വടകര: ചിത്രകലയെ ജനകീയമാക്കുക, ഗാലറിയുടെ പ്രവർത്തനങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ചോമ്പാൽ ആർട്ട് ഗാലറിയുടെ നേതൃത്വത്തില്‍ ‘ചിത്രഗ്രാമം’ എന്ന പദ്ധതി ആരംഭിക്കുന്നു. ചോമ്പാല കപ്പുഴക്കലില്‍ ഒക്ടോബർ 17, 18 തിയ്യതികളിലായി നടക്കുന്ന ചിത്രകലാ ക്യാമ്പിൽ ആർട്ട് ഗാലറി ഡയറക്ടറും പ്രശസ്ത ജലച്ചായ ചിത്രകാരനുമായ സദു അലിയൂരിന്റെ നേതൃത്വത്തിൽ 50 ചിത്രകാരന്മാർ വരക്കുന്ന പെയിന്റിംഗുകൾ ആ പ്രദേശത്തെ വീടുകളിൽ പ്രദർശിപ്പിക്കാനാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഗാലറിയുടെ മൂന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് പുതിയ ആശയവുമായി സംഘാടകര്‍ രംഗത്തെത്തിയിരിക്കുന്നത്. ”സ്വന്തം ജീവിതത്തെയും ചുറ്റുപാടുകളേയും അഭിമാനത്തോടെയും ആഹ്ലാദത്തോടെയും ആസ്വദിച്ചറിയാൻ ചിത്രഗ്രാമം പരിപാടി സഹായകരമാകുമെന്നാണ് ഞങ്ങൾ പ്രത്യാശിക്കുന്നതെ”ന്ന്‍ സംഘാടകര്‍ പറഞ്ഞു.