സച്ചിന്‍ എസ്.എല്‍
തന്റെ ജീവിതയാത്രകൾ പങ്കുവെയ്ക്കാനൊരുങ്ങി നടി അനുമോൾ. വിരലിലെണ്ണാവുന്ന സിനിമകളേ ഉള്ളൂവെങ്കിലും അഭിനയിച്ചവയിൽ ഏറ്റവും വ്യത്യസ്തതയും അതിലുപരി വ്യക്തിത്വ മികവും പുലർത്തിയ മലയാള ചലച്ചിത്ര താരത്തിന്റെ പുതിയ ഒരു ചുവടു വെയ്പാണ് അനുയാത്ര എന്ന യൂ ട്യൂബ് ചാനൽ സംരംഭം. പേരു സൂചിപ്പിക്കുന്നതു പോലെ “തന്റെ ദിനചര്യകളിൽ തന്നോടൊപ്പമുള്ള ഒരു യാത്ര തന്നെയാവും അനുയാത്ര” എന്ന് നടി സൂചിപ്പിച്ചു.”
മലയാളത്തനിമയുള്ള കഥാപാത്രങ്ങൾ ഏറെ ചെയ്ത അനു മോളുടെ ‘ഞാൻ’ സിനിമയിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുപോലെ കവി പി. കുഞ്ഞിരാമൻ നായരുടെ ജീവിത കഥയെ ആസ്പദമാക്കി ചലച്ചിത്രമാക്കപ്പെട്ട ‘ഇവൻ മേഘരൂപനിലെ’യും വേഷം ശ്രദ്ധ നേടി. ഇതായിരുന്നു അവരുടെ ആദ്യ മലയാള സിനിമയും. തെയ്യം കലാകാരിയായ ഗൗരിയെ അവതരിപ്പിച്ച ‘ചായില്ല്യം’ നടിയുടെ കഴിവിനെ വാഴ്ത്തിയ സിനിമയാണ്. ഫഹദ് ഫാസിലിനൊപ്പം ‘അകം’ എന്ന സിനിമയിലും ഏറെ മികച്ചു നിന്നൊരു കഥപാത്രമാണ് അനു ചെയ്തത്. ഉടലാഴം, പത്മിനി എന്നീ സിനിമകൾ വരാനിരിക്കുന്നു. ഒരു പക്ഷേ നടിയുടെ കരിയറിൽ വാണിജ്യ നിലവാരം പുലർത്തിയ സിനിമകൾ ഇല്ല എന്നു തന്നെ പറയാം. കാമ്പുളള, കഥയുള്ള സിനിമകളുടെ ഭാഗമായ ഈ നടി സമൂഹിക പ്രവർത്തക, ആക്ടിവിസ്റ്റ് എന്നീ നിലകളിലും ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്.
അങ്ങനെയുള്ള അനുമോളുടെ ഈ യൂ ട്യൂബ് ചാനലിലും ഏറെ വ്യത്യസ്തതകൾ കാണാനാകുമെന്ന് വിശ്വസിക്കാം.
തന്റെ ചിന്തകളോടൊപ്പമുള്ള യാത്രകളിൽ നമ്മെ കൂടെ ക്ഷണിച്ച നടി എല്ലാവിധ സഹകരണങ്ങളും പ്രാർത്ഥനകളും തുടർന്നും വേണമെന്ന് അഭ്യർത്ഥിച്ചു.
‘അനുയാത്ര’യുടെ ഇൻട്രൊഡക്ഷൻ വീഡിയോ കാണാം: