ഡിന്നു ജോര്‍ജ്
നഗ്നം
ആ രാത്രിയില്‍ തന്റെ ഉടലിലൂടെ എന്തോ ഒന്ന് ഇഴഞ്ഞു നീങ്ങുന്നതിന്റെ സുഖമൂര്‍ഛയില്‍ സാറ ഉറക്കത്തിന്റെ വാതില്‍ ചവിട്ടിപൊളിച്ച് പുറത്തേക്ക് ചാടി കണ്ണ് മിഴിച്ചു.
വല്ല പാമ്പോ മറ്റോ ആയിരിക്കുമെന്ന് ഭയന്നാണ് അവള്‍ ഓടിച്ചെന്ന് ലൈറ്റിട്ടതും ഇട്ടിരിക്കുന്ന വസ്ത്രം ഒറ്റ ഊക്കില്‍ വലിച്ചൂരി നിലത്തേക്ക് കുടഞ്ഞെറിഞ്ഞതും. എന്നാല്‍ അങ്ങനെയൊരു ഭയം ഇഴഞ്ഞുനടന്നിടത്ത് വളര്‍ന്നു നില്‍ക്കുന്ന തന്റെ തന്നെ അല്‍പ്പം രോമകൂപങ്ങളെ ഉള്ളുവെന്ന് സത്യത്തെ അവളുടെ വിരലുകള്‍ അവിടമാകെ ചൊറിഞ്ഞറിഞ്ഞ് സമാധാനിച്ചു. എന്നാല്‍ തൊട്ടടുത്ത നിമിഷത്തില്‍ വീണ്ടും അവളുടെ ഉടലിലൂടെ ഒരു ഇക്കിളി നനഞ്ഞുപുളഞ്ഞു.
ഇത്തവണ ഊരിയെറിയാന്‍ അവളുടെ ദേഹത്ത് ഒന്നുംതന്നെ ഇല്ലാത്തതുകൊണ്ടും വെളിച്ചം കത്തിനില്‍ക്കുന്ന ആ മുറിയില്‍ വീണ്ടുമൊരു വെളിച്ചത്തെ തേടുക അനാവശ്യമായതുകൊണ്ടും എന്റെ യേശുമണവാളാ…. എന്നുറക്കെ വിളിച്ച് പരിശുദ്ധകന്യാമറിയത്തിന്റെ മടിയില്‍കിടക്കുന്ന യേശുവിന്റെ അരികിലേക്കാണ് അവള്‍ ഓടിച്ചെന്നത്.
പൂര്‍ണ നഗ്‌നയായി ആ രൂപക്കൂടിനുമുന്നില്‍ മുട്ടുകുത്തവെ കൗമാരക്കാരനായ യേശുവിന്റെ കണ്ണുകള്‍ വേറെയെങ്ങോട്ടോ പറന്നുപോവുകയും, അവന്റെ അമ്മയുടെ കണ്ണുകള്‍ ജ്വലിക്കുന്ന തീയായ് അവളെ കത്തുകയും ചെയ്തു.
‘എന്റെ മണവാളാ… ക്രിസ്തുമണവാളാ…’
കൈകള്‍ രണ്ടും മുന്നോട്ട് വിരിച്ചുപിടിച്ച് അവള്‍ ഉറക്കെ വിളിച്ചു.
ആ വിളി അങ്ങനെ നീണ്ടുപോകവെ ആരോ ഊതിക്കെടുത്തിയപോലെ വെളിച്ചം കെട്ടു.
ഭയം മുക്കിപ്പിഴിയുന്ന ഇരുട്ടിന്റെ കടലിലേക്ക് അപ്പോള്‍ സാറയുടെ ഉള്ളും ഉടലും ആഴ്ന്നാഴ്ന്ന് പോയി.
പിതാവും പുത്രനും പരിശുദ്ധാത്മാവും അവളുടെ ചുണ്ടിന്മേല്‍നിന്നും ശ്വാസം കിട്ടാതെ ആ രൂപക്കൂട് നോക്കി ഇറങ്ങിയോടി.
പുറത്ത് മഴ ആര്‍ത്തിരമ്പുന്നു.
നനഞ്ഞ കാറ്റ് മരങ്ങളെ ഇണചേര്‍ക്കുന്നു.
വേഴ്ച്ചയില്‍ പരാജയപ്പെട്ട ഉടലുപോലെ ഒരു വലിയ മരമപ്പോള്‍ പ്രപഞ്ചത്മാവിലേക്ക് കടയറ്റുവീണു.
കാത് പൊട്ടിപോകുന്ന നിലവിളി.
പക്ഷികളുടെ കരച്ചില്‍ അതില്‍ മുങ്ങി കേള്‍ക്കാത്ത ചിറകുകളായി ഒഴുകി.
ചുവരില്‍ ആണിയടിച്ചുവെച്ച ക്രിസ്തുവും മാതാവും ആ ഒച്ചയുടെ തീവ്രതയില്‍ ഇരുട്ടിലേക്ക് കൂപ്പുകുത്തി വീണു.
ചിതറിത്തെറിച്ച ചില്ലുകഷ്ണങ്ങളിലലൊന്ന് സാറയുടെ ഉടുക്കാത്ത മുലകളിലൊന്നിലെ ചോരയെ ഈമ്പി.
