റിനീഷ് തിരുവള്ളൂർ
സ്നേഹമെന്ന സത്യത്തിന്റെ ദൃശ്യഭാഷ ഇരുണ്ട വെളിച്ചത്തിലിരുന്ന് അനുഭവിക്കുകയായിരുന്നു രണ്ടര മണിക്കൂർ.കോഴിക്കോട് കൈരളി തിയ്യറ്ററിൽ നിന്ന് പേരൻപ് കണ്ട് ശ്രുതിയുടെ കൈ മുറുകെ പിടിച്ചാണ് ഞാൻ എഴുനേറ്റത്. പിടിവിടാൻ കഴിയാത്ത അത്രമേൽ കനത്തൊരു സ്നേഹം എന്റെ മനസ്സിൽ പതിപ്പിച്ചൊരു സിനിമ. സിനിമയുടെ ടീം വർക്കിനെ കുറിച്ചൊന്നും ആലോചിക്കാൻ അപ്പോഴെനിക്കായില്ല, മമ്മൂട്ടിയെ കുറിച്ചും ഓർത്തില്ല.. ഞാൻ കണ്ടത് ഒരു സിനിമയാണെന്നതു പോലും മറന്നെന്ന് ചുരുക്കം (ഇതെല്ലാം സിനിമയെ കുറിച്ചുള്ള തള്ളലാണെന്ന് തോന്നരുത്).അത്രമേൽ ആഴത്തിൽ പതിഞ്ഞൊരു സിനിമ അടുത്ത കാലത്തൊന്നും ഞാൻ കണ്ടിട്ടില്ല.
‘സ്നേഹമാണഖിലസാരമൂഴിയിൽ
സ്നേഹസാരമിഹ സത്യമേകമാം’ –മഹാകവി കുമാരനാശാൻ
ഭൂമിയിൽ ഏറ്റവും വിലപ്പെട്ടത് സ്നേഹമാണ്, സ്നേഹത്തിന്റെ അന്തസത്ത സത്യം മാത്രമാണ്. ആശാന്റെ വരികളാണ് പിന്നെയും പിന്നെയും ഈ ചിത്രത്തെ കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ വരിക. കാലടി സംസ്കൃത സർവ്വകലാശാലയിൽ ഒരു സെമിനാർ ക്ലാസിൽ ആശാന്റെ കാവ്യങ്ങളിൽ പി. പവിത്രൻ മാഷ് ആവർത്തിച്ചു പറഞ്ഞതിൽ മനസ്സിൽ പതിഞ്ഞ വരികൾ ഓർമ്മയിൽ നിറഞ്ഞു.
തിരക്കഥയിൽ നിന്ന് തിരശ്ശീലയിലേക്കുള്ള ശാന്തമായ ഒഴുക്കിന്റെ പേരാണ് പേരൻപ്. ‘പ്രകൃതി ക്രൂരമാണ്’, ‘പ്രകൃതി സ്നേഹമാണ്’, ‘അത്ഭുതങ്ങൾ ഒളിപ്പിച്ചു വെച്ച പ്രകൃതി’, ‘പ്രകൃതിയെ നിർവ്വചിക്കാനാവില്ല’ എന്നിങ്ങനെയുള്ള അധ്യായങ്ങൾ ഓരോന്നും പ്രകൃതിയുടെയും മനുഷ്യ ഭാവങ്ങളുടെയും സവിശേഷമായ ബന്ധങ്ങളിലൂടെയും തലങ്ങളിലൂടെയാണ് ആവിഷ്ക്കരിക്കുന്നത്.
