നിഖില്‍ ചന്ദ്രന്‍
ലില്ലി കാണാനാഗ്രഹിച്ചത് ഒരുപാട് പ്രതീക്ഷയോടെയാണ്. ഫസ്റ്റ്ക്ലാസ് പോസ്റ്ററുകളും വ്യത്യസ്തമായ ട്രൈലറുകളും ഒത്തിരി വേറിട്ടു നിന്നതും പ്രതീക്ഷക്ക് ആക്കം കൂട്ടി.
സിനിമ ബുക്ക് ചെയ്യാൻ കഴിയാത്ത ഒരു നിരാശയിൽ ആണ് തിയേറ്ററിൽ എത്തുന്നത്. മലയാളത്തിലെ വ്യത്യസ്തത നിറഞ്ഞ ഒരു സിനിമ കാണാൻ നല്ല തിരക്കാണ് പ്രതീക്ഷിച്ചത്. നിരാശപ്പെടേണ്ടി വന്നെങ്കിലും അത്യാവശ്യം ആൾക്കാരോടു കൂടി സിനിമ തുടങ്ങി. സിനിമാ തിയേറ്ററിലെ സ്ഥിരം വെറുപ്പിക്കൽ പിന്നെ പറയേണ്ടതില്ലല്ലോ പക്ഷേ ഇവിടെ കുറച്ചസ്സഹനീയം ആയിരുന്നു എന്നുമാത്രം.
തൊട്ടു പുറകിൽ ഒരു കൂട്ടം ആളുകളാൽ കമന്റുകളുടെ ഘോഷയാത്ര തുടങ്ങി. ചിലർ ഫോണിലുള്ള സംസാരവും. അയഞ്ഞ പടം ഒരു സമയം കഴിഞ്ഞപ്പോൾ മുറുകി. സീറ്റിലിരുന്നവർ കുറച്ച് സമയം വരെ വീമ്പ് പറഞ്ഞ് കോലാഹലം മുഴക്കിയവർ ഒരക്ഷരം മിണ്ടാതെ സിനിമ തീരും വരെ ഇരുന്നു എന്നുള്ളതാണ്. ലില്ലി വിജയിക്കുന്നത് അവിടെയാണ്. അതേ സമയം തന്നെ സംവിധായകനെയും അഭിനേതാക്കളെയും ഓർത്ത് അഭിമാനം കൊണ്ടു.
ആനുകാലിക സംഭവങ്ങളുടെ സമ്മർദ്ദത്താൽ സാധാരണക്കാരിൽ സാധാരണക്കാരിയായ ലില്ലി ഒരു പ്രശ്നത്തിലകപ്പെട്ടു. തനിക്കും കുഞ്ഞിനും ജീവൻ നഷ്ടമാകുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നിടങ്ങളിലും അവളുടെ അതിജീവനായുള്ള ശ്രമങ്ങളിലും പ്രേക്ഷകർ മുൾമുനയിലാവുന്നു. അശക്തയെന്ന് കരുതി ഇരുട്ടിൽ കഴിയുന്ന അനേകം സ്ത്രീകൾക്ക് ലില്ലി ഒരു മിന്നാമിനുങ്ങിന്റെ വെട്ടമാണ്. വഴികാട്ടിയാണ്…
കഥാസാരാംശം പറയുന്നില്ല കാരണം ലില്ലിയുടെ ഓരോ സീനും വിലപ്പെട്ടതാണ് അതിന്റെ ജീവനാണ്. ഒന്നോ രണ്ടോ അഭിനേതാക്കളെ ഒഴിച്ചു നിർത്തിയാൽ ബാക്കി കുറേ ജീവിക്കുന്ന മനുഷ്യരെയാണ് കണാൻ കഴിഞ്ഞത്. നിധീഷ്, കുറച്ചേ ഉള്ളൂ എങ്കിലും നിന്റെ ഭാഗം നീ ഭംഗിയായി ചെയ്തു . സാലി, കണ്ണൻ നായരില്‍ കൃത്യതയോട് കൂടി അതീവ സുരക്ഷിതനാണ്. ധനേഷ് നിന്റെ വില്ലത്തരം കൊണ്ട് നിന്നെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ എന്ന് പറഞ്ഞവരുണ്ട് തിയ്യേറ്ററിൽ. അതു നിനക്കുള്ള ഒന്നാന്തരമൊരു അവാർഡാണ്. ലില്ലിയുടെ നിസ്സഹായതയും, വേദനയും, ഒടുവിൽ നല്ല അസ്സൽ മൂർച്ചയുള്ള മുള്ളാവുന്ന രംഗങ്ങൾ വളരെ തന്മയത്വത്തോടെയും ചെയ്യാൻ സംയുക്തയ്ക്ക് കഴിഞ്ഞു .
