വൈശാഖൻ തന്പി
ശാസ്ത്രജ്ഞരെന്ന് പറയുന്നവരുടെ അന്ധവിശ്വാസത്തെ കുറിച്ച് എല്ലാവർക്കും അറിയാം. ചിലർ അത് പരിഹാസ്യമായി കാണുമ്പോൾ ചിലരതിനെ തങ്ങളുടെ അന്ധവിശ്വാസങ്ങൾക്ക് കിട്ടുന്ന മെരിറ്റ് സർട്ടിഫിക്കറ്റായിട്ടാണ് കാണുന്നത്. ഇതിൽ ആദ്യത്തെ കൂട്ടരിൽ പലരും, ഇവർക്കെങ്ങനെയാണ് ഇത്രയൊക്കെ സയൻസ് പഠിച്ചിട്ടും അന്ധവിശ്വാസിയാവാൻ കഴിയുന്നത് എന്ന് സംശയിക്കുന്നത് കണ്ടിട്ടുണ്ട്. സത്യത്തിൽ അതത്ര ദുരൂഹമായ ഒരു കാര്യമല്ല.
സയൻസിന്റെ പ്രത്യേകത അതിനെ ആർക്കും സ്വാധീനിക്കാൻ ആവില്ല എന്നതാണ്. നിങ്ങളുടെ വിശ്വാസങ്ങൾക്കോ ആഗ്രഹങ്ങൾക്കോ താത്പര്യങ്ങൾക്കോ ഒന്നും അതിനെ സ്വാധീനിക്കാൻ പറ്റില്ല. കാരണം അതിന് വസ്തുനിഷ്ഠമായ (objective) നിലനില്പ് മാത്രമേ ഉള്ളൂ. വസ്തുനിഷ്ഠമല്ലാത്ത ഒരുപാട് കാര്യങ്ങൾ നമ്മുടെ ജീവിതത്തിലുണ്ട്. ഉദാഹരണത്തിന് ‘ചുവപ്പാണോ നീലയാണോ നല്ല നിറം?’ എന്ന് ചോദിച്ചാൽ, അതിന്റെ ഉത്തരം വസ്തുനിഷ്ഠമായി പറയാൻ സാധിക്കില്ല. അത് ഓരോരുത്തർക്കും ഓരോന്നുപോലെയാണ്. അല്ലെങ്കിൽ, അവിടെ ഉത്തരം വ്യക്തിനിഷ്ഠമാണ് (subjective) എന്ന് പറയാം. വ്യക്തിയുടെ താത്പര്യം അനുസരിച്ചായിരിക്കുമല്ലോ അവിടെ ഉത്തരം. ഒന്ന് തെറ്റെന്നോ മറ്റേത് ശരിയെന്നോ പറയുന്നതിൽ അർത്ഥമില്ല. എന്നാൽ ‘ചുവപ്പിനാണോ നീലയ്ക്കാണോ തരംഗദൈർഘ്യം കൂടുതൽ?’ എന്നാണ് ചോദ്യമെങ്കിൽ അവിടെ വ്യക്തിനിഷ്ഠമായ ഉത്തരത്തിന് പ്രസക്തിയില്ല. ആരാണ് അളക്കുന്നതെങ്കിലും അവിടെ ചുവപ്പിന് തന്നെയായിരിക്കും തരംഗദൈർഘ്യം കൂടുതൽ. അവിടെ, നീലയ്ക്ക് തന്നെ തരംഗദൈർഘ്യം കൂടിയേ പറ്റൂ എന്ന് ആഗ്രഹിച്ചിട്ടോ വാശിപിടിച്ചിട്ടോ കാര്യമില്ല.
