സോമൻ പൂക്കാട്
അധികമായാൽ അമൃതും വിഷമാണ്. താരാരാധനയും ഒരു പരിധിവിട്ടാൽ പാരയാകും. മലയാള സിനിമയിൽ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല താരാരാധന. മികച്ച അഭിനേതാവായിരുന്ന സത്യൻ ഒരു ഭാഗത്ത് നിലയുറപ്പിച്ചിരുന്നെങ്കിലും പ്രേംനസീർ ആബാലവൃദ്ധം മലയാളികളുടെയും ആരാധന ബിംബമായി ഏറെ കാലം തുടരുകയുണ്ടായി. കാലം മാറുന്നതിനനുസരിച്ച് ഏറിയോ കുറഞ്ഞോ അളവിൽ ജയനും സോമനും സുകുമാരനും തൽസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടു. അവരൊന്നും ആരാധകരെ ചെല്ലും ചെലവും കൊടുത്ത് ഫാൻസുകളായി വളർത്തിയെടുത്തതായി അറിവില്ല. ജയന്റെ അകാല നിര്യാണം ചില ആരാധകരെ ഹതാശരാക്കിയെങ്കിലും അതൊന്നും പിന്നീട് ഉണ്ടാകാൻ പോകുന്നൊരു ഭൂകമ്പത്തിനുള്ള കോപ്പു കൂട്ടലായി ആരും കരുതിയിരിക്കില്ല. അപ്പോഴും നമ്മൾ തമിഴരുടെ താരാരാധന ഭ്രമത്തെ കളിയാക്കികൊണ്ടിരുന്നു. എന്നാൽ മമ്മൂട്ടിയും മോഹൻലാലും രംഗപ്രവേശം ചെയ്ത് സൂപ്പർസ്റ്റാറും മെഗാസ്റ്റാറുമായി വളർന്നതോടൊപ്പം സംജാതമായൊരു പ്രതിഭാസമാണ് ഈ ഫാൻസ് അസോസിയേഷനുകൾ. അതിന്ന് വളർന്ന് മറ്റു ചെറുകിട പാഴ്ചെടികളോടൊപ്പം ഇഴജന്തുക്കൾ വിഹരിക്കുന്ന വലിയൊരു കാടായി രൂപാന്തരപ്പെട്ടിരിക്കുന്നു. തമിഴരിപ്പോൾ നമ്മെ നോക്കിയാണ് ചിരിക്കുന്നത്.
ഒരു മെഗാസ്റ്റാറിന്റെ പടം റിലീസാകുന്ന ദിവസം കൊടി തോരണങ്ങൾ വിതാനിച്ചു താരത്തിന്റെ ഭീമാകാരമായ കട്ട് ഔട്ടറുകൾ ഉയർത്തി ശിങ്കാരിമേളം നടത്തി തിയറ്ററുകൾ ഉത്സവ പറമ്പാക്കുകയാണ്. തിയറ്ററിനകം വിസിലടികൾ കൊണ്ടും ആർപ്പു വിളികൾകൊണ്ടും പൊടിപൂരമാക്കുകയാണ്. സാധാരണ കാണികളാരെങ്കിലും അതിനിടയിൽ പെട്ടാൽ ഫാൻസുകാരുടെ കരകയാട്ടത്തിനിടയിൽ അവന്റെ സിനിമ വ്യാമോഹം പൊലിഞ്ഞുപോകും.
ഒരു നടന്റെ ആരാധകരെന്ന് കൊട്ടിഘോഷിച്ചു കട്ടൗട്ടറിൽ പാലഭിഷേകവും ശിങ്കാരിമേളവുമൊക്കെ നടത്തി റിലീസിംഗ് ദിവസം തിമർത്താടുന്ന ഫാൻസ്‌കാർ ആ നടൻറെ കലാമൂല്യമുള്ള നല്ല സിനിമകളെ പ്രോത്സാഹിപ്പിച്ച ചരിത്രമുണ്ടോ എന്ന് സംശയമാണ് ? അവർക്കെപ്പോഴും കൊമേഷ്യല്‍ ചേരുവകളിൽ മൂപ്പിച്ചെടുത്ത വിഭവ സമൃദ്ധമായ കാഴ്ചാനുഭവവും കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങളും പത്തുപേരെ ഒറ്റക്കിടിച്ചു നിരപ്പാക്കുന്ന അമാനുഷികമായ കഥാപാത്രങ്ങളായി തിരശീലയിൽ നിറയുന്ന താരത്തെയാണ് ആവശ്യം. എങ്കിലേ അവർക്ക് തൃപ്തിയാകൂ. ആറാം തമ്പുരാനായും പുലിമുരുകനായും വല്യേട്ടനായും രാക്ഷസ രാജാവായും ഭരത് ചന്ദ്രന്മാരായും സ്‌ക്രീനിൽ നിറഞ്ഞാടണം. എന്നാലേ പാലഭിഷേകക്കാർക്കും ശിങ്കാരിമേളക്കാർക്കും സിനിമ ഒരു മാസ് മൂവിയായി കൊള്ളാവുന്ന ഒരു പടമായി തോന്നുകയുള്ളൂ. വെള്ളിത്തിരയിൽ തങ്ങളുടെ നടൻ ഒരു സാധാരണക്കാരനായി പച്ചയായൊരു മനുഷ്യനായി കഥാപാത്രത്തോട് താദാത്മ്യം പ്രാപിച്ചഭിനയിച്ചു തകർക്കുന്നത് കണ്ടാൽ അവരുടെ മുഖം വിവർണ്ണമാകും. ശിങ്കാരിമേളക്കാരുടെ കോലാഹലം പിന്നെ ആ തിയറ്ററിന്റെ പരിസരത്തുപോലും ഉണ്ടാകില്ലെന്ന് മാത്രമല്ല അവരുടെ മൗത്ത് പബ്ലിസിറ്റിയുടെ ഫലമായി ഒരുത്തനും ആ തിയറ്ററിന് പരിസരത്തേക്ക് എത്തി നോക്കുക പോലും ചെയ്യില്ല. അതാണ് അമിത താരാരാധനയുടെ ഫലമായി അടുത്ത കാലത്തായി മലയാള സിനിമ രംഗത്ത് സംഭവിക്കുന്നത്.
