലിക്കാരിക്ക് ശമ്പളമുണ്ട്. ഭാര്യയായ എനിക്കതിനേക്കാൾ ചെറിയ പോസ്റ്ററാണെന്ന് തോന്നിയ ദിവസങ്ങൾ!
ആത്മനിന്ദ കൂടിയപ്പോൾ എല്ലുമുറിയെ പണിയെടുക്കാൻ തുടങ്ങി. വെറുതെ തിന്നരുതല്ലോ? ഞാനെന്റെ സങ്കടങ്ങൾ ആരോട് പറയാനാണ്?
“നിനക്ക് വെറുതെ തോന്നുന്നതാണ്…..” എല്ലാവരും കുറ്റപ്പെടുത്തി.
“അല്ല എനിക്ക് വെറുതെ തോന്നുന്നതല്ല”. ഞാനിടക്ക് പലതും കേൾക്കുന്നുണ്ട്. കണക്കുകൾ …..കൃത്യമായ കണക്കുകൾ.
ഒരിക്കൽ കുളിമുറിയിൽ കൂടുതൽ സമയം വെള്ളം തുറന്നിട്ടതിന് കണക്ക് കേട്ടിട്ടുണ്ട്.
” വെള്ളം ടാങ്കിൽ അടിച്ചു കേറ്റുന്ന മെങ്കിൽ കറണ്ട് വേണ്ടേ? കറണ്ടിന് കാശ് വേണ്ടേ? സത്യം പറയട്ടെ ഞാൻ കരയുകയായിരുന്നു. വാവിട്ട് കരയുകയായിരുന്നു. കരച്ചിൽ കേൾക്കാതിരിക്കാനാണ് വെള്ളം തുറന്നിട്ടത്.
കുറച്ചു നാൾ വീട്ടിൽ പോയ് നിൽക്കണമെന്ന് തോന്നി. വണ്ടിക്കാശിനും കൈ നീട്ടണം. അതുകൊണ്ട് പലപ്പോഴും ആഗ്രഹിച്ചുവെങ്കിലും മനപൂർവ്വം വേണ്ടെന്ന് വച്ചതാണ്. അപ്പോഴാണ് പ്രിയ കൂട്ടുകാരിയുടെ വിവാഹം വന്നത്. ഒരു സമ്മാനം വാങ്ങണം. കല്യാണത്തിന് പോകണം. ആവശ്യം പറഞ്ഞപ്പോൾ നാഥൻ കനിഞ്ഞില്ല. സമയമില്ല, തിരക്കാണ്. ഇവിടെ എനിക്ക് മാത്രം ധാരാളം സമയമുണ്ട്. ഈ നാലു ചുവരുകൾക്കുള്ളിൽ സമയം അണകെട്ടി നിർത്തിയിരിക്കുകയാണ്. ഞാനതിൽ നീന്തി തുടിക്കുകയാണ്. ഇപ്പോൾ നിലയില്ലാത്ത ആഴമാണ്. മുങ്ങിത്താണ് മരിക്കട്ടെ!
“എനിക്കെന്തെങ്കിലും ജോലിക്ക് പോകണം”
അപ്പോഴും നാഥൻ കനിഞ്ഞില്ല.
“നിനെക്കെന്തിന്റെ കുറവാണിവിടെ?” നാഥൻ കുറ്റപ്പെടുത്തി.
“ജോലിക്ക് പോകുന്നത് പണം ഉണ്ടാക്കാൻ മാത്രമാണോ?”
“പെണ്ണുങ്ങളുടെ പണം ഇവിടെ വേണ്ടാ?”
“അപ്പോൾ സത്രീധനം വാങ്ങിയതോ?” ചോദിക്കണമെന്നുണ്ടായിരുന്നു. നാഥാ നിനക്കെന്നോടുള്ള സ്നേഹം അൽപ്പം കുറയുന്നത് പോലും സഹിക്കാൻ കഴിയില്ല. അത് കൊണ്ട് ഞാൻ തർക്കിച്ചില്ല!
“നിങ്ങളെന്നെ അവഗണിക്കുകയാണ്. ഞാൻ നിങ്ങളുടെ മുന്നിൽ മലർക്കെ തുറന്ന് കിടക്കുകയാണ്. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഭോഗിക്കാം. ആജ്ഞാപിക്കാം
ഞാൻ അനുസരണയുള്ളവളാണ്. നാഥാ… എന്നോട് പൊറുക്കണമേ….. നിന്റെ കരുണയിലാണ് ഞാൻ ജീവിക്കുന്നത്. നിന്റെ സ്നേഹത്തിനാണ് ഞാൻ ദാഹിക്കുന്നത്”.
എല്ലാ പ്രാർത്ഥനകളും ഒന്നായി തീരുന്നു, മനുഷ്യനോടും ദൈവത്തോടും. എനിക്ക് കൂട്ടുകാരിയുടെ കല്യാണത്തിന് പോകണം. അവൾ വീണ്ടും ഫോൺ ചെയ്തിരുന്നു.
ഞാൻ പോകും. പോകണം. അതിന് വേണ്ടി ആരോടും കൈ നീട്ടില്ല.
