മുഹമ്മദ് ഷഫീഖ് / ബിലാല്‍ ശിബിലി
നവാഗതനായ എം.സി. ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നോണ്‍ സെന്‍സ്’. സംവിധായകനൊപ്പം ആക്ഷൻ ഹീറോ ബിജുവിന്റെ തിരക്കഥാകൃത്തായ മുഹമ്മദ് ഷഫീഖ്, നവാഗതനായ ടി.ബി. ലിബിൻ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയത്. ട്രെയിലര്‍ ഇതിനകം യൂട്യൂബില്‍ ഹിറ്റായിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽ ആദ്യമായി ബൈസിക്കിൾ മോട്ടോർ ക്രോസ് റൈഡിങ് രംഗങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്ന ചിത്രം കൂടിയാണിത്. സിനിമ നാളെ തിയറ്ററുകളിലെത്തുന്നു. ‘നോണ്‍ സെന്‍സി’ന്റെ വിശേഷങ്ങള്‍ ‘ആത്മ’യോട് പങ്കുവെക്കുകയാണ് തിരക്കഥാകൃത്തായ മുഹമ്മദ് ഷഫീഖ്.
തലശ്ശേരി താലൂക്കില്‍ കണ്ണൂര്‍ – കോഴിക്കോട് ജില്ലാ അതിര്‍ത്തിയില്‍ മയ്യഴി പുഴയുടെ തീരങ്ങളിലുള്ള അയല്‍ഗ്രാമങ്ങളാണ് കടവത്തൂരും കരിയാടും. ഷഫീഖ് കടവത്തൂര്‍ എന്ന യുവ എഴുത്തുകാരന്റെ വളര്‍ച്ച കരിയാടില്‍ നിന്ന് ആദ്യമേ ശ്രദ്ധിച്ചിരുന്നു. പത്രപ്രവര്‍ത്തകന്‍, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സിനിമാക്കാരന്‍… അങ്ങനെ ഓരോ ഘട്ടങ്ങളും. ‘ആക്ഷന്‍ ഹീറോ ബിജു’ സിനിമയുടെ ടൈറ്റില്‍സില്‍ മുഹമ്മദ് ഷഫീഖ് എന്ന് പേര് കാണിച്ചു കൊടുത്തപ്പോള്‍ ഉമ്മാന്റെ മുഖത്ത് പ്രതിഫലിച്ച അഭിമാനം ശ്രദ്ധിച്ചിരുന്നു. എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളില്‍ ഉമ്മ ( എം. ഉമൈബ ടീച്ചര്‍ ) പഠിപ്പിച്ചിരുന്നു ഷഫീഖിനെ. പെരിങ്ങത്തൂര്‍ എന്‍. എ. എം സ്കൂളില്‍ നിന്ന്.
‘ആക്ഷന്‍ ഹീറോ ബിജു’ സിനിമയുടെ തിരക്കഥാകൃത്തിനെ കിട്ടിയാല്‍ ചോദിക്കേണ്ട ചില ചോദ്യങ്ങള്‍ സച്ചിന്റെ കയ്യില്‍ ഉണ്ടായിരുന്നു. അതും പറഞ്ഞാണ് അവനെയും നാട്ടിലേക്ക് വിളിച്ചു കൊണ്ടുവന്നത്. മയ്യഴിപുഴയുടെ തീരത്തുള്ള മോന്താലില്‍ ജി. പ്രജിത്തിന്റെ പുതിയ ബിജു മേനോന്‍ ചിത്രത്തിന്റെ ഷൂട്ട് നടക്കുന്നുണ്ട്. അവിടെ കൂടാം എന്ന് ഷഫീഖ് പറഞ്ഞു. ഞങ്ങള്‍ എത്തും മുന്‍പേ അദ്ദേഹം അവിടെ പുഴ തീരത്ത് ബൈക്കില്‍ ഇരിക്കുന്നുണ്ടായിരുന്നു. വ്യക്തിപരമായ വിശേഷങ്ങള്‍ പറഞ്ഞ് തുടങ്ങി. പിന്നീട് മെല്ലെ നാടും സിനിമയും ചര്‍ച്ചയായി. പുതിയ സിനിമ നോൺസെൻസിനെ കുറിച്ചായിരുന്നു ഷഫീഖിന് കൂടുതലും പറയാന്‍ ഉണ്ടായിരുന്നത്.
