കോഴിക്കോട്: 18-ാമത് മലബാർ സുകുമാരൻ ഭാഗവതർ സ്മാരക പുരസ്കാരം നാടകരംഗത്തെ സമഗ്ര സംഭാവന വിലയിരുത്തി വിൽസൺ സാമുവലിന് സമ്മാനിക്കും. ചന്ദ്രശേഖരൻ തിക്കോടി, എം. നാരായണൻ, മനോജ് നാരായണൻ എന്നിവർ അംഗങ്ങളായ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ഏപ്രിൽ 29-ന് വൈകീട്ട് 5 മണിക്ക് ചേരുന്ന ഗുരുസ്മരണ സമാപന സമ്മേളന വേദിയിൽ പുരസ്കാര സമർപ്പണം നടത്തും. 15000/- രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. സംഗീത സംവിധാനം ഉൾപ്പെടെ അരനൂറ്റാണ്ടിലേറെ കാലത്തെ നാടക രംഗത്തെ സംഭാവനകൾ വിലയിരുത്തിയാണ് പുരസ്കാരം.
മലയാള നാടകവേദിയെ കെ. ടി. മുഹമ്മദിന്റെ നാടകങ്ങളിലൂടെ ലോക നാടകവേദിയുടെ ഉന്നത ശ്രേണിയിലേക്ക് ഉയർത്തിയ പ്രതിഭാധനരിൽ പ്രമുഖനാണ് വിൽസൺ സാമുവൽ. പരീക്ഷണ നാടകങ്ങൾ, ഗ്രാമീണ നാടകങ്ങൾ, പ്രൊഫഷണൽ നാടകവേദി തുടങ്ങി വിഭിന്നങ്ങളായ നാടക ശാഖകളിൽ അരങ്ങിലും അണിയറയിലും നിറഞ്ഞു നിന്ന സമർപ്പിത പ്രവർത്തനവും കാലികവും സാമൂഹ്യ സാംസ്കാരിക നവോത്ഥാനം ലക്ഷ്യം വെച്ചുള്ള ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളും ജൂറി പ്രത്യേകം പരാമർശിച്ചു. സമാപന സമ്മേളനത്തിൽ ബാലൻ കുനിയിൽ അനുസ്മരണ ഭാഷണം നടത്തും. ചന്ദ്രശേഖരൻ തിക്കോടി അവാർഡ് ജേതാവിനെ പരിചയപ്പെടുത്തും. തുടർന്ന് ഭരതനാട്യ കച്ചേരി അവതരിപ്പിക്കും.