വെണ്മണി ഹരിദാസ് അനുസ്മരണവും പുരസ്‌കാരസമര്‍പ്പണവും

0
815

പാലക്കാട്: കാറല്‍മണ്ണ വാഴേങ്കട കുഞ്ചുനായര്‍ സ്മാരക ട്രസ്റ്റ് ഹാളില്‍ വെച്ച് സെപ്തംബര്‍ 16ന് കലാമണ്ഡലം വെണ്മണി ഹരിദാസിന്റെ 13-ാം ചരമവാര്‍ഷികവും അനുസ്മരണ സമ്മേളനവും നടത്തുന്നു. വെണ്മണി ഹരിദാസ് അനുസ്മരണ സമിതിയുടെയും കാറല്‍മണ്ണ വാഴേങ്കട കുഞ്ചുനായര്‍ സ്മാരക ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കഥകളിപ്പദക്കച്ചേരി, സ്മൃതിഭാഷണം, പുരസ്‌കാരസമര്‍പ്പണം, ഡോക്യുമെന്ററി പ്രദര്‍ശനം, കഥകളി എന്നിവയോടെയാണ് അനുസ്മരണം. വൈകീട്ട് മൂന്ന് മണിയോടെ വെണ്മണി ഹരിദാസന്റെ ഛായാചിത്രത്തിന് മുന്നില്‍ വിളക്ക് തെളിയിച്ചുകൊണ്ടാണ് തുടക്കം.

വെണ്മണി ഹരിദാസ് 1946 സെപ്റ്റംബര്‍ 16ന് ആലുവായിലെ വെണ്മണി മനയില്‍ ജനിച്ചു. അച്ഛന്‍ വെണ്മണി നാരായണന്‍ നമ്പൂതിരിപ്പാട്. അമ്മ തൃശ്ശൂര്‍ കൈപ്പറമ്പ് കുറൂര്‍ ദേവസേന അന്തര്‍ജ്ജനം. തൊട്ടടുത്തുള്ള അകവൂര്‍ മനയില്‍ കഥകളി കണ്ട് അദ്ദേഹത്തിനു കഥകളിയില്‍ കമ്പം ജനിച്ചു. മുണ്ടക്കല്‍ ശങ്കര വാര്യരുടെ അടുത്ത് നിന്ന് കഥകളി സംഗീതം ആദ്യപാഠങ്ങള്‍ പഠിച്ചു. 1960 ഹരിദാസ് കലാമണ്ഡലത്തില്‍ ചേര്‍ന്നു. നീലകണ്ഠന്‍ നമ്പീശന്‍, ശിവരാമന്‍ നായര്‍ എന്നിവരായിരുന്നു ഹരിദാസിന്റെ ഗുരുനാഥന്മാര്‍. പിന്നീട് കലാമണ്ഡലം ഗംഗാധരന്‍ കലാമണ്ഡലത്തില്‍ സംഗീതാദ്ധ്യാപകനായി ചേര്‍ന്നപ്പോള്‍ ഹരിദാസ് അദ്ദേഹത്തിന്റെ പ്രഥമശിഷ്യനായി. ശങ്കരന്‍ എംബ്രാന്തിരി, മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി, കലാമണ്ഡലം ഹൈദരാലി എന്നിവര്‍ അദ്ദേഹത്തിന്റെ തൊട്ടുമുന്‍പായി കലാമണ്ഡലത്തില്‍ സംഗീതം അഭ്യസിച്ചവരാണ്. സംഗീതപഠനം കഴിഞ്ഞ ഹരിദാസ് 1968ല്‍ ദര്‍പ്പണ (അഹമ്മദാബാദ്) യില്‍ സംഗീതാദ്ധ്യാപകനായി ചേര്‍ന്നു. ഹിന്ദുസ്റ്റാന്‍ സംഗീതത്തില്‍ അറിവ് നേടാന്‍ ഈ കാലം ഹരിദാസിനെ സഹായിച്ചു. 1978ല്‍ തിരുവനന്തപുരത്തെ മാര്‍ഗ്ഗിയില്‍ അദ്ദേഹം കഥകളി സംഗീതാദ്ധ്യാപകനായി ചേര്‍ന്നു. കരള്‍ രോഗബാധിതനായി അദ്ദേഹം 2005 സെപ്റ്റംബര്‍ 17ന് തിരുവനന്തപുരത്ത് വെച്ച് അന്തരിച്ചു.

ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത സ്വം, വാനപ്രസ്ഥം എന്നീ രണ്ട് മലയാളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എന്‍.പി വിജയകൃഷ്ണന്‍ അദ്ദേഹത്തിന്റെ ജീവചരിത്രം ‘ഭാവഗായകന്‍’ എന്നപേരില്‍ എഴുതി റെയ്ന്‍ബോ ബുക്ക്‌സ് ചെങ്ങന്നൂര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ചിത്തരഞ്ജിനി റിമംബറിങ്ങ് ദ മാസ്‌റ്റ്രോ’ ഹരിദാസിനെ കുറിച്ച് ഒരു ഡോക്യുമെന്ററി സെന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ശ്രീ സുനില്‍ ഗോപാലകൃഷ്ണനും രതീഷ് രാമചന്ദ്രനും ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here