ഞമ്മളെ തലശ്ശേരി ഭാഷ മൊത്തം വിട്ടോ ?
ഹി ഹി… ഇതിനകത്ത്, സിനിമയില്‍ മൊത്തം തലശ്ശേരി – കണ്ണൂര്‍ ഭാഷയാണ് ഉപയോഗിക്കുന്നത്. വിനയ് ഫോര്‍ട്ടിനെ ഇരുത്തി പഠിപ്പിച്ച് ഡബ്ബ് ചെയ്യിപ്പിച്ചു. മൂപ്പര്‍ക്ക് ഫോര്‍ട്ട് കൊച്ചി സ്ലാങ്ങ് ആണല്ലോ വരിക. അത് മാറ്റിയെടുത്തു.
നോണ്‍സെന്‍സ് എന്ന പേര് ?
എന്താണ് ഇങ്ങനെയൊരു പേര് എന്ന് എല്ലാര്‍ക്കും തോന്നാം. പക്ഷെ, ഇത് സിനിമക്ക് വളരെയധികം യോജിച്ച ഒരു പേരാണ്. സമൂഹത്തിലുള്ള ഒരുപാട് നോണ്‍ സെന്‍സുകളെ ഇതില്‍ സൂചിപ്പിക്കുന്നു. ഒരു സിമ്പിള്‍ സിനിമയാണ്. യൂത്തിനെ മാത്രം കേന്ദ്രീകരിച്ചുള്ള സിനിമയല്ല. വ്യത്യസ്തമായ പ്രചോദനങ്ങളും പാഷനും ഉണ്ടാവട്ടെ എന്നതാണ് സിനിമ മുന്നോട്ട് വെക്കുന്ന പ്രമേയം. നല്ല രസമുള്ള ഒരു കഥയുണ്ട്. നമുക്ക് ആവശ്യം ഡോക്ടര്‍മാരെയും എഞ്ചിനിയര്‍മാരെയും മാത്രമല്ല, കുറച്ചു നല്ല മനുഷ്യരെ കൂടിയാണ് എന്ന് സിനിമ പറഞ്ഞു വെക്കുന്നു.
ബൈസിക്കിള്‍ മോട്ടോ ക്രോസ് (BMX)
മലയാളത്തില്‍ എന്നല്ല, ഇന്ത്യന്‍ ഭാഷകളില്‍ തന്നെ ആദ്യമായിട്ടായിരിക്കും ബൈസിക്കിള്‍ മോട്ടോ ക്രോസ് കേന്ദ്ര പ്രമേയം ആയി വരുന്നത്. നായകന്റെ ഒരു പാഷനാണ് സൈക്കിള്‍ റൈഡ്. സൈക്കിളിന് ബ്രയിക്കില്ല. ബി.എം.എക്സ് രംഗങ്ങൾ നന്നായി ഉപയോഗിക്കുന്നുണ്ട് ചിത്രത്തിൽ. വിദേശ രാജ്യങ്ങളിൽ ഏറെ ജനപ്രീതി നേടിയ സ്പോർട്സ് ഐറ്റമാണിത്. ബീജിംഗ് ഒളിമ്പിക്സില്‍ ഒക്കെ ഉണ്ടായിരുന്ന ഒരു സ്പോര്‍ട്ട് ഇവന്റ് ആണിത്.
നായകന്‍ റിനോഷിന് മൂന്ന് മാസത്തെ സൈക്കിൾ റൈഡ് പരിശീലനം നൽകിയിരുന്നു. ഇന്ത്യയിലെ മുൻനിര ബി.എം.എക്സ് റൈഡർമാരായ ആന്വൽ പാലെ, ഇർഫാൻ ഷെയ്ഖ് തുടങ്ങിയവരായിരുന്നു പരിശീലകർ. ഇന്ത്യയിലെ നമ്പർ വൺ റൈഡർ ആന്വൽ പാലെ സിനിമയിൽ കാമിയോ വേഷത്തിലും പ്രത്യക്ഷപ്പെടുന്നുണ്ട്.
