അകിയ കോമാച്ചി; ചുറ്റുപാടുകളുടെ കൊച്ചു കൂട്ടുകാരി

0
1159

ബിലാല്‍ ശിബിലി
കോഴിക്കോട്

“…തലമുറകള്‍ കൈമാറി വന്ന അഭിരുചി ഓരോ ഫ്രെയിമിലും ദൃശ്യമാവുന്നുണ്ട്…” കോഴിക്കോട് ആര്‍ട്ട്‌ ഗാലറിയില്‍ നടക്കുന്ന ഫോട്ടോ പ്രദര്‍ശനത്തെ കുറിച്ച് സന്ദര്‍ശക പുസ്തകത്തില്‍ ആരോ കുറിച്ചിട്ട വരികള്‍. പറഞ്ഞു വരുന്നത് കൊച്ചു മിടുക്കി അകിയ കോമാച്ചിയെ കുറിച്ചാണ്. ആറാം ക്ലാസുകാരി. പ്രശസ്ത ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ അജീബ് കോമാച്ചിയുടെയും ജസീനയുടെയും ഇളയ മകള്‍. നവംബര്‍ ഒന്നിന് ആരംഭിച്ച അകിയയുടെ ഫോട്ടോ പ്രദര്‍ശനത്തിന് ഇതിനകം തന്നെ കോഴിക്കോടിന്‍റെ വാത്സല്യവും ശ്രദ്ധയും കിട്ടികഴിഞ്ഞിട്ടുണ്ട്.
ഓരോ ഫ്രെയിമിനും ജീവനുണ്ട്. കാരണം പകര്‍ത്തിയതൊക്കെ ജീവനുള്ള വസ്തുക്കളെയാണ്. ഈ പ്രായത്തിലുള്ള കുട്ടികള്‍ പലരും ടാബിലും മറ്റും ഗെയിമുകള്‍ കളിക്കുമ്പോള്‍, ഈ കൊച്ചു മിടുക്കി ഇറങ്ങിയത് തന്‍റെ ചുറ്റുവട്ടങ്ങളിലേക്കാണ്. നഷ്ടപ്പെട്ടു എന്ന് നമ്മള്‍ കരുതിയിരുന്ന സൂചിത്തുമ്പിയെയും മണ്ണാത്തനെയും ഒക്കെ തിരിച്ചു കൊണ്ടുവരുന്നുണ്ട് അവള്‍. ജീവജാലങ്ങളുടെ സൂക്ഷ്മഭാവങ്ങള്‍ ഒപ്പിയെടുത്തിട്ടുണ്ട് ഓരോ മാന്ത്രിക ക്ലിക്കുകളിലും.



ചുറ്റുപാടുകളോടാണ് അകിയയുടെ ലെന്‍സുകള്‍ക്ക് പ്രിയം. ഫാറൂഖ് കോളേജിലെ തങ്ങളുടെ വീടിനടുത്തുള്ള കരുമകന്‍ കാവിലുള്ള ജീവികളാണ് അതില്‍ ഫോക്കസ് ആവുന്നത്. ഈച്ച, തുമ്പി, പൂമ്പാറ്റ, പക്ഷികള്‍ തുടങ്ങി ഞണ്ട്, അണ്ണാരക്കണ്ണന്‍ വരെയുണ്ട് ആ പട്ടികയില്‍. കൂടാതെ വീട്ടില്‍ ബേര്‍ഡ് ചെറിയെന്ന ചെടിയും നട്ടിട്ടുണ്ട്. അതിലെ കായ തിന്നാന്‍ വിരുന്ന് വരുന്ന പക്ഷികളും അകിയയുടെ ഫോട്ടോ ശേഖരണത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. രണ്ടു വര്‍ഷം കൊണ്ട് എടുത്ത 55 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. വിരലുകള്‍ കൊണ്ട് തീര്‍ത്ത മനോഹര കലയാണ് ഓരോ ചിത്രങ്ങളും.

