പ്രവീൺ പി. സി.
ഒരൊറ്റ രാത്രിയിലാണ് നീയത്രമേൽ എന്റെയുള്ളിലേക്ക് പടർന്നിറങ്ങിയത്. ഒരു തുണ്ട് കടലാസ്സിൽ എന്നോ ഞാനെഴുതിച്ചേർത്ത മോഹവരികളൊന്നും നിന്നെകുറിച്ചായിരുന്നില്ല.
അടുത്തുണ്ടായിട്ടും കൂടെ ചേർന്നു നിന്നിട്ടും നിന്റെ ഗന്ധം, രൂപം, ശബ്ദം ഒന്നുപോലും ഞാനറിഞ്ഞില്ല !
നീയെനിക്ക് ആരുമില്ലായിരുന്നു. അവസാനമായി നീ യാത്ര പറഞ്ഞ് പോയതെന്നാണ് പോലും, എനിക്കോർമ്മയില്ല.
നീയും ഞാനും രണ്ടിടങ്ങളിലേക്ക് പടർന്നതിന് ശേഷമായിരിക്കും ഏകാന്തതയുടെ രാത്രികളിൽ എന്റെ സ്വപ്നത്തിൽ നീ വിടർന്നത്. ഓരോ ദിവസവും നിന്നെ മറക്കാൻ വേണ്ടിമാത്രം തിരിഞ്ഞും മറിഞ്ഞും കിടന്ന് അസ്വസ്ഥതയുട തല്പം മാത്രമായെനിക്കെന്റെ ഉറക്കം,
മെല്ലെ മെല്ലെ നീയെന്റെ കണ്ണുകൾക്കുള്ളിലേക്കിറങ്ങി. അന്ന് തൊട്ട് ഞാൻ കാണുന്നവർക്കെല്ലാം നിന്റെ മുഖമായിരുന്നു!
അഹങ്കാരത്തിന്റെ ചുളിവുകൾ വീണു എന്ന് ഞാൻ വിശ്വസിച്ച കനം പിടിച്ച മുഖം സൂക്ഷ്മതയിൽ എനിക്ക് നേർത്തതും മൃദുവും പിന്നീട് മനോഹരവുമായി. നിന്റെ പ്രാകൃതത്തെ അഹങ്കാരമാക്കിയതെന്റെ “ തെറ്റ്”. അല്ലെങ്കിലെന്തിനീ സങ്കല്പത്തിൽ നിന്നെ ഒരേ സമയം വെറുക്കുകയും അതിലിരട്ടി നീയെന്നേ പ്രണയം കൊണ്ടസ്വസ്ഥമാക്കുകയും ചെയ്യണം.
നീയെന്നത് സ്വപ്നത്തിന്റെ വിത്തുകളാണെനിക്ക്, രാത്രിയുടെ മൂർച്ചയിൽ എന്നിലേക്കിറങ്ങുകയും ഗാഢമായി ചുംബിക്കുകയും ചെയ്യുന്നു. വാക്കുകളുരിയാടാതെ നിന്റെ നേർത്ത ചുണ്ടുകൾ പാതി വിടർത്തി എന്റെ ചുണ്ടിലേക്ക് ചേർത്ത് വച്ചുകൊണ്ട് ശ്വാസോച്ഛാസം തമ്മിൽ തമ്മിൽ ആവാഹിച്ചെടുത്തും വിടർത്തിയിട്ട മുടിയിഴകളോടെ അർദ്ധനഗ്നയായ് എന്റെ നെഞ്ചിൽ തലചായ്ച്ചും രാവുകളെണ്ണിയതെന്തിന്..?
സ്വപ്നം കഴിഞ്ഞ് പോകാൻ നേരം നിന്റെ കണ്ണുകളാണ് ആദ്യം നിറഞ്ഞത് അതെന്നെ ശരിക്കും അദ്‌ഭുതപെടുത്തി!
സ്വയം വേദനിക്കാൻ വേണ്ടിമാത്രം എന്തിനാണ് നീയെന്റെ സ്വപ്നത്തിൽ എന്നെ മോഹിച്ചതും നിന്നെ മോഹിപ്പിക്കുന്നതും..?
അതിന് നിനക്ക് ഉത്തരം ഇല്ലായിരുന്നു. ഉഷ്ണരാവുകളിൽ ഞാൻ നുണഞ്ഞ നിന്റെ വിയർപ്പിന് ഉപ്പുകലർന്ന മധുരമാണ്. സ്വപ്നം ഉണർന്നെഴുനേറ്റ് രണ്ട് ലോകങ്ങളിലായി നമ്മൾ ജീവിച്ചൊടുങ്ങുമ്പോൾ. തുറന്നെഴുതാത്ത ഒരിഷ്ടത്തോടെ എന്നിൽ നീ ജീവിക്കുന്നു എന്റെ സ്വപനത്തിന്റെ അർത്ഥമറിയാത്ത അജ്ഞതയായ കാമുകി മാത്രമായി !
വാക്കുകൾ മൗനം വരിച്ച വേനലിൽ നിശബ്ദമായ കാലൊച്ചകൊണ്ട് എന്നിലേക്ക് പടർന്നു കയറാൻ നീ എന്നെങ്കിലും വരുമെന്ന മൂഢസ്വർഗ്ഗത്തിൽ ഞാൻ ഉണർന്നിരിപ്പുണ്ട്. സ്വപ്നത്തിന്റെ അതിരുകൾക്കപ്പുറം കൺപോളകൾ മെല്ലെ തുറന്നുകൊണ്ട്.
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
nidhinvn@athmaonline.in