അമുദവന്റെയും (മമ്മൂട്ടി ) മകൾ പാപ്പയുടെയും (സാധന) ബന്ധത്തെ കുറിച്ച് ‘സൂര്യനും മഞ്ഞുകട്ടയും പോലെയാണ് ഞങ്ങൾ ജീവിച്ചത്’ എന്നാണ് പശ്ചാത്തലത്തിൽ പറയുന്നത്. സെറിബ്രൽ പാൾസി ബാധിച്ച ഒരു പെൺകുട്ടിയാണ് പാപ്പ. അതൊരു രോഗമല്ല ഒരവസ്ഥയാണ്. പെരു മാറ്റത്തിലും ചിന്തയിലും അവർ വ്യത്യസ്തരാണ്. എല്ലാ വികാരവും അവർക്കുമുണ്ട്. പാപ്പയുടെ ജൈവികമായ ലൈംഗിക തൃഷ്ണകളെ എത്ര സൂക്ഷമമായാണ് സംവിധായകൻ റാം ആവിഷ്ക്കരിച്ചിരിക്കുന്നത്. പ്രകൃതി സത്യമാണെങ്കിൽ സ്നേഹവും ലൈംഗീകതയുമെല്ലാം സത്യമാണെന്ന് ലളിതമായി ഈ സിനിമയിൽ പറയുന്നുണ്ട്.
ഭിന്നശേഷിക്കാരുടെ ലൈംഗിക അവകാശങ്ങളും പ്രശ്നങ്ങളും നമ്മുടെ സമൂഹം ഇനിയും ചർച്ച ചെയ്തിട്ടില്ല. ഈ സിനിമ അത്തരത്തിലുള്ള ഒരു പ്രശ്നത്തെ കൂടെ പ്രേക്ഷകരിലേക്ക് ചർച്ചയ്ക്കിടുന്നുണ്ട്. കൗമാരകാലത്ത് പ്രണയ/ ലൈംഗീക താൽപര്യങ്ങൾ ഉണരുന്നത് സ്വാഭാവികമാണ്. ലൈംഗീകമായ വളർച്ചയുണ്ടാകുന്നതോടെ ഭിന്നശേഷിക്കാരിലും ലൈംഗീക പ്രശ്നങ്ങൾ ഉണ്ടാവുന്നു. ഓട്ടിസമുള്ള / ഭിന്നശേഷിയുള്ളവരിലെ ലൈംഗീക തൃഷ്ണയെ അനുചിതമായി കാണുന്നവരുണ്ട്. അതൊരു പ്രശ്നമാണ്. മറ്റുള്ളവരെ പോലെ ലൈംഗീകമായ അവകാശങ്ങൾ ഉള്ളവരാണ് ഭിന്നശേഷി ക്കാർ. എന്നാൽ ഭിന്നശേഷിയുള്ള കുട്ടികളുടെ/ കൗമാരക്കാരുടെ രക്ഷിതാക്കൾ ചില തെറ്റായ ധാരണകൾ പുലർത്തുന്നുണ്ട്. ഈ ചിത്രത്തിൽ അമുദവനും ഈ പ്രശ്നം അലട്ടുന്നു. സംവിധായകൻ ഈയൊരു വിഷയത്തെ ഏറെ സൂക്ഷമതയോടെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ടി.വി മോണിറ്ററിൽ സിനിമാ നടനെ പ്രണയത്താൽ ഉമ്മവെയ്ക്കുന്ന, അടച്ചിട്ട മുറിയിൽ നിന്ന് ജാലകത്തിലൂടെ യുവാവിനെ വീക്ഷിക്കുന്നതുമെല്ലാം സംവിധായകന്റെ സമഗ്രമായ നിരീക്ഷണമാണ് കാണിക്കുന്നത്.
ആർത്തവം അശുദ്ധമല്ല / അയിത്തമല്ല എന്നുള്ള പുതിയ കാലത്ത് പ്രസക്തിയുള്ള സാമൂഹ്യ ഇടപെടലുകളെ ഓർമ്മിപ്പിക്കുന്ന ചില ഷോട്ടുകൾ ചിത്രത്തിലുണ്ട്. പാപ്പുവിന്റെ ആർത്തവ സമയവും അച്ഛൻ അമുദവൻ നൽകുന്ന കെയറുമെല്ലാം പ്രേക്ഷകരെ ഏറെ ചിന്തിപ്പിക്കുന്ന രംഗമാണ്.
അച്ഛന് മകളോടുള്ള നിസ്വാർത്ഥ സ്നേഹവുംഅടുപ്പവും പിരിമുറക്കത്തോടെ ഇമോഷണൽ ഡ്രമാറ്റിക് മികവോടെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തിൽ.