അവധി ദിവസങ്ങളില്‍ പുലര്‍ച്ചെ അലാറം വെച്ച് എഴുന്നേറ്റ് ഫോട്ടോ പിടിക്കാന്‍ പോകുന്ന ശീലവും പതിവുണ്ട് ഈ പതിനൊന്നുകാരിക്ക്. കൂട്ടിന് പോകുന്നത് ഉപ്പയോ ഇക്കാക്കമാരോ ആയിരിക്കും. പ്രകൃതി ഇഷ്ടപ്രമേയമായ അകിയക്ക് പക്ഷെ, വലുതാവുമ്പോള്‍ ആര്‍ക്കിടെക്ച്ചര്‍ ഫോട്ടോഗ്രാഫര്‍ ആവാനാണ് ആഗ്രഹം. മൂത്ത രണ്ടു മക്കളും സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ് ഫോട്ടോഗ്രാഫി തെരഞ്ഞടുത്തത് എന്ന് അഭിമാനപൂര്‍വ്വം പറയുന്നുണ്ട് പിതാവ് അജീബ് കോമാച്ചി. അവരുടെ പാതയാണ് ഏകമകളും സ്വീകരിച്ചിരിക്കുന്നത്. തുടക്കം കിട്ടാന്‍ എളുപ്പമാണ്, പക്ഷെ അത് തുടരണമെങ്കില്‍ പാഷന്‍ തന്നെ വേണമെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം.


മൂത്ത മകന്‍ അഖില്‍ കോമാച്ചി പ്ലസ് ടുവില്‍ പഠിക്കുന്ന കാലത്ത് ഫോട്ടോഗ്രാഫിയെ ഗൗരവമായി കാണാന്‍ തുടങ്ങിയപ്പോള്‍, രണ്ടാമന്‍ അഖിന്‍ കോമാച്ചി എട്ടാം ക്ലാസില്‍ നിന്ന് തന്നെ തുടങ്ങി. പക്ഷെ, അവരെ മറികടന്ന് കൊണ്ടാണ് അകിയ നാലാം ക്ലാസ്സില്‍ നിന്ന് തന്നെ ലെന്‍സുകളോട് ചങ്ങാത്തമായത്. ഏട്ടന്മാര്‍ രണ്ടു പേരും ഫോട്ടോ പ്രദര്‍ശനം നടത്തിയതാണ് അനിയത്തിക്കും പ്രചോദനമായത്. അതില്‍ നിന്നുണ്ടായ വാശിയാണ് ‘നൈബറിംഗ്’ എന്ന മനോഹരമായ ഫോട്ടോ എക്സിബിഷനിലേക്ക് വഴിയൊരുക്കിയത്. ഫാറൂഖ് കോളജ് വെനിറിനി എം.എം.എച്.എസ്.എസ്സിലെ കൂട്ടുകാരുടെയും അധ്യാപകരുടെയും പൂര്‍ണ്ണപിന്തുണ കുട്ടിഫോട്ടോഗ്രാഫര്‍ക്കുണ്ട്.

കുടുംബത്തോടൊപ്പം

പിതാവിന്‍റെ സഹോദരന്മാരായ അസീം കോമാച്ചി, അനീം കോമാച്ചി എന്നിവരാണ് കോമാച്ചി ‘കുടുംബത്തി’ലെ മറ്റു ഫോട്ടോഗ്രാഫര്‍മാര്‍. ആളെ മയക്കുന്ന സൗന്ദര്യം എന്ന് അര്‍ത്ഥം വരുന്ന ജാപ്പനീസ് വാക്കാണ്‌ ‘കോമാച്ചി’. അജീബ് തങ്ങളുടെ സ്റ്റുഡിയോക്ക് ഇട്ട പേരാണ് കേരളമറിയുന്ന ഫോട്ടോ മേല്‍വിലാസമായി പിന്നീട് മാറിയത്. പ്രദര്‍ശനം നവംബര്‍ നാലിന് അവസാനിക്കും.

കവര്‍ ചിത്രം: സച്ചിന്‍ എസ്. എല്‍

LEAVE A REPLY

Please enter your comment!
Please enter your name here