കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 23മത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഓണ്‍ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ ഒമ്പതിന് ആരംഭിക്കും. മൂന്നു മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡെലിഗേറ്റ് ഫീസായ 2000 രൂപ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന് നല്‍കി രജിസ്റ്റര്‍ ചെയ്യുന്നതോടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് തുടക്കമാവും. മുഖ്യമന്ത്രിയും സാംസ്കാരിക വകുപ്പ് മന്ത്രിയും ഡെലിഗേറ്റ് ഫീസടച്ച് രജിസ്റ്റര്‍ ചെയ്യുന്ന ഈ ഫെസ്റ്റിവലില്‍ ഒരു വിഭാഗത്തിലും സൗജന്യപാസുകള്‍ അനുവദിക്കുന്നതല്ല.
ഇത്തവണ പൊതുവിഭാഗം, സിനിമ-ടി.വി പ്രൊഫഷനലുകള്‍, ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ എന്നിങ്ങനെ എല്ലാ വിഭാഗത്തിന്‍െറയും ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒരുമിച്ചായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപയാണ് ഡെലിഗേറ്റ് ഫീസ്. നവംബര്‍ ഒമ്പതു മുതല്‍ ചലച്ചിത്ര അക്കാദമിയുടെ ശാസ്തമംഗലത്തുള്ള ഓഫീസില്‍ ഓഫ് ലൈന്‍ രജിസ്ട്രേഷനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 7 മുതല്‍ 13 വരെയാണ് ചലച്ചിത്രമേള നടക്കുന്നത്.