നോണ്‍ സെന്‍സിലേക്ക്, കഥ എഴുത്തിലേക്ക്
സംവിധായകന്‍ എം. സി ജിതിന്‍ നമ്മുടെ സുഹൃത്താണ്. 1983 യുടെ അസി. ഡയറക്ടര്‍ ആയിരുന്നു. ഞാന്‍ 1983 ല്‍ ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍ ആയി വര്‍ക്ക് ചെയ്തിരുന്നു. ജിതിന്റെ മനസിലുണ്ടായിരുന്ന ഒരു ത്രെഡ് ആയിരുന്നു ഇത്. ആദ്യം ഇങ്ങനെ ആയിരുന്നില്ല. പിന്നീട്, കുറെ കാര്യങ്ങള്‍ നമ്മള്‍ ചേര്‍ത്തു. പ്രത്യേകിച്ച് ഒരു സ്ഥലത്ത് ഒറ്റയടിക്ക് ഇരുന്ന് എഴുതിയ ഒരു കഥയല്ല ഇത്. ആക്ഷന്‍ ഹീറോ ബിജുവിന്റെ സമയത്ത് തന്നെ ഇതിന്റെ ചര്‍ച്ച തുടങ്ങിയിരുന്നു. ഞങ്ങള്‍ മൂന്ന് പേരും, (ജിതിന്‍, ലിബിന്‍) മൂന്ന് ഇടങ്ങളില്‍ നിന്ന് പലപ്പോഴായി ചിന്തിച്ചു കൊണ്ടായിരുന്നു കഥ പുരോഗമിച്ചത്. ജിതിന്റെ വീട് ഇരിട്ടിയിലാണ്. ഇരിട്ടിയില്‍ തന്നെയായിരുന്നു കൂടുതല്‍ ഷൂട്ടും.
ഒരുപാട് നിര്‍മാതാക്കളെ സമീപിച്ചു. പലരും കൈമലര്‍ത്തി. ഒരു താരം ഇല്ല എന്നതായിരുന്നു കാരണം. പക്ഷെ, ഈയൊരു കഥയ്ക്ക് പ്ലസ് ടു ലെവലില്‍ ഉള്ള ആളായിരുന്നു വേണ്ടത്. പലര്‍ക്കും ‘നോണ്‍സെന്‍സ്’ എന്ന പേരും പ്രശ്നമായിരുന്നു.
അവസാനമാണ് ജോണി സാഗരികയുടെ അടുത്ത് എത്തുന്നത്. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടു. റിനോഷ് ജോർജ് ആദ്യമേ ഒരു ഓപ്ഷനായി ഉണ്ടായിരുന്നു. പിന്നെ, പെട്ടെന്ന് തന്നെ സിനിമ തുടങ്ങി. വ്യക്തിപരമായി ഒരുപാട് സംതൃപ്തി തന്നൊരു സ്ക്രിപ്റ്റ് ആണിത്. എഴുതിയത് സ്ക്രീനില്‍ കാണുമ്പോള്‍ ഉള്ള ഒരു സന്തോഷം ഉണ്ടല്ലോ, അത് ലഭിച്ചിട്ടുണ്ട്.
ഒക്ടോബര്‍ 12 നാണ് റിലീസ്
ഒക്ടോബര്‍ 12 വെള്ളിയാഴ്ച നടക്കുന്ന കഥയാണ് സിനിമ പറയുന്നത്. യാദൃശ്ചികമെന്നോണം സിനിമ റിലീസ് ചെയ്യുന്നതും അതേ ദിവസമാണ്. അബ്ദുല്‍ കലാമിന്റെ ജന്മദിനമാണല്ലോ ഒക്ടോബര്‍ 15. അതുമായും സിനിമക്ക് ബന്ധമുണ്ട്. നിലവിലുള്ള വിദ്യാഭ്യാസരീതിയിലേക്കും ചിത്രം ഫോക്കസ് ചെയ്യുന്നുണ്ട്. മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിനുള്ള ട്രിബ്യൂട്ട് കൂടിയാണ് ഈ ചിത്രം.