അങ്ങനെ അല്ലായിരുന്നുവെങ്കിൽ മോഹൻ ലാലിന്റെ പകൽനക്ഷത്രങ്ങളും, ദേവദൂതനും, സദയവും, ദശരഥവും പോലുള്ള ചിത്രങ്ങൾ തിയറ്ററിൽ തകർത്തോടിയേനെ. മമ്മൂട്ടി കഴിഞ്ഞ കുറെകാലത്തിനിടയിൽ അഭിനയിച്ച മികച്ചൊരു ചിത്രമായിരുന്നില്ലേ ‘ഇമ്മാനുവൽ’. അദ്ദേഹത്തിന്റെ ഫാന്‍സുകാരിൽ എത്ര പേര് ആ ചിത്രം കണ്ടിരിക്കും? അപ്പോൾ ഫാൻസുകാർ എന്ന് പറഞ്ഞു ഓരിയിടുന്ന പ്രേക്ഷകർ നടന്മാരെയോ അവരുടെ അഭിനയത്തെയോ അല്ല ഇഷ്ടപ്പെടുന്നതും ആരാധിക്കുന്നതും. പകരം ടെക്‌നിക്കുകളുടെ സഹായത്തോടെ അവരുടെ അപരവ്യക്തിത്വത്തെയാണ്. ഗിമ്മിക്‌സുകളാകുന്ന ഫെയ്ക്ക് വ്യക്തിത്വങ്ങളെയാണ്. അവിടെയാണ് പ്രേംനസീറിന്റെ കാലത്തുണ്ടായിരുന്ന സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജന്റെ സ്ഥാനത്ത് പീറ്റർ ഹയ്യിന്‍ എന്ന ആക്ഷൻ കൊറിയോഗ്രാഫറുടെ പേര് അമിത പ്രാധാന്യത്തിലേക്ക് ഉയർന്നു വരുന്നത്. നടന്മാരുടെ അമാനുഷിക പരിവേഷത്തിൽ കാണികളായ ഫാൻസുകാർ സ്വയം തങ്ങളുടെ ഉള്ളിലുള്ള ആഗ്രഹങ്ങളും അഭിലാഷങ്ങളും തന്റെ പ്രതിയോഗികളുടെ മേലുള്ള അജയ്യമായ വിജയവും താരത്തിലൂടെ ഉറപ്പിക്കുകയാണ്. അഥവാ ഫാൻസുകാർ എന്ന് പറയുന്ന ‘വിഭാഗക്കാർ’ അവർ സ്വയം തങ്ങളെത്തന്നെയാണ് സ്നേഹിക്കുന്നതും ആരാധിക്കുന്നതും. ഒരു തരം ആത്മസംതൃപ്തിയിലൂടെയുള്ള ‘എമ്പതി’ എന്ന് പറയാം. സാമൂഹ്യ ശാസ്ത്രവും മന:ശാസ്ത്രവും ഇടകലർന്ന ഏതോ ഒരു കാൽപ്പനിക ലോകത്താണ് അവരുടെ ജീവിതം. അല്ലാതെ തങ്ങൾ ആരാധിക്കുന്ന നടൻറെ അഭിനയസിദ്ധിയെയല്ല അവർ ആഗ്രഹിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും. അത് ഒരിക്കലും മധ്യവർത്തി സിനിമകളുടെ വക്താക്കളായി വരുന്ന നടന്മാരുടെ നല്ല സിനിമകൾക്ക് ഗുണം ചെയ്യില്ല. അഥവാ ഫാൻസുകാർ എന്ന് പറയുന്ന വിഭാഗക്കാർ നടന് മാത്രമല്ല കലാമൂല്യമുള്ള നല്ല സിനിമകൾക്കും ഭീഷണിയാണ്.
