ബിലാല്‍ ശിബിലി
ബിഗ് ബജറ്റ് സിനിമയുടെ കൂടെ ഇറങ്ങിയ ചെറിയ സിനിമ. ‘നോണ്‍സെന്‍സ്’. വലിയ താരങ്ങളില്ല. വലിയ സംഭവം സിനിമയും അല്ല. പക്ഷെ, പറയുന്നത് ഗൗരവമായ കാര്യങ്ങളാണ്. ‘അസംബന്ധങ്ങള്‍’ അഥവാ ‘നോണ്‍സെന്‍സ്’ എന്ന് പൊതു സമൂഹം പറയുന്നതിലെ അര്‍ത്ഥങ്ങളെ (സെന്‍സ്) യാണ് സിനിമ കാണിച്ചു തരാന്‍ ശ്രമിക്കുന്നത്. അര്‍ത്ഥങ്ങള്‍ എന്ന് നമ്മള്‍ കരുതുന്ന പലതിലെയും അസംബന്ധങ്ങളെയും.
ഇന്ത്യയില്‍ ആദ്യമായി ബി.എം.എക്സ് സൈക്കിള്‍ സ്റ്റണ്ടുകള്‍ പ്രമേയമാക്കിയ സിനിമ എന്ന നിലയിലാണ് ‘നോണ്‍സെന്‍സി’ന്റെ ട്രെയിലര്‍ ഹിറ്റ് ആയത്. പക്ഷെ, സൈക്കിള്‍ സ്റ്റണ്ടുകള്‍ക്ക് അപ്പുറം സിനിമ മുന്നോട്ട് വെക്കുന്ന സന്ദേശങ്ങള്‍ ആധുനിക കാലം ആവശ്യപ്പെടുന്നവയാണ്. ക്ലാസ്സ്‌മുറികള്‍ക്കും സിലബസിനും അപ്പുറമുള്ള പ്രായോഗിക പാഠങ്ങളുടെ പ്രസക്തി പറഞ്ഞു തരുന്നു നോണ്‍സെന്‍സ്.
നവാഗത സംവിധായകന്‍റെ ആധികളൊന്നും തന്നെയില്ലാതെയാണ് എം.സി ജിതിന്‍ തന്റെ ആദ്യസിനിമയെ സമീപിച്ചിട്ടുള്ളത്. ഇതിന് വേണ്ടി നന്നായി ഹോംവര്‍ക്ക് ചെയ്തുവെന്നും വ്യക്തം. ‘ആക്ഷന്‍ ഹീറോ ബിജു’വിന്റെ തിരക്കഥാകൃത്ത് മുഹമ്മദ് ഷഫീഖ്, ലിബിന്‍ ടി.ബി എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ തിരക്കഥയും പുതുമയുള്ളതാണ്. പ്രമേയത്തിലും അവതരണത്തിലും സിനിമ മുന്നിട്ട് നില്‍ക്കുന്നു. ഫ്രഷ്‌നസ് സമ്മാനിക്കുന്ന ദൃശ്യങ്ങളാണ് അലക്സ് ജെ. പുളിക്കല്‍ സമ്മാനിച്ചത്.
ബാക്ക് ബെഞ്ചില്‍ ഇരിക്കുന്ന വിദ്യാര്‍ഥികളെ മുന്‍വിധികളോടെ കാണുന്ന അധ്യാപകസമൂഹത്തെ സിനിമ അഭിസംബോധന ചെയ്യുന്നുണ്ട്. എഴുതി വെച്ച സമവാക്യങ്ങള്‍ക്ക് അപ്പുറമുള്ള പ്രായോഗിക സാമൂഹിക – ഭൗതിക ശാസ്ത്രങ്ങളുടെ പ്രാധാന്യം സിനിമ മുഴുവന്‍ പറഞ്ഞ് വെക്കുന്നുണ്ട്. ഹര്‍ത്താലിന് വഴി തടയുന്നവര്‍, ജാതിയും മതവും നോക്കി സഹായം നിഷേധിക്കുന്നവര്‍ തുടങ്ങി പലരോടും സിനിമ സംവദിക്കുന്നുമുണ്ട്.