മമ്മൂട്ടി എന്ന നടന്റെ അഭിനയ സാധ്യതകളെ സമഗ്രമായി ഒരോ ഫ്രയിമിലും ഒപ്പിയെടുക്കാൻ സംവിധായകൻ റാമിന് കഴിഞ്ഞിട്ടുണ്ട്. നിസ്സഹായതയുടെ അറ്റത്ത് നിൽക്കുന്ന നിറഞ്ഞ സ്നേഹമുള്ള അച്ഛൻ, നോവുകൾ പറയാൻ ആരുമില്ലാത്ത ഒരാളായി ഭിന്നശേഷിയുള്ള മകൾക്കൊപ്പം ജീവിക്കുന്നു. നിറം കെട്ടുപോയ ജീവിതമെങ്ങനെയാണ് ഒരാൾ അഭിനയിച്ചു കാണിക്കുക ? മകളെ സന്തോഷിപ്പിക്കാൻ ഉള്ളിൽ കനം പോറുന്ന ദു:ഖം ഒളിപ്പിച്ചു വെച്ച് ചിരിക്കുന്നയാൾ. അമുദവൻ മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായി മാറുന്നത് അവിടെയാണ്. മകൾ പപ്പുവിനെ സന്തോഷിപ്പിക്കാൻ പാട്ടു പാടിയും, നൃത്തം ചെയ്യും പട്ടിക്കുട്ടിയായും മാറുന്ന ആറ് മിനുട്ട് നീളുന്ന ഷോട്ട് മതി മമ്മൂട്ടിയെന്ന അഭിനയ ചാതുര്യത്തെ മനസ്സിലാക്കാൻ. പാപ്പയും മീര എന്ന ട്രാൻസ്ജന്റർ, വിജയലക്ഷമി എന്ന വീട്ടു ജോലിക്കാരി കഥാപാത്രവുമെല്ലാം റാമിന്റെ കാസ്റ്റിങ്ങ് മികവ് കാണിക്കുന്നു.
പ്രതിഭകളുടെ ഒത്തുചേരലാണ് ഈ ചിത്രം. ഓരോ സീനിലും മൗലികമായ പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്ന യുവന്‍ ശങ്കര്‍ രാജയുടെ സംഗീതവും തിരക്കഥ ആവശ്യപ്പെടുന്ന മികച്ച ഷോട്ടുകളും ലൈറ്റിംങ്ങും തേനി ഈശ്വരിന്റെ ച്ഛായാഗ്രഹണത്തിൽ കാണാനാവും. പേരൻപ് എല്ലാവരും കാണാൻ പറയുന്നതിന് എനിക്കൊരു കാരണമുണ്ട്. ഈ ചിത്രം ആർദ്രമായ സ്നേഹമാണ് പറയുന്നത്. മനുഷ്യാവസ്ഥയുടെ മൂർത്തമായ ആവിഷ്ക്കാരമാണ്, ജീവിതമാണ്,
ലിംഗനീതിയുടെ രാഷ്ട്രീയമാണ്.
നിറഞ്ഞൊഴുകുന്ന സ്നേഹമാണീ സിനിമ. കറ കളഞ്ഞ സ്നേഹം മനുഷ്യന് സാദ്ധ്യമായിട്ടുള്ളതാണ്. സ്നേഹം എന്നുപറഞ്ഞാല്‍, അത് രണ്ടുപേര്‍ തമ്മിലുള്ള ഒരു ഇടപാടല്ല.അത് നമ്മുടെ തന്നെ ഉള്ളില്‍ സംഭവിക്കുന്ന ഒന്നാണ്. നമ്മുടെ അഹങ്കാരങ്ങൾ രണ്ടര മണിക്കൂർ സമയത്തേക്ക് തിയറ്ററിനു പുറത്ത് അഴിച്ചു വെച്ച് ഈ സിനിമ കാണുക.. മനസ്സ് നവീകരിക്കപ്പെടും കൂടുതൽ പ്രകാശമുള്ളതാവും ….