പുളഞ്ഞുപോയ സാറ നിലത്തുകിടക്കുന്ന ക്രിസ്തുവിനെ തിരഞ്ഞു….!
ഇരുട്ട്
മുറിവിന്മേല്‍ വിരലുകളാഴ്ത്തി മലര്‍ന്നു കിടക്കുകയ്യിരുന്നു സാറ. പൊടുന്നനെ ഒരു മിന്നല്‍വള്ളിയില്‍ തൂങ്ങിപിടിച്ച് ഒരു ശബ്ദം അവിടേക്ക് ഇറങ്ങി വന്നു.
‘സാറ എന്റെ മണവാട്ടിയായവളെ….’ അത് വിളിച്ചു.
ഞെട്ടിതിരിഞ്ഞു നോക്കിയ സാറ കണ്ടു;
തന്റെ മെത്തയില്‍ ഇരുട്ടിന്റെ കമ്പിളിയില്‍ നിന്നും തല നീട്ടിയതുപോലെ പ്രകാശരൂപത്തിന്റെ ഒരു നേര്‍ത്തപാട.
ഭയം വാപൊത്തിയ ശബ്ദത്തില്‍ എന്റെ യേശുവേ… എന്ന് സാറ ഉറക്കെ വിളിച്ചു.
അപ്പോള്‍ അതെ ഇത് ഞാന്‍ തന്നെയാണ് ആ ശബ്ദം പ്രതിവചിച്ചു. കുരിശു വരച്ച്, കൈകള്‍കൂപ്പികൊണ്ട് ആ കട്ടിലലിലലേക്ക് കിതച്ചോടിയ സാറയെയും, ആ വെളിച്ചത്തെയും പിന്നെ ഇരുട്ടില്‍ കാണാതായി.
മുറിവ്
മുറിവില്‍ നിന്ന് പിന്നെയും ചോരചീറ്റി.
നനഞ്ഞ മെത്തയില്‍ സാറകിടന്നു.
അവളുടെ മുറിവവിലേക്ക് മണവവാളന്റെ വേരുകള്‍ തണുത്തിറങ്ങി.
സാറ വിയര്‍ത്തു.
സാറ തണുത്തു.
ഒരു വേരിറക്കത്തിന്റെ നേര്‍ത്തവേദന.
ഒരു കാടിന്റെ മുഴുവന്‍ സുഖവും.
കണ്ണുകള്‍ സുഖമൂര്‍ച്ചയില്‍ ഇറുക്കിചിമ്മിയപ്പോള്‍ അതാ സാറ കാണുന്നു; സ്വര്‍ഗ്ഗത്തിലെ അത്യുന്നതന്‍ ഊതിവിട്ട ഒരു ശ്വാസം തന്നിലേക്കൊഴു തന്റെ ഉദരത്തെ പറ്റിപ്പിടിക്കുന്നു.
ഗര്‍ഭം
ദൈവത്തിന്റെ ശ്വാസം സാറയുടെ ഉദരത്തിലിരുന്ന് കരഞ്ഞു.
പത്താം മാസം അത് കൈകാലുകള്‍ മുളച്ച് ഭുമിയിലേക്ക് വന്നു. ജീവനുള്ള ആ മാംസത്തെ വെള്ളത്തുണിയില്‍ പൊതിഞ്ഞെടുത്ത് സാറ ധൃതിയില്‍ നടന്നു.
മല കയറുമ്പോള്‍ പിന്നില്‍ നിന്നും അവന്റെ രണ്ടാം വരവിനായുള്ള സ്തുതി വാഴ്വുതള്‍. അത് വിശുദ്ധ ഗോപുരത്തിന്റെ അറ്റമെത്താത്ത തൂണുകളിലൂടെ സ്വര്‍ഗനഗരങ്ങളുടെ ആകാശത്തേക്ക് ഇഴഞ്ഞു.
സാറ ചിരിച്ചു.. ജീവനെ പൊതിഞ്ഞു പിടിച്ച ആ വെളുത്ത തുണിയെ ഒരിക്കല്‍ കൂടി അവള്‍ മുത്തി.
കാറ്റ് വീശി…
കുന്തിരക്കങ്ങളെരിഞ്ഞു…
മലയുടെ ഉച്ചിയില്‍ ഒരു കുരിശ്.. ക്രിസ്തു അന്ന് മരിച്ചേ അതേ…!
ചുവട്ടില്‍ വളര്‍ന്നു നില്‍ക്കുന്ന ഉണങ്ങിയ പുല്ല്… അവന്‍ അന്ന് കിടന്ന അതേ..!
അവിടെ സാറ ജീവപുത്രനെ കിടത്തി. എന്നിട്ട് എന്റെ മണവാളാ…. എന്നുറക്കെ വിളിച്ച് സ്വര്‍ഗത്തിലേക്ക് മലയിറങ്ങി.
മൂന്നാള്‍ നാള്‍ ദൈവപുത്രനെ കഴുകന്‍ കൊത്തിക്കൊണ്ട് പോയി….
വര: സുബേഷ് പത്മനാഭന്‍
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കഥകൾ അയക്കാം:
(ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
8086451835 (WhatsApp)
editor@athmaonline.in