സര്‍ക്കാരിന്റെ ആദ്യ 4K തീയറ്റര്‍; ‘ലെനിന്‍’ നാളെ പ്രവര്‍ത്തനമാരംഭിക്കും

0
196

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ആദ്യ 4K തീയറ്റര്‍ ‘ലെനിന്‍’ നാളെ പ്രവര്‍ത്തനമാരംഭിക്കും. തമ്പാനൂര്‍ ബസ് ടെര്‍മിനലിലാണ് ലോകോത്തര നിലവാരത്തിലുള്ള സിനിമാശാല ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്. അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ പേര് നല്‍കിയിരിക്കുന്ന തിയറ്ററിന്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.

തിരുവനന്തപുരം നഗരത്തിലെ കെഎസ്എഫ്ഡിസിയുടെ അഞ്ചാമത്തെ തീയറ്ററാണ് ലെനിന്‍ സിനിമാസ്. തമ്പാന്നൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന്റെ മൂന്നാം നിലയില്‍ ഒരുങ്ങുന്ന തിയറ്ററില്‍ 150 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണുള്ളത്.

കെഎസ്എഫ്ഡിസി ചെര്‍മാനായിരുന്ന ലെനിന്‍ രാജേന്ദ്രന്റെ സ്വപ്നപദ്ധതിയായിരുന്ന തീയറ്ററിന് അദ്ദേഹത്തിന്റെ പേരു നല്‍കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിക്കുകയായിരുന്നു. 4കെ ത്രീ ഡി ഡിജിറ്റല്‍ പ്രൊജക്ഷന്‍, ഡോള്‍ബി അറ്റ്‌മോസ് സൗണ്ട് സിസ്റ്റം, സോഫാ പുഷ് ബാക്ക് ഇരിപ്പിടങ്ങള്‍ തുടങ്ങി, മികച്ച സൗകര്യങ്ങളാണ് തീയറ്ററില്‍ സജ്ജീകരിച്ചിരിക്കുന്നത്.

സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച രണ്ട് കോടി രൂപ ചെലവഴിച്ച് നാല് മാസം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഒരു ദിവസം അഞ്ച് പ്രദര്‍ശനങ്ങളാണ് തീയറ്ററില്‍ ഉണ്ടാവുക. കേരള സര്‍ക്കാറിനു കീഴിലെ ആദ്യ 4കെ തീയറ്ററാണ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here