മ്യൂസിക് ആല്‍ബങ്ങളിലൂടെ തിളങ്ങിയ റിനോഷ് ജോര്‍ജ്ജ് ആണ് നായകന്‍. പുതുമുഖത്തിന്റെ പരിഭ്രമങ്ങളൊന്നും അദ്ദേഹത്തില്‍ ഇല്ലായിരുന്നു. അദ്ധ്യാപികയുടെ കഥാപാത്രം അവതരിപ്പിച്ച ശ്രുതി രാമചന്ദ്രന്‍, ഓട്ടോക്കാരനായി എത്തിയ വിനയ് ഫോര്‍ട്ട് എന്നിവരും പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. ഫെബിയയെ നായികയായി അവതരിപ്പിക്കുന്നുണ്ടെങ്കിലും വലിയ പ്രാധാന്യം കഥയില്‍ ഇല്ലായിരുന്നു. റിനോഷ് തന്നെയാണ് സംഗീതസംവിധാനം നിര്‍വഹിച്ചതും ഗാനങ്ങള്‍ ഒരുക്കിയതും.
എ. പി. ജെ അബ്ദുല്‍ കലാമിന്‍റെ ജീവിത ദര്‍ശനങ്ങള്‍ കഥയെ സ്വാധീനിക്കുന്നുണ്ട്. അതില്‍ നിന്നുമുള്ള പ്രചോദനം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നുമുണ്ട്. നമുക്ക് ആവശ്യം ഡോക്ടര്‍മാരെയും എഞ്ചിനിയര്‍മാരെയും മാത്രമല്ല, കുറച്ച് നല്ല മനുഷ്യരെ കൂടിയാണ് എന്ന സന്ദേശമാണ് സിനിമ നല്‍കുന്നത്. വ്യത്യസ്തമായ പ്രചോദനങ്ങളും പ്രേരണകളും സമൂഹത്തില്‍ ഉണ്ടാവട്ടെ എന്നും.
കണ്ണൂര്‍ ജില്ലയിലെ മലയോര ഗ്രാമീണ മേഖലയായ ഇരിട്ടി ഭാഗങ്ങളാണ് കഥാ പരിസരം. ആ ഭാഗങ്ങളിലെ ഗ്രാമീണ ഭംഗി അലക്സ് തന്റെ ക്യാമറയില്‍ ഒപ്പിയെടുത്തിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ സവിശേഷ രാഷ്ട്രീയ പാശ്ചാത്തലങ്ങളിലൂടെയും കഥ പോകുന്നുണ്ട്. പക്ഷെ, ആ രംഗങ്ങള്‍ എത്തിയപ്പോള്‍ സ്വാഭാവികത നഷ്ടമാവുകയും, നാടകീയത മുഴച്ചു നില്‍ക്കുകയും ചെയ്യുന്നുണ്ട്. ലേശം ഓവറായി പോയിട്ടുണ്ട്. അതുവരെയുണ്ടായിരുന്ന ഒഴുക്ക് അവിടെ നഷ്ടമായതായും തോന്നി. അല്‍പം വേഗക്കുറവ് പലയിടങ്ങളിലും അനുഭവപ്പെട്ടു. സിനിമയുടെ ഉദ്ദേശശുദ്ധിയെ മാനിച്ചുകൊണ്ട് ആ പോരായ്മകളെ മാറ്റി നിര്‍ത്തിയാല്‍ ‘നോണ്‍സെന്‍സ്’ ഒരു ഫീല്‍ ഗുഡ് സിനിമ തന്നെയാണ്. അതിനുമപ്പുറം മാനവികതയെന്ന മഹത്തായ മൂല്യത്തെ കഥയില്‍ ഉടനീളം കൂടെകൂട്ടുകയും ചെയ്യുന്നു.
മലയാള സിനിമക്ക് എം.സി ജിതിന്‍ എന്ന പുതിയൊരു സംവിധായകനെ കൂടി കിട്ടിയിരിക്കുന്നു. പ്രതീക്ഷ നല്‍കുന്നതാണ് എം.സിയുടെ സമർപ്പണം. അതുപോലെ, റിനോഷ് ജോര്‍ജ്ജിലും പ്രതീക്ഷയുണ്ട്. മലയാളത്തിന് പരിചിതമല്ലാത്ത ബി.എം.എക്സ് എന്നൊരു ഇനം പരിചയപ്പെടുത്തുന്നതിലും സിനിമ വിജയിച്ചു.
പക്ഷെ, ഇനിയും ആളുകളിലേക്ക് സിനിമ എത്തേണ്ടതുണ്ട്. ‘കൊച്ചുണ്ണി’യുടെ ആരവങ്ങളില്‍ ഈ ‘കൊച്ചു’ സിനിമ മുങ്ങി പോവാതെ ഇരിക്കണം. എങ്കിലേ, സിനിമക്ക് വേണ്ടി എം.സിയും കൂട്ടരും പ്രയത്നിച്ച രണ്ടിലധികം വര്‍ഷവും, സ്വപ്നം കണ്ടുനടന്ന അതിലേറെ വര്‍ഷങ്ങളും വിജയിക്കുകയുള്ളൂ.
ആശംസകള്‍…