ഒരു കൈ താഴ്ത്തിയ ദൈവം

0
236

ഞങ്ങളുടെ മഞ്ഞും തണുപ്പും പോയൊളിച്ചിടം -2

മൈന ഉമൈബാൻ

വയനാട്ടിലെ ആദ്യകുടിയേറ്റക്കാരികള്‍ പറയുന്ന ഒരു കഥയുണ്ട്‌. 
കഞ്ഞിവെക്കാന്‍ എക്കാലത്തും മുക്കാല്‍കലം വെള്ളമേ വെക്കാറുള്ളു. എവിടെയും. ആ ഓര്‍മയില്‌ കുടിയേററത്തിന്റെ ആദ്യകാലത്ത്‌ വെളുപ്പിന്‌ എഴുന്നേറ്റ്‌ അടുപ്പില്‍ തീ പിടിപ്പിച്ച്‌ മുക്കാല്‍ കലം വെള്ളം വെച്ചാല്‍ അരിയിടാറാവുമ്പോഴേക്കും പാത്രം നിറഞ്ഞു കവിഞ്ഞ്‌ അടുപ്പു കെടാറുണ്ടായിരുന്നത്രേ!

ഇത്‌ പൊടിപ്പും തൊങ്ങലും ചേര്‍ത്തുണ്ടാക്കിയ കഥയാണെന്ന്‌ വിശ്വസിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ പച്ചയായ സത്യമാണെന്നവര്‍ ആണയിടും. വെള്ളം എന്നാല്‍ ഐസുകട്ടയായിരുന്നത്രേ!. എന്നാല്‍ ഇന്ന്‌ അടുപ്പു കത്തിച്ച്‌ വെളളം വെച്ചാല്‍ കുറയുകയല്ലാതെ ധനുമാസത്തില്‍ പോലും കൂടാറില്ലെന്നതാണ്‌ സത്യം.

അന്നൊക്കെ പറമ്പില്‍ ഒരുപാട്‌ ഓറഞ്ചു മരങ്ങളായിരുന്നു. അവയൊക്കെ കായ്‌ച്ച്‌ കുല കുത്തിക്കിടക്കും. പക്ഷികള്‍ കൊത്താന്‍ മരത്തില്‍ പറന്നിരുന്നാല്‍ മതി. മധുര നാരാങ്ങാമഴ ഉതിര്‍ന്നു വീഴാന്‍ തുടങ്ങും. പക്ഷികളെ ഓടിക്കാന്‍ വടിയുമായി കുട്ടികള്‍ അസ്ഥി കോച്ചുന്ന തണുപ്പിലും ആ മരത്തണലുകളിലിരുന്നു.

കേട്ടതൊക്കെ സത്യമാണോ എന്നു ചോദിച്ചാല്‍ അന്നു ജനിക്കാതെ പോയതിലും വയനാട്ടിലെത്തിപ്പെടാതിരുന്നതിലുമുള്ള പരാതി കേള്‍ക്കേണ്ടി വരും.

ആയിരം വട്ടം ഇതൊക്കെ സത്യമാണെന്ന്‌ ഉരുവിട്ടാലും വിശ്വസിക്കാന്‍ പ്രയാസം. കാപ്പിച്ചെടികള്‍ക്കിടയില്‍ കുറച്ചുയരത്തില്‍ നിന്ന മധുര നാരകത്തെ ചൂണ്ടി പഴയ കാലത്തിന്റെ അവശേഷിപ്പിനെ കാണിച്ചു തരുമ്പോള്‍….മെലിഞ്ഞുണങ്ങിയ കമ്പുകളും ചെറുനാരങ്ങ വലിപ്പത്തിലെ ഓറഞ്ചും മുരടിച്ച്‌ മുരടിച്ച്‌….

ഞങ്ങളുടെ അയല്‍വാസിയായ നാണപ്പന്‍ ചേട്ടന്‍ വര്‍ഷത്തിലൊരിക്കല്‍ തെക്കേ ഇന്ത്യയിലെ പല സ്ഥലങ്ങളിലേക്കും തീര്‍ത്ഥയാത്ര പുറപ്പെടും. തിരിച്ചെത്തിയാല്‍ ഓരോ നാട്ടിലേയും കൗതുകകരമായ കാഴ്‌ചകള്‍ ഞങ്ങളോട്‌ പങ്കുവെയ്‌ക്കും. കുറച്ചു മുതിര്‍ന്നപ്പോള്‍ കേട്ടു തുടങ്ങിയ സഞ്ചാര കഥകള്‍ ആ നാടിനപ്പുറം വിട്ടുപോകാത്ത ഞങ്ങള്‍ക്ക്‌ അനുഗ്രഹമായിരുന്നു.