കാസറ്റ് & ക്രൂ
വിദ്യാര്‍ഥികള്‍ അധികവും പുതുമുഖങ്ങളാണ്. പുതുമുഖം റിനോഷ് ജോർജാണ് സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏറെ വൈറലായ ‘ഐ ആം എ മല്ലു’, ‘ദിസ് ഈസ് ബാംഗലൂരു’ തുടങ്ങിയ ആൽബങ്ങൾക്ക് ശേഷം റിനോഷ് ജോർജ് ആദ്യമായി ഫീച്ചർ ഫിലിമിൽ നായകനായെത്തുന്നു എന്ന പ്രത്യേകതയുണ്ട്. ഫെബിയ, ശ്രുതി രാമചന്ദ്രന്‍, വിനയ് ഫോര്‍ട്ട്, കലാഭവന്‍ ഷാജോണ്‍, ബിറ്റോ, ലാലു അലക്സ്, അനില്‍ നെടുമങ്ങാട് തുടങ്ങിയവര്‍ അണിനിരക്കുന്നു. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ജോണി സാഗരിക നിർമിക്കുന്ന ചിത്രം കൂടിയാണിത്.
എം. സി ജിതിന്‍ തന്റെ കഴിവ് മൊത്തം സിനിമക്ക് വേണ്ടി പുറത്തെടുത്തിട്ടുണ്ട്. ആക്ഷന്‍ ഹീറോ ബിജുവിന്റെ ക്യാമറ ചെയ്ത അലക്സ് ആണ് ഇതിന്റെയും ക്യാമറ ചെയ്തത്. ലിബിന്‍ ടി ബിയാണ് സഹ എഴുത്തുകാരന്‍.
എഴുത്ത്, സിനിമ
‘വനിത’യിലായിരുന്നു ജോലി. അവിടെ കൂടെ ജോലി ചെയ്തവരാണ് മാര്‍ട്ടിന്‍ പ്രക്കാട്ട്, എബ്രിഡ് ഷൈന്‍ എന്നിവര്‍. ഞങ്ങള്‍ എല്ലാരും സിനിമ സ്വപ്നം കണ്ടിരുന്നു. ആദ്യം മാര്‍ട്ടിന്‍ പ്രക്കാട്ട് ‘ബെസ്റ്റ് ആക്ടര്‍’ ന് വേണ്ടി അവിടെ നിന്ന് ഇറങ്ങി. പിന്നീട്, നവീന്‍ ഭാസ്കര്‍ ഇറങ്ങി. മാര്‍ട്ടിന്റെ കൂടെ എ. ബി. സി. ഡി ചെയ്തു. പിന്നീട്, ‘അനുരാഗ കരിക്കിന്‍ വെള്ളം’ എഴുതി. സിനിമ നമുക്കൊക്കെ എത്തിപിടിക്കാന്‍ പറ്റുന്ന ഒരു മേഖലയാണ് എന്ന തിരിച്ചറിവ് ലഭിച്ചു.
കുറച്ചു കഴിഞ്ഞപ്പോള്‍ എബ്രിഡ് 1983 മായി ഇറങ്ങി. അതില്‍ സ്ക്രിപ്റ്റ് ചര്‍ച്ചയില്‍ ഒക്കെ പങ്കെടുത്തിരുന്നു. പിന്നീട് ‘ബിജു’വിന്റെ എഴുത്തിന് വേണ്ടിയാണ് എബ്രിഡ് വിളിക്കുന്നത്. അങ്ങനെ ‘ബിജു’വില്‍ എത്തി. ‘ബിജു’ ഒരു വഴിത്തിരിവ് ആയിരുന്നു.
സിനിമക്ക് വേണ്ടി എഴുതുക എന്നത് വളരെയേറെ റിസ്ക്കുള്ള ഒരു പരിപാടിയാണ്. ഒരുപാട് അഡ്ജസ്റ്റ്മെന്റുകള്‍ ചെയ്യേണ്ടി വരും. ഉത്തരവാദിത്വങ്ങള്‍ ഏറെയുണ്ട്. സിനിമ ഇറക്കുന്ന നിര്‍മാതാവിനോട്, അത് കാണുന്ന പ്രേക്ഷകരോട്, സമൂഹത്തോട് അങ്ങനെ ഒരുപാട് പേരോട് നീതി പുലര്‍ത്തണം. ഒന്നര വര്‍ഷം എടുത്തു ‘ബിജു’ എഴുതാന്‍. വലിയൊരു സമയ നിക്ഷേപം ആയിരുന്നു. ഒരു കൗതുകമായിരുന്നു ആദ്യ സിനിമ.
