സജീർ എസ്. ആർ. പി
കോഴിക്കാേടിനെ ഹൽവയുടെ
പേരിൽ മാത്രമല്ല
ഗസലുകളുടെ പേരിൽ കൂടിയാണ്
ഞാൻ ഓർത്തുവെച്ചത്
കിട്ടുന്നതെന്തിലും
താളം പിടിക്കുന്ന
പാടുമ്പോഴെപ്പോഴും
ബാബുക്കയെ
ഓർക്കുന്ന
മനുഷ്യരുടെ നാട്.
മുഹമ്മദ് റാഫിയുടെ
പേരിലൊരു റോഡിനെ
അടയാളപ്പെടുത്തിയ നാട്.
ആഡംബരത്തിന്റെ
നഗര മുഖങ്ങൾക്കപ്പുറത്ത്
പച്ച ജീവിതങ്ങളുടെ
ചെറിയ തെരുവുകൾ
കൂടി ഉൾപ്പെട്ടതാണ്
കോഴിക്കോട്.
കോഴിക്കോടൻ
തെരുവുകൾക്കെപ്പോഴും
പാട്ടിന്റെ മണമുണ്ടെന്ന്
തോന്നാറുണ്ട്.
ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ
കെട്ടിടത്തിനു മുകളിൽ നിന്ന്
ആരോ ഹാർമോണിയത്തിൽ
വിരലുകളമർത്തുന്നുണ്ടാവും.
നന്നേ പ്രായം ചെന്ന ശബ്ദത്തിൽ
ബാബുക്കയെ
അല്ലെങ്കിൽ മുഹമ്മദ് റാഫിയെ
പാടുന്നുണ്ടാവും.
ആ പാട്ടിന്റെ അലയൊലികൾ
തെരുവുകളിലൂടെ പടരുന്നുണ്ടാവും.
സമ്പന്നരുടെ
ആസ്വാദനരുചിക്കനുസരിച്ച്
തെരുവുകളെ അണിയിച്ചൊരുക്കുമ്പോൾ
പുറം തള്ളുന്ന
അന്നന്നത്തെ അന്നം തേടുന്ന
മനുഷ്യരിലാണ് കോഴിക്കോടിന്റെ ആത്മാവുള്ളത്.
കോഴിക്കോടൻ സാംസ്കാരിക ഇടങ്ങളെ തിരിച്ച് പിടിക്കാം. ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് പരിപാടി. കിഡ്സൺ കോർണറിൽ.