ഷൗക്കത്ത്
ഇസ്ലാംമത പശ്ചാത്തലത്തിൽ ജനിച്ചുവളർന്ന് പല വഴികളിലൂടെ യാത്ര ചെയ്ത് ഇന്ന് ഒരു മതവിശ്വാസവുമില്ലാതെ ജീവിക്കുന്ന ഒരാളാണ് ഞാൻ. മനുഷ്യവംശത്തിൽ നന്മ പ്രസരിപ്പിച്ച ഏതു മനുഷ്യനും എനിക്ക് ഒരുപോലെയാണ്.
കിഴക്കിന് പടിഞ്ഞാറിനേക്കാൾ എന്തെങ്കിലും കൂടുതലുണ്ടെന്ന് വിശ്വസിക്കുന്നില്ല. തിരിച്ചും.. ഒരു മതവും സ്വയം പൂർണ്ണമാണെന്ന് കരുതുന്നില്ല. മാത്രമല്ല മതങ്ങളിലെ പല വ്യവസ്ഥകളും മനുഷ്യ വിരുദ്ധവും കാലഹരണപ്പെട്ടതുമാണെന്നു തന്നെയാണ് ബോദ്ധ്യം. അതോടൊപ്പം എല്ലാ മതങ്ങളിലുമുള്ള നന്മകളെ കാണാതെ പോകുന്നുമില്ല.
കാലം മുന്നോട്ടൊഴുകുമ്പോൾ അതിത്രയും സമ്പന്നമാകുന്നത് സംസ്ക്കാരങ്ങൾ പരസ്പരം കലർന്നുരുകുന്നതുകൊണ്ടാണ്. വ്യത്യസ്ഥതകളുടെ സമന്വയം വ്യക്തിയിലും സമൂഹത്തിലും ഉദാത്തമായ മാറ്റങ്ങളാണ് കൊണ്ടുവരിക. മനുഷ്യനെ സമത്വത്തിലേക്ക് ഉയർത്തിക്കൊണ്ടു വരുന്നതിൽ മതത്തേക്കാൾ സാഹിത്യത്തിനും കലയ്ക്കും ശാസ്ത്രത്തിനുമാണ് പങ്കെന്നത് നമുക്ക് മറക്കാതിരിക്കാം.
ഇസ്ലാംമത പശ്ചാത്തലം വിട്ട് മറ്റു സംസ്കൃതികളിലൂടെ യാത്ര ചെയ്തപ്പോൾ മനസ്സിലായ ഒരു കാര്യം ഭാഷയിൽ മാത്രമെ വ്യത്യാസമുള്ളൂ ജീവിതം എല്ലായിടത്തും ഒന്നു തന്നെ എന്നായിരുന്നു. എല്ലായിടത്തും അധികാരത്തിനും പ്രശസ്തിക്കും പണത്തിനും വേണ്ടിയുള്ള ആർത്തി മാത്രം.
മതത്തിന്റെ നരകഭീതിയിൽ നിന്ന് ജാതീയതയുടെ ചളിക്കുണ്ടിൽ ചെന്നു വീണതുപോലെയാണ് ഇന്ത്യയിലെ ആശ്രമങ്ങളിലൂടെ സഞ്ചരിച്ചപ്പോഴുണ്ടായ അനുഭവം. അല്പം ആശ്വാസമേകിയത് ഗുരു നിത്യയുടെ ഫേൺഹിൽ ഗുരുകുലം മാത്രം.
ആശയങ്ങളുടെ വലുപ്പത്തിലേക്കു നോക്കി മിഴിച്ചിരുന്ന് അഭിമാനിക്കേണ്ടതില്ലെന്ന് ബോദ്ധ്യമായി. വ്യക്തിയുടെ വലുപ്പം ആശയത്തിലല്ല മറിച്ച് ഇടപെടുന്നിടത്താണ് പ്രകാശിക്കുകയെന്ന് അനുഭവിച്ചു.
അത് പലപ്പോഴും കണ്ണു നിറച്ചത് ആകാശത്തിനപ്പുറത്തെ കാര്യങ്ങൾ തലയുയർത്തി പ്രഭാഷിക്കുന്നവരുടെ സാന്നിദ്ധ്യത്തിലായിരുന്നില്ല. മറിച്ച് തികച്ചും സാധാരണ ജീവിതം നയിക്കുന്ന അജ്ഞാനികളുടെ ഹൃദയത്തിനു മുന്നിലായിരുന്നു.
ഹാദിയ ഏതു മതത്തിലായാലും അനുഭവിക്കാൻ പോകുന്നത് ഒന്നുതന്നെ. ഇത് ഇപ്പോഴും പുരുഷന്റെ ലോകമാണ്. അവൻ പറയും. അനുസരിപ്പിക്കും. ശരീര പീഡനം മുതൽ സ്നേഹലാളനവരെ അവനതിനുപയോഗിക്കും.
വ്യക്തിത്വത്തെ അടിയറ വെച്ചുള്ള ഒരു സ്നേഹവും വേണ്ടന്നു തീരുമാനിക്കാനുള്ള ചങ്കൂറ്റമാണ് സ്ത്രീയ്ക്ക് ഇനി വേണ്ടത്. അത് സ്വധർമ്മക്കാരിൽ നിന്നും കിട്ടില്ല. ഇസ്ലാമിൽ നിന്നും കിട്ടില്ല. മറിച്ച് ഭൂമിയിൽ കാലുറപ്പിച്ച് ആകാശത്തേക്ക് തലയുയർത്തി പുരുഷന്റെ പരുഷതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്താൽ മാത്രം സംഭവിക്കുന്ന വിപ്ലവമാണത്.
ഹാദിയയുടെ മതവും മതമാറ്റവും ശരിയാണോ അല്ലയോ എന്നതല്ല വിഷയം. അത് തികച്ചും സ്വകാര്യം. വ്യക്തിപരം. ഗുണദോഷങ്ങൾ അവർ തന്നെ സ്വയം അനുഭവിച്ചറിയേണ്ടതാണ്. എന്നാൽ പ്രായപൂർത്തിയായ ഒരാളുടെ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുകയെന്നത് വിമർശിക്കേണ്ടതാണ്.
അവർ കടന്നു പോകുന്ന ഈ നിസ്സഹായാവസ്ഥ ഒന്നുകൊണ്ടും ന്യായീകരിക്കാനാവില്ല. അധികാരികൾ മൗനം വെടിഞ്ഞ് സുപ്രീം കോടതിയുടെ വാക്കുകളെ മുഖവിലയ്ക്കെടുത്ത് നീതി നടപ്പാക്കാൻ ഇനിയും വൈകരുത്.
ഒപ്പം നിർബന്ധിത മതംമാറ്റമെന്ന പൈശാചികതയെ സമൂഹത്തിൽ നിന്ന് തൂത്തെറിയാൽ മറ്റു താല്പര്യങ്ങളെല്ലാം മാറ്റി വെച്ച് സർക്കാർ നടപടി സ്വീകരിച്ചു തുടങ്ങേണ്ടതുമുണ്ട്. ഇങ്ങനെ വീട്ടിലടച്ചിട്ടല്ല അത് നടപ്പിലാക്കേണ്ടത്. മറിച്ച് മനുഷ്യരിൽ സ്വതന്ത്ര ചിന്ത വളർന്നു വരാനുള്ള അന്തരീക്ഷമൊരുക്കിയാവണം.