അമ്പലങ്ങളേയും പ്രാര്‍ത്ഥനകളേയുമല്ല അദ്ദേഹം പരിചയപ്പെടുത്തിയത്‌. സഞ്ചാരത്തിനിടയില്‍ കണ്ട പ്രകൃതിയും കൃഷിയും ജനങ്ങളെയുമായിരുന്നു. വരണ്ടുണങ്ങിയ പാടങ്ങളും പൊടിക്കാറ്റും ചൂടും ഒരു മരത്തണല്‍ പോലുമില്ലാത്ത വിജന പ്രദേശങ്ങളുമൊക്കെ പരിചിതമായത്‌ ആ യാത്ര വിവരണങ്ങളിലൂടെയായിരുന്നു. അപ്പോഴൊക്കെ അദ്ദേഹം വളരെ കൗതുകത്തോടെ പറയാറുണ്ട്‌.

ദൈവം എല്ലാ ദേശങ്ങളേയും ഒരു കൈകൊണ്ടേ അനുഗ്രഹിച്ചിട്ടുള്ളു. എന്നാല്‍ കേരളത്തെ മാത്രം ഇരുകൈ കൊണ്ടുമാണനുഗ്രഹിച്ചതെന്ന്‌.

ചുറ്റും മലകള്‍ നിറഞ്ഞ ഗ്രാമത്തിലായിരുന്നതുകൊണ്ട്‌ ഉയരം കൂടിയ മുടിക്കു മുകളില്‍ നിന്ന്‌ ദൈവം രണ്ടുകൈ കൊണ്ടും തണല്‍ വിരിക്കുന്നതായി സങ്കല്‍പ്പിച്ചു.

കേരളത്തില്‍ എങ്ങു നോക്കിയാലും പച്ചപ്പ്‌. ആവശ്യത്തിന്‌ വെളളം. മഴയ്‌ക്ക്‌ മഴ. വേനലിന്‌ വേനല്‍…മിതോഷ്‌ണമായ കാലാവസ്ഥ. സഹ്യനപ്പുറം ഇതൊന്നുമല്ല സ്ഥിതി. അദ്ദേഹം ഓര്‍മപ്പെടുത്തും.

ഇന്നും ദൈവം ഇരു കൈയ്യുമുയര്‍ത്തി അനുഗ്രഹിച്ച നാടാണ്‌ കേരളമെന്ന്‌ അദ്ദേഹം പറയുമോ എന്തോ? സംശയമാണ്‌.

വേനലില്‍ മഴ. മഴ പെയ്യേണ്ട നേരത്ത്‌ വെയില്‍…
സങ്കല്‌പമാണ്‌ ..
എന്നാലും…
ഒരുകൈ താഴ്‌ത്തിയിട്ട ദൈവത്തെ ഇപ്പോള്‍ കാണുന്നു. മനുഷ്യന്റെ ചെയ്‌തികള്‍ തന്നെയാണ്‌ അതിനു കാരണം.

വീടിനു മുന്നിലെ ആറ്‌ ഒരുകാലത്ത്‌ വേനലിലും നിറഞ്ഞൊഴുകിയിരുന്നെന്ന്‌ പഴമക്കാര്‍ പറഞ്ഞറിയാം. അക്കാലത്ത്‌ പാലമില്ലായിരുന്നു. വെള്ളം കുറയുമ്പോള്‍ കല്ലുകളില്‍ ചവിട്ടി അക്കരയ്‌ക്ക്‌ പോകാനായിരുന്നത്‌ ഒന്നോ രണ്ടോ മാസമാണ്‌. പക്ഷേ എന്റെ ഓര്‍മയില്‍ തന്നെ ഡിസംബറോടെ വെള്ളം കുറയാറുണ്ട്‌. അപ്പോഴെ അക്കരയ്‌ക്കുള്ള യാത്ര ആറു കടന്നാണ്‌. പിന്നെ ഏപ്രില്‍-മെയ്‌ വരെ അങ്ങനെ പോകും.