സിനിമയിലെ ആർട്ടിന്റെ വിഭാഗത്തെ എത്ര പ്രശംസിച്ചലും മതിയാവില്ല. കളറുകൾക്ക് സിനിമയിലുള്ള പ്രാധാന്യം അവർ നന്നായി ഉപയോഗിച്ചിട്ടുണ്ട്. ക്യാമറാമാൻ ഓരോ രംഗവും ഒപ്പി എടുക്കുകയായിരുന്നു. നമ്മൾ നേരിട്ട് ലില്ലിയുടെ ജീവിതം കാണുന്ന പോലെ തോന്നിപ്പിച്ചു. ലൈറ്റപ്പുകളും ഷോട്ടുകളും ഗംഭീരമായിരുന്നു. എഡിറ്റിംഗ് മികവിൽ ലില്ലി കൂടുതൽ സുന്ദരിയായി. ബാക് ഗ്രൗണ്ട് മ്യൂസിക്ക് ലില്ലിയുടെ അതിജീവനത്തിന് വല്ലത്തൊരു ഊര്‍ജ്ജമാണ് നൽകുന്നത് .
പിഴവുകൾ സ്വാഭാവികമാണ്. അതും ഒരു നവാഗത സംവിധായകനിൽ നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്. ആദ്യ സീനുകളിൽ നമുക്കത് ചെറുതായി ഫീൽ ചെയ്യുന്നുണ്ടെങ്കിലും അതിലൊന്നും ശ്രദ്ധ കൊടുക്കാൻ നമുക്ക് പിന്നീടങ്ങോട്ട് ലില്ലിയിൽ സമയമില്ല. സുപ്രധാന സന്ദർഭങ്ങളാൽ ലില്ലി തന്നെ അത് മറയ്ക്കുന്നു. എങ്കിലും ചില ആൾക്കാരുടെ A സർട്ടിഫിക്കറ്റിനോടുള്ള കാഴ്ചപ്പാടുകൾ മാറേണ്ടതായിട്ടുണ്ട്. പണ്ട് കാലത്ത് A സർട്ടിഫിക്കറ്റ് എന്നാൽ രോമാഞ്ച സിനിമകൾക്ക് മാത്രം കൊടുക്കുന്നതിനാലാവാം ആ മനോഭാവം എന്നു കരുതുന്നു. മലയാളത്തിൽ വയലൻസ് അതിപ്രസരങ്ങൾ ഉള്ള പടങ്ങൾ കുറവായതും A യുടെ സ്ഥാനം അവിടെയായി ചുരുക്കി.
ഒരു തലത്തിൽ ചിന്തിച്ചാൽ ലില്ലിയിൽ ചില നേരത്തുള്ള വയലൻസ് നമുക്ക് മനം മടുപ്പിക്കില്ല. അത്യാവശ്യമെന്ന്‍ തോന്നിപ്പിക്കുന്നതാണ്. നൂറു ശതമാനം ഉറച്ച് പറയാം. പ്രശോഭ് വിജയന്‍റെ ലില്ലി നിങ്ങളെ നിരാശപ്പെടുത്തില്ല. അവൾ ചുണക്കുട്ടിയാണ്… എല്ലാവരിലും അതിജീവനത്തിന്റെ ഒരു ലില്ലി ഒളിഞ്ഞിരിപ്പുണ്ട്…