കൊച്ചി സ്മാർട്ട് സിറ്റി ഉൾപ്പെടെയുള്ള മികച്ച പദ്ധതികളുമായി കെൽട്രോൺ സംസ്ഥാനത്തിന് പുറത്തേക്ക്

0
282
രാജ്യമൊട്ടാകെ ബിസിനസ്സ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി കെൽട്രോൺ ഇതര സംസ്ഥാനങ്ങളിൽ മികച്ച പദ്ധതികൾ നടപ്പിലാക്കാൻ തയ്യാറെടുക്കുന്നു. അരുണാചൽപ്രദേശ് നിയമസഭയിൽ ‘ഇ-വിധാൻ’ പദ്ധതിയിൽപ്പെട്ട ഓഫീസ് ആട്ടോമേഷൻ സംവിധാനം നടപ്പിലാക്കുന്നതിന് 20.10 കോടി രൂപയുടെ ഓർഡർ കെൽട്രോണിനു ലഭിച്ചു. നിയമസഭയിലുള്ള വീഡിയോ കോൺഫറൻസിംഗ്, ഗേറ്റ് പാസ്സ്, പേയ്‌മെന്റ് തുടങ്ങിയ ഓഫീസ് നടപടികൾ ഈ പദ്ധതിയിലൂടെ സുഗമമായി നടത്താനാകും.
ഗുജറാത്തിലെ അഹമ്മദാബാദ്, ഭാവ്‌നഗർ മുനിസിപ്പൽ കോർപറേഷനുകളിലെ 57 ജംഗ്ഷനുകളിൽ ട്രാഫിക്ക് സിഗ്‌നലുകൾ സ്ഥാപിച്ച്, പരിശോധിച്ച്, പരിപാലിക്കുന്നതിനും ഏഴ് വർഷത്തേക്ക് അറ്റകുറ്റപ്പണി നടത്തുന്നതിനും കെൽട്രോണിനു 15.87 കോടി രൂപയുടെ ഓർഡറും ലഭിച്ചിട്ടുണ്ട്. ട്രാഫിക്ക് സിഗ്‌നലുകൾ സ്ഥാപിച്ച്, പരിപാലിക്കുന്നതിന് അഹമ്മദാബാദിൽ നിന്നും 21 കോടി രൂപയുടെ മറ്റു രണ്ടു ഓർഡറുകൾ കൂടി കെൽട്രോൺ പ്രതീക്ഷിക്കുന്നുണ്ട്.
കൊച്ചി സ്മാർട്ട് സിറ്റി മിഷനിൽ നിന്നും കെൽട്രോണിനു 25 കോടി രൂപയുടെ ഓർഡർ ലഭിച്ചിട്ടുണ്ട്. കെൽട്രോൺ മികവു തെളിയിച്ചിട്ടുള്ള ഇന്റലിജന്റ് ട്രാഫിക്ക് മാനേജ്‌മെന്റ് സിസ്റ്റം സ്മാർട്ട് സിറ്റി മിഷന്റെ ഭാഗമായി കൊച്ചിയിലെ പ്രധാനപ്പെട്ട 35 ജംഗ്ഷനുകളിൽ സ്ഥാപിക്കുന്നതിനാണ് ഓർഡർ. ഏരിയ ട്രാഫിക്ക് കൺട്രോൾ, ക്യാമറ സംവിധാനം, റെഡ് ലൈറ്റ് ലംഘിക്കുന്നത് കണ്ടെത്താനുള്ള സംവിധാനം, വേരിയബിൾ മെസ്സേജ് സംവിധാനം, കൺട്രോൾ റൂം എന്നിവ ഉൾപ്പെടുന്ന ഇന്റലിജന്റ് ട്രാഫിക്ക് മാനേജ്‌മെന്റ് സിസ്റ്റം സ്ഥാപിച്ച് പരിപാലിക്കുന്നതിനും അഞ്ചു വർഷത്തേക്കുള്ള അതിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമാണ് ഓർഡർ. ഈ പദ്ധതിയുടെ  24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഏറണാകുളം നോർത്ത്  പോലീസ് സ്റ്റേഷനിലാണ് സ്ഥാപിക്കുന്നത്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബി.ഇ.എൽ, ആറോളം വിവിധ മൾട്ടി നാഷണൽ കമ്പനികൾ എന്നിവരുമായി ടെണ്ടറിൽ മത്സരിച്ചാണ് കൊച്ചി സ്മാർട്ട്  സിറ്റി മിഷന്റെ ഓർഡർ കെൽട്രോൺ സ്വന്തമാക്കിയത്. ഓർഡർ പ്രകാരം ഒരു വർഷത്തിനുള്ളിൽ കെൽട്രോൺ പദ്ധതി പൂർത്തീകരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here