സ്വതന്ത്ര എഴുത്ത്, സംവിധാനം
ഇതുവരെയുള്ള രണ്ടിലും സഹ എഴുത്തുകാര്‍ ഉണ്ടായിരുന്നു. അടുത്തത് സ്വതന്ത്രമായി ചെയ്യാനാണ് ആഗ്രഹം. സംവിധാനം കുറച്ചു റിസ്ക് പിടിച്ച പരിപാടിയല്ലേ… ഇതാവുമ്പോള്‍ എഴുതിയാല്‍ മതിയല്ലോ… ആഗ്രഹമുണ്ട്. എന്നെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യാന്‍. എഴുത്തില്‍ ശ്രദ്ധിക്കാനാണ് കൂടുതല്‍ ഇഷ്ടം.
തുടക്കം
ആദ്യമായി എഴുതിയത് ഒരു കഥാസമാഹാരം ആയിരുന്നു. ഹരിതം ബുക്സ് പ്രസിദ്ധീകരിച്ച ‘മാര്‍ക്കോ മറ്ററാസി, സിനദിന്‍ സിദാനോട് പറഞ്ഞത്’. പിന്നീട്, ‘കടവത്തൂര്‍ കനവുകള്‍’ എന്ന നോവല്‍. അതിന് മികച്ച നവാഗത നോവലിനുള്ള ഗ്രീന്‍ ബുക്സിന്റെ പുരസ്‌കാരം കിട്ടിയിരുന്നു. നമ്മള്‍ നാട്ടില്‍ കണ്ട് പരിചിതരായ ഒരുപാട് കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഒരു പരീക്ഷണ രചനയായിരുന്നു അത്. ‘എന്റെ ഷെര്‍ലക്ക് ഹോംസ് ഭാവാഭിനയങ്ങള്‍’ എന്ന പേരില്‍ ഒരു കഥാസമാഹാരം കൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാവി എഴുത്തുകള്‍
സ്കൂള്‍, കോളേജ് തല മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ ഒക്കെ വാങ്ങുകയും ചെയ്തിരുന്നു. അന്നേയുള്ള ആഗ്രഹം ‘എഴുത്തുകാരന്‍’ ആവുക എന്നതായിരുന്നു. ‘മുയല്‍ചിത്രം, നിറച്ചോക്ക്, ഖലീല്‍ ജിബ്രാന്‍’ എന്ന പേരില്‍ ഒരു നോവല്‍ കൂടി എഴുതിയിരുന്നു. അത്, അതേ പേരില്‍ തന്നെ സിനിമ ആക്കാനുള്ള പദ്ധതിയുണ്ട്.
നോണ്‍ സെന്‍സ് പ്രതീക്ഷകള്‍
ആളുകള്‍ക്ക് ഇഷ്ടപെടും എന്ന് വിശ്വസിക്കുന്നു. പതിയെ ജനങ്ങളിലേക്ക് എത്തട്ടെ. സിനിമ ആവശ്യപ്പെടുന്ന എല്ലാ ചേരുവകളുമുണ്ട്. പുതിയ പ്രചോദനങ്ങള്‍, പുതിയ പാഷന്‍സ് എന്നിവയൊക്കെ സമൂഹത്തിന് നല്‍കാന്‍ പറ്റുമെന്ന് കരുതുന്നു. നമ്മള്‍ നോണ്‍ സെന്‍സ് എന്ന് കരുതുന്നത് ആയിരിക്കില്ല സത്യത്തില്‍ നോണ്‍ സെന്‍സ്, എന്നതാണ് സിനിമ പറഞ്ഞു വെക്കുന്നത്.
ഫോട്ടോ: സച്ചിന്‍ എസ്. എല്‍.