വേലക്കാരിയോട് തഞ്ചത്തിൽ കാര്യം പറഞ്ഞു. ഒരു പഴയ വളയുണ്ട്. പണയം വയ്ക്കണം , കുറച്ചു കാശ് കിട്ടിയാൽ കയ്യിൽ വക്കാം. ആരോടും കണക്ക് വേണ്ടല്ലോ? അവൾ രഹസ്യമായ് പൈസ കൊണ്ടുവന്നു തന്നു.
നാഥാ… ഞാനാദ്യമായ് നിന്നിൽ നിന്നുമൊന്ന് ഒളിച്ച് വക്കുകയാണ്. നിന്നെ സഹായിക്കാനാണത്. നിന്നെ ശല്യപ്പെടുത്താതിരിക്കാനാണ്. അലമാരയിൽ ഞാൻ പണം ഒളിച്ചു വച്ചു. ആദ്യമായ് ഒരു ആത്മവിശ്വാസം കൈവന്നിരിക്കുന്നു. വെറുതെ ചെലവാക്കി കളയരുത്! ചെറിയൊരു സമ്മാനം വാങ്ങാനുള്ള കാശ് മാത്രം എടുത്തു, വണ്ടിക്കാശും!
ഒറ്റക്കായിരുന്നു പോയത്. ഭർത്താവ് വലിയ തിരക്കുള്ളയാളാണ്. വെറുതെ മേനി പറഞ്ഞ് അന്ന് രക്ഷപ്പെട്ടു. രണ്ടു ദിവസം വീട്ടിൽ നിന്നു. സത്യം പറയാലോ എന്തൊരാശ്വാസമായിരുന്നു. മൂന്നാം ദിവസം വിളി വന്നു.
നാഥാ ഞാൻ വരുന്നു. നിന്നിലേക്ക് ഞാൻ മടങ്ങി വരുന്നു.
വീണ്ടും ഞാൻ രണ്ട് തവണ വീട്ടിൽ പോയിരുന്നു. ആരോടും കൈ നീട്ടിയില്ല. അതിന്റെ ചെറിയൊരു അഹങ്കാരമുണ്ടായിരുന്നു.
“നിനക്കെവിടുന്നാണ് ഇത്രയും പൈസ?” ഭർത്താവ് എന്റെ കള്ളത്തരം കണ്ടു പിടിച്ചിരിക്കുന്നു. ഞാൻ പിടിക്കപ്പെട്ടിരിക്കുന്നു.
“പറയ്…”
എല്ലാവർക്കും ഒരേ സ്വരം.
പറയാനുള്ള ധൈര്യം വന്നില്ല.
“സ്ത്രീധനമായി കിട്ടിയ വള പണയം വച്ചതിൽ പരം ഒരപരാധം ഉണ്ടോ?”
തുറന്ന് പറഞ്ഞു. വിശ്വാസം വന്നില്ല
നീ ദുർന്നടത്തക്കാരിയാണ്!
പണയപ്പെടുത്തിയിരിക്കുന്നത് ബാക്കിയുള്ള അഭിമാനമാണ്.
“പണയം വച്ചതിന്റെ ചീട്ടെവിടെ?”
“മാനം വിൽക്കുന്നതിന് ചീട്ട് കാണില്ലല്ലോ?”
തെളിവുകൾ ഓരോന്നായ് എനിക്ക് നേരെ തിരിയുകയാണ്. വേലക്കാരിയുടെ പേര് വെറുതെ വലിച്ചിഴയ്ക്കരുതല്ലോ? പാവം അവളെന്നെ സഹായിച്ചതല്ലെ! ഒരു മാസമെങ്കിലും അഭിമാനത്തോടെ ജീവിക്കാൻ തുണച്ചതല്ലെ?
ഞാൻ കരഞ്ഞു. ഇപ്രാവശ്യം ഞാൻ വെള്ളം തുറന്ന് വിട്ടില്ല. കണക്കുകൾ ഇനിയും ഏറരുത്!
എന്റെ നേരെ പണയ ചീട്ടുമായ് നാഥൻ വന്നു. വേലക്കാരി കുറ്റസമ്മതം നടത്തിയിരിക്കുന്നു. തക്ക സമയത്താണ് അവൾ വന്നത്. പക്ഷെ അടുത്ത കുറ്റം ആരോപിക്കപ്പെട്ടു.
” നാട്ടുക്കാരെ കൊണ്ട് പറയിക്കരുത്! ഇവിടെ ആർക്കും പണയം വച്ച് ജീവിക്കേണ്ടി വന്നിട്ടില്ല. ഇനി ആവർത്തിക്കരുത്!”
ഞാൻ വിശുദ്ധയാക്കപ്പെട്ടിരിക്കുന്നു! അകത്തളത്തിൽ വേണ്ടു വോളം സമയം തളം കെട്ടികിടപ്പുണ്ട്. ഞാനതിൽ മുങ്ങി നിവർന്നു കൊണ്ടിരുന്നു. ഞാൻ വിശുദ്ധയാക്കപ്പെടട്ടെ.. പണയം വച്ച വള തിരിച്ചെടുത്തു തന്നു. പുതിയൊരു കടം കൂടി എന്റെ കണക്കു പുസ്തകത്തിൽ!