സംസ്ഥാനത്തെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്കൂള്‍ കുട്ടികളുടെ സംഭാവന 12.8 കോടി രൂപ. ഇന്നലെയും ഇന്നുമായി ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസ്സുകളുള്ള സ്കൂളുകളിലെ കുട്ടികളില്‍ നിന്നും ശേഖരിച്ച തുക കൈറ്റിന്റെ ‘സമ്പൂര്‍ണ’ പോര്‍ട്ടലില്‍ വൈകുന്നേരം 6 മണി വരെ രേഖപ്പെടുത്തിയ കണക്കാണിത്. കണക്ക് രേഖപ്പെടുത്തിയ 12,855 സ്കൂളുകളില്‍ 212 സ്കൂളുകള്‍ (സി.ബി.എസ്.ഇ. – ഐ.സി.എസ്.ഇ.) ഒഴികെ മുഴുവനും സംസ്ഥാന സിലബസില്‍ നിന്നുമുള്ള സ്കൂളുകളാണ്. ഏറ്റവും കൂടുതല്‍ തുക രേഖപ്പെടുത്തിയ സ്കൂള്‍ (10.05 ലക്ഷം) കോഴിക്കോട് നടക്കാവ് ഗവ. ഗേള്‍സ് വി.എച്ച്.എസ്.എസ്. സ്കൂളും ജില്ല മലപ്പുറവുമാണ് (2.1 കോടി). പല സ്കൂളുകളും തുക അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നതിനാല്‍ ശേഖരിച്ച കൃത്യമായ കണക്ക് നാളെ മാത്രമേ ലഭ്യമാകൂ. സംസ്ഥാനത്ത് ആദ്യമായാണ് അന്‍പത് ലക്ഷത്തോളം കുട്ടികളില്‍ നിന്നും ഒരേ സമയം റിലീഫ് ഫണ്ട് ശേഖരിക്കുന്നതും അവയുടെ തത്സമയ കണക്കെടുപ്പ് ഓണ്‍ലൈനായി നടത്തുന്നതും. ഈ മഹനീയ ദൗത്യത്തില്‍ പങ്കാളികളായ മുഴുവന്‍ കുട്ടികളേയും, രക്ഷിതാക്കളെയും അധ്യാപകരെയും അഭിനന്ദിക്കുന്നു.