മലയാളി മനസ്സ് രോഗാതുരമാണോയെന്ന് സംശയം: എം മുകുന്ദന്‍

0
199

കണ്ണൂര്‍: മലയാളിയുടെ മനസ്സ് രോഗാതുരമാണോയെന്ന് സംശയിക്കുന്നതായി പ്രശസ്ത നോവലിസ്റ്റ് എം മുകുന്ദന്‍. ബര്‍ണശ്ശേരി ഇ കെ നായനാര്‍ അക്കാദമിയില്‍ കൈരളി ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയകാലത്ത് നമ്മുടെ കാലുഷ്യങ്ങള്‍ ഒഴുകിപ്പോയിരുന്നു. അന്ന് മലയാളിയുടെ മനസ്സ് ശുദ്ധീകരിക്കപ്പെട്ടു. എന്നാല്‍, ശബരിമല ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ മനസ്സ് വീണ്ടും രോഗാതുരമായോ എന്ന് സംശയിക്കുന്നു. സാഹിത്യോല്‍സവങ്ങളിലൂടെ കൂടുതല്‍ സംവാദങ്ങള്‍ ഉയര്‍ന്നുവരണം. സംവാദങ്ങളിലൂടെയാണ് സമൂഹം പുരോഗമിച്ചത്. എന്നാല്‍, കാലം പുരോഗമിച്ചിട്ടും വേണ്ടത്ര സംവാദങ്ങള്‍ ഉണ്ടാവുന്നില്ല. സംവാദങ്ങളുടെ ഒരു വാതിലും അടഞ്ഞുപോകരുത്. അത്തരം ശ്രമങ്ങള്‍ ഉണ്ടായാല്‍ ആ വാതിലുകള്‍ ഇടിച്ചുതുറക്കണം. തുറന്നുകിടക്കുന്ന വാതായനങ്ങളാണ് നമുക്ക് ആവശ്യം. സാഹിത്യോല്‍സവം ഉള്‍പ്പെടെയുള്ള വേദികള്‍ കൂടിവരുമ്പോഴും ഗൗരവവും പക്വതയുമുള്ള എഴുത്തുകാരുടെ എണ്ണം കുറഞ്ഞുവരികയാണ്. സാഹിത്യോല്‍സവങ്ങളില്‍ ഇംഗ്ലീഷ് എഴുത്തുകാര്‍ക്ക് പ്രാധാന്യം നല്‍കുന്ന പ്രവണത ഏറിവരികയാണ്. രാജ്യത്തിന് അകത്തുതന്നെ വിവിധ ഭാഷകളിലായി നിരവധി എഴുത്തുകാരുണ്ട്. എന്നാല്‍, അവര്‍ക്ക് വേണ്ടത്ര മാധ്യമശ്രദ്ധ ലഭിക്കുന്നില്ല. ഈ കാഴ്ചപ്പാട് മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here