മധ്യവർത്തി സിനിമകളിലൂടെ നടനിലെ മികച്ച അഭിനയ മുഹൂർത്തങ്ങളെ തേച്ചുമിനുക്കി എടുക്കുന്നതും അവരെ അവാർഡുകൾ കൊണ്ടും കീർത്തിമുദ്രകൾ കൊണ്ടും നിലനിർത്തിപോരുന്നതും അതിലൂടെ ക്ലാസിക്കൽ സിനിമകളെ വാർത്തെടുക്കുന്നതും എപ്പോഴും ഫാൻസ്‌കാരുടെ ആഘോഷ തിമിർപ്പിനിടയിൽപ്പെട്ട് ഗത്യന്തരമില്ലാതെ സിനിമ കാണേണ്ടി വരുന്ന സിനിമയുടെ ലാവണ്യ ശാസ്ത്രവും ആഴകാഴ്ചയും കൈമുതലായുള്ള കാണികളാണ്. അവരാണ് അത്തരം സിനിമകളുടെ പ്രചാരകരായി മാറുന്നതും ഏതോ കലാബോധമുള്ള നിർമ്മാതാവിന് മുടക്കുമുതൽ നേടികൊടുക്കുന്നതും. മോഹൻലാലിൻറെ ഇരുവർ, കമ്പനി, വാനപ്രസ്ഥം പോലുള്ള എത്ര ചിത്രങ്ങൾ ഇവിടെത്തെ ഫാൻസ് അംഗങ്ങൾ കണ്ടിരിക്കും? മമ്മൂട്ടിയുടെ അഭിനയ തികവാർന്ന എത്ര ചിത്രങ്ങൾ അദ്ദേഹത്തിന്റെ കടുത്ത ആരാധകർ എന്ന് പറയുന്നവർ കണ്ടിട്ടുണ്ടാകും?
ഓരോ സിനിമയും ഓരോ കള്‍ച്ചറാണ് മുന്നോട്ടു വെക്കുന്നത്. അത് തിരിച്ചറിഞ്ഞു അതോടൊപ്പം നമ്മുടെ ആസ്വാദക ബോധത്തെ മുന്നോട്ട് കൊണ്ടുപോയാലേ ആ സിനിമ നമുക്ക് വഴങ്ങികിട്ടുകയുള്ളൂ. നല്ല സിനിമകൾ കണ്ടു പരിശീലിപ്പിച്ചെടുക്കേണ്ട ഒരു ശീലമാണ്. അതില്ലാതെ വരുമ്പോഴാണ് ഇതെന്തേ പുലിമുരുകൻ പോലെയല്ലാത്തത്, അല്ലെങ്കിൽ ആടുതോമയെപ്പോലെയോ വല്യേട്ടനെപോലെയോ ആയില്ല എന്ന് നിരാശപ്പെടുന്നത്. തെങ്ങിനുള്ള തളപ്പ് കവുങ്ങിനിട്ടു കയറി കവുങ്ങിൽ കുറ്റമാരോപിക്കുന്നതിനുപകരം രണ്ടും രണ്ടാണ് എന്ന് തിരിച്ചറിയുകയാണ് വേണ്ടത്. നല്ല സിനിമകൾ ആരുടേതായാലും കാണുക എന്ന ഒരു സംസ്കാരം നാം വളർത്തിയെടുത്തേ മതിയാകൂ. രാഷ്രീയക്കാരുടെ എതിർ ചേരി മനോഭാവം കലയുടെ ലോകത്തേക്ക് കൊണ്ടുപോകാതിരിക്കുക. കാലാനുവർത്തികളായ സിനിമകളെയും അഭിനേതാക്കളെയും വളർത്തിയെടുക്കുന്നതും നിലനിർത്തിപോരുന്നതും അത്തരം കലാബോധമുള്ള ആസ്വാദകരാണ്. അവരാണ് മലയാള സിനിമ എന്നല്ല എവിടെത്തേയും നല്ല സിനിമകളെയും കലാകാരന്മാരെയും കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്നത്.
റീലിസിംഗ് ദിവസം ആദ്യഷോ കാണാനായി കൊട്ടും കുരവയുമായി നേരത്തെ എത്തുന്ന ഫാന്‍സുകാരല്ല ജീവിത ഗന്ധിയായ നല്ല സിനിമകളുടെ പ്രായോജകരായി മാറാറുള്ളത്. അത്തരക്കാരെ തൃപ്തിപ്പെടുത്താനായി തട്ടികൂട്ടു പടമെടുക്കുന്ന സിനിമക്കാരും ഇത് മനസ്സിലാക്കണം. ചുരുങ്ങിയ പക്ഷം പീറ്റർ ഹൈനടങ്ങുന്ന സാങ്കേതിക സംഘമല്ല നല്ല സിനിമയെ സൃഷ്ടിക്കുന്നത് എന്നെങ്കിലും അടുത്തകാലത്ത് മലയാളത്തിൽ ഇറങ്ങിയ ഫാൻസുകാരുടെ ശിങ്കാരിമേളമോ പാലാഭിഷേകമോ ഇല്ലാതെ വിജയിച്ച ചില പടങ്ങളെ ദൃഷ്ടാന്തമാക്കിയെങ്കിലും മനസിലാക്കുക.