വേനലിലും നിറഞ്ഞൊഴുകിയിരുന്ന ആറെങ്ങനെ ഇപ്പോള്‍ വൃശ്ചികത്തിലേ വറ്റി വരളുന്നു. നേര്യമംഗലം കാടിനോട്‌ ചേര്‍ന്നു കിടക്കുന്ന പ്രദേശത്ത്‌ വേനലിലും മുമ്പത്തേക്കാള്‍ നല്ല മഴ കിട്ടിയിട്ടും ആറു വരളുന്നു. ചെരിവുകളില്‍ താമസിക്കുന്ന ആളുകള്‍ വെള്ളത്തിനായി ആറ്റിറമ്പില്‍ കുത്തിയ ഓലിയിലേക്ക്‌ വരുന്നു. ഇവിടെയൊരു ആറൊഴുകിയിരുന്നു എന്നതിന്‌ തെളിവായി മുമ്പത്തെ ചില കയങ്ങള്‍ ചെളിക്കുഴികളായി മാറിയിട്ടുണ്ട്‌. ചിലയിടങ്ങളില്‍ കൈത്തോടിന്റെ വലിപ്പത്തില്‍ നീരൊഴുക്ക്‌. 
സ്‌കൂളവധികളില്‍ വീട്ടുകാരുടെ കണ്ണുവെട്ടിച്ചു വരുന്ന കുട്ടികള്‍ മാത്രമാണ്‌ ഇപ്പോള്‍ ചെളിക്കുഴിയിലിറങ്ങി നീന്താറ്‌. മണല്‍പ്പരപ്പില്‍ ഓലികുത്തി അതിലെ വെള്ളമെടുത്താണ്‌ ആളുകള്‍ കുളിക്കുന്നത്‌…

ഇത്രവേഗം വററി വരളുന്നതിന്‌ കാരണങ്ങളിലൊന്ന്‌ ചില കുന്നുകളില്‍ വളരുന്ന അക്കേഷ്യയും യൂക്കാലിപ്‌റ്റ്‌സുമാവാം. പക്ഷേ ആ മരങ്ങള്‍ നിറഞ്ഞ കുന്നുകള്‍ ഞങ്ങളുടെ കുട്ടിക്കാലത്തേയുണ്ട്‌.

കോളനി കിട്ടി വന്ന കുറച്ചാളുകളുണ്ടായിരുന്നിടത്ത്‌ ഇപ്പോള്‍ എത്ര ജനങ്ങളാണ്‌ ?
കാടുവെട്ടിത്തെളിക്കുമ്പോള്‍ അതു നമ്മുടെ ജലത്തെ എങ്ങനെ ബാധി്‌ക്കുമെന്നോ പരിസ്ഥിതിയേയും കാലാവസ്‌ഥയെയും ബാധിക്കുമെന്നോ ആരുമറിഞ്ഞില്ല. 
ഒരു മരം മുറിക്കുമ്പോള്‍ അതിലെന്തിരിക്കുന്നു എന്നല്ലാതെ മറ്റൊന്നും ചിന്തിച്ചിട്ടുണ്ടാവില്ല. കൃഷി ഭൂമിക്കു വേണ്ടി കാടും മരങ്ങളും വെട്ടിത്തെളിച്ചു. വിറകിനും വീട്ടുപകരണങ്ങള്‍ക്കും വേണ്ടി കാടിനെ ആശ്രയിച്ചു. ചിലര്‍ കളളത്തടി വെട്ടുകാരായി…കാട്‌ ശോഷിച്ചു ശോഷിച്ചു വന്നു.

അടുപ്പുകള്‍ കത്തിയെരിഞ്ഞു. റോഡുകള്‍ വന്നു. നിരവധി വാഹനങ്ങള്‍ പുകതുപ്പി കടന്നു പോകുന്നു.

ഞങ്ങളുടെ നാട്ടിലെ കാലാവസ്ഥ വ്യതിയാനത്തേക്കുറിച്ചു പറയുമ്പോള്‍ ലോകം മുഴവന്‍ ഈ മാറ്റം കൂടി വരികയാണെന്ന്‌ കാണണം. ഇടുക്കിക്കും വയനാടിനും വളരെക്കുറച്ചു കാലത്തെ മാത്രം ജനവാസ ചരിത്രമുള്ളതുകൊണ്ട്‌ താപ വര്‍ദ്ധനവും അതുമൂലമുള്ള മാറ്റവും വളരെ വേഗത്തില്‍ തിരിച്ചറിയാനാവുന്നു.
(തുടരും)

LEAVE A REPLY

Please enter your comment!
Please enter your name here