ഗുരുത്വാകർഷണം മുകളിലോട്ട് പ്രവർത്തിക്കണം എന്ന് വാശിപിടിച്ചിട്ട് കെട്ടിടത്തിൽ നിന്ന് ചാടിയാൽ എങ്ങനെയിരിക്കും? അവിടത്തെ സയൻസ് പറഞ്ഞാൽ, രണ്ട് വസ്തുക്കൾ തമ്മിലുള്ള ഗുരുത്വാകർഷണത്തിന്റെ ദിശ അവയെ തമ്മിൽ ബന്ധിപ്പിക്കുന്ന വരയിലൂടെ ആയിരിക്കും. ഇവിടെ ഭൂമിയും ചാടുന്ന മനുഷ്യനും തമ്മിലുള്ള ഗുരുത്വാകർഷണമാണ് പരിഗണിക്കേണ്ടത് എന്നതിനാൽ, മനുഷ്യനിൽ പ്രവർത്തിക്കുന്ന ബലം ഭൂമിയുടെ കേന്ദ്രത്തിലേക്ക് (അതായത്, താഴേയ്ക്ക്) ആയിരിക്കും. ഇതേ ബലത്തിന്റെ അളവ് പരിഗണിച്ചാൽ, അത് രണ്ട് വസ്തുക്കളുടേയും പിണ്ഡത്തിന് ആനുപാതികമായിട്ടും ദൂരത്തിന്റെ വർഗത്തിന് വിപരീത അനുപാതത്തിലും ആയിരിക്കും. ഇത് ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇങ്ങനെയേ സംഭവിക്കൂ. ചാടിയാൽ നേരെ താഴോട്ട് തന്നെ വരും. വസ്തുനിഷ്ഠമായ ഈ യാഥാർത്ഥ്യത്തെ ന്യൂട്ടന്റെ ഗുരുത്വാകർഷണനിയമത്തിന്റെ രൂപത്തിൽ നമ്മൾ സയൻസ് ക്ലാസിൽ പഠിക്കുന്നു. ഇങ്ങനെ പ്രസ്താവിക്കാം അതിനെ:
“പ്രപഞ്ചത്തിലെ ഏത് രണ്ട് വസ്തുക്കളും പരസ്പരം ആകർഷിക്കുന്നുണ്ട്. ആ ആകർഷണബലം അവയുടെ പിണ്ഡത്തിന്റെ ഗുണനഫലത്തിന് നേർ അനുപാതത്തിലും, അവ തമ്മിലുള്ള ദൂരത്തിന്റെ വർഗത്തിന് വിപരീത അനുപാതത്തിലും ആയിരിക്കും.”
ഇത് ആദ്യം പറഞ്ഞ ന്യൂട്ടൻ പരീക്ഷിച്ചാലും ഞാനോ നിങ്ങളോ പരീക്ഷിച്ചാലും ഒരുപോലെ ബോധ്യപ്പെടാവുന്ന കാര്യമാണെന്ന് പറഞ്ഞല്ലോ. ഇനി ഈ നിയമത്തിന്റെ പ്രസ്താവനയിൽ നമ്മളൊരു ചെറിയ മാറ്റം വരുത്താൻ പോകുകയാണ്.
“പ്രപഞ്ചത്തിലെ ഏത് രണ്ട് വസ്തുക്കളേയും ദൈവം പരസ്പരം അടുപ്പിക്കാൻ ശ്രമിക്കും. എത്രത്തോളം അടുപ്പിക്കണം എന്നത്, വസ്തുക്കളുടെ പിണ്ഡത്തിന്റെ ഗുണനഫലത്തിന്റെ നേർ അനുപാതവും അവ തമ്മിലുള്ള ദൂരത്തിന്റെ വർഗത്തിന്റെ വിപരീത അനുപാതവും പരിഗണിച്ചാണ് ദൈവം തീരുമാനിക്കുന്നത്.”
ശ്രദ്ധിച്ചാൽ, ന്യൂട്ടന്റെ ഗുരുത്വാകർഷണനിയമത്തിന്റെ ഒരു ‘കുമ്മനൈസ്ഡ്’ വെർഷനാണ് ഇതെന്ന് കാണാം. നേരത്തേ ഇല്ലാതിരുന്ന ഒരാൾ ആ നിയമത്തിനകത്തേയ്ക്ക് നുഴഞ്ഞുകയറി ഇരിപ്പുണ്ട് എന്ന വ്യത്യാസമേയുള്ളു രണ്ടും തമ്മിൽ. ഇനി ഈ രണ്ട് നിയമങ്ങളും പരീക്ഷിച്ച് നോക്കിയാലോ? നിയമം പ്രവചിക്കുന്ന കാര്യങ്ങൾ, അത് പരീക്ഷണം നടത്തി നോക്കിയാൽ നേരിട്ട് നിരീക്ഷിക്കാനാവുമോ എന്ന് നോക്കിയാൽ മതി. പിണ്ഡം മാറുന്നതിനനുസരിച്ച് ആകർഷണബലം എങ്ങനെ വ്യത്യാസപ്പെടുന്നു, ദൂരം മാറുമ്പോൾ എന്ത് വ്യത്യാസം വരുന്നു എന്നൊക്കെ പരീക്ഷിച്ച് നോക്കിയാൽ രണ്ട് നിയമങ്ങളും പ്രവചിക്കുന്നതുപോലെ തന്നെയാണ് ഫലങ്ങൾ എന്ന് ബോധ്യപ്പെട്ടും. ഈ പ്രകൃതിനിയമം ഉപയോഗിച്ച് നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ പ്ലാനുണ്ടെങ്കിലും രണ്ടിനേയും ഒരേ രീതിയിൽ ഉപയോഗിക്കാവുന്നതേയുള്ളൂ. അതായത്, പ്രയോഗക്ഷമതയിൽ ഈ രണ്ട് നിയമങ്ങളും ഒരുപോലെ തന്നെയാണ്. ഒരു ഷോട്ട്പുട്ട് ബോൾ എറിയുമ്പോൾ പരമാവധി ദൂരെപ്പോകാൻ എത്ര കോണിൽ എറിയണം എന്ന് തീരുമാനിക്കാൻ നിങ്ങൾക്ക് രണ്ട് നിയമങ്ങളും ഒരുപോലെ ഉപയോഗിക്കാം. എന്തിനധികം ഒരു സാറ്റലൈറ്റിനെ ഭ്രമണപഥത്തിൽ എത്തിക്കാനും രണ്ടും ഒരുപോലെ ഉപയോഗിക്കാൻ പറ്റും. കാരണം ലളിതമാണ്, പ്രകൃതിയിലെ സ്വാഭാവികപ്രതിഭാസങ്ങൾ ചില ഭൗതികനിയമങ്ങൾ അനുസരിക്കുന്നുണ്ട്. ആ നിയമങ്ങൾ താനേ ഉണ്ടായതാണോ അതോ ആരെങ്കിലും ഉണ്ടാക്കിയതാണോ, ആണെങ്കിൽ ആരുണ്ടാക്കിയതാണ് എന്നതൊന്നും അവിടത്തെ നിരീക്ഷണങ്ങളിൽ ഒരു വ്യത്യാസവും വരുത്തില്ലല്ലോ. The laws themselves are all that matters!
ഇവിടെയാണ് അന്ധവിശ്വാസിയുടെ സുവർണരഹസ്യം കിടക്കുന്നത്. ഏത് പ്രകൃതിനിയമത്തിലും, എന്തും തിരുകിക്കയറ്റാനുള്ള ഒരു സാധ്യത കിടപ്പുണ്ട്. മറ്റൊരു ഉദാഹരണം നോക്കൂ:
“ഏത് ബലം പ്രയോഗിച്ചാലും അതേസമയം അതിന് തുല്യവും വിപരീതവുമായ ഒരു എതിർബലം ഡിങ്കൻ പ്രയോഗിക്കും”
ന്യൂട്ടന്റെ മൂന്നാം ചലനനിയമവും ഇതും കൃത്യം ഒരേ ഫലമാണ് ഉണ്ടാക്കാൻ പോകുന്നത്. നിരീക്ഷണത്തിലോ പരീക്ഷണത്തിലോ ഒരു വ്യത്യാസവും വരുത്താത്തതും, എന്നാൽ നിങ്ങളുടെ മനസ്സിന് സുഖം തരുന്നതുമായ ഒരു സാധനം കിട്ടിയാൽ അത് ഏത് പ്രകൃതിനിയമത്തിലും തിരുകിക്കയറ്റാമെന്നാണ് ഇതിനർത്ഥം. എല്ലാം കണ്ടും കേട്ടും ഇരിക്കുന്ന, സകലതും പടച്ചുവിട്ട, നിങ്ങളുടെ നന്മയ്ക്ക് സമ്മാനം തരുന്ന, മറ്റുള്ളവരുടെ കുറ്റങ്ങൾക്ക് ശിക്ഷ കൊടുക്കുന്ന സർവശക്തനും സർവവ്യാപിയും സർവൈകകൊണാണ്ടറുമായ ഒരു ദൈവം ആരും ആഗ്രഹിച്ചുപോകുന്ന ഒരു ഓഫറാണ്. അതിനെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ ഏത് സിദ്ധാന്തത്തിനകത്തും തിരുകാമെന്നിരിക്കേ, ശാസ്ത്രം പഠിച്ചുവെന്ന് പറയുന്നവർക്ക് അന്ധവിശ്വാസിയാവാൻ പിന്നെ എന്ത് തടസ്സമാണുള്ളത്? ശാസ്ത്രപുസ്തകത്തിൽ എഴുതിവെച്ചിരിക്കുന്നതും വിശ്വാസങ്ങളും ഒരേസമയം നിങ്ങൾക്ക് കൊണ്ടുപോകാൻ സാധിയ്ക്കും.
ഇപ്പറഞ്ഞത്, വിശ്വാസത്തെ കൂടി കൊണ്ടുപോകേണ്ടത് നിങ്ങളുടെ ആവശ്യമോ ആഗ്രഹമോ ആകുമ്പോഴാണ്. പക്ഷേ എല്ലാവർക്കും അത് അങ്ങനെയാകണം എന്നില്ല. ഫ്രഞ്ച് ന്യൂട്ടൻ എന്നറിയപ്പെടുന്ന വിശ്രുതനായ ഒരു ശാസ്ത്രജ്ഞനുണ്ട് – പിയറി സൈമൺ ലപ്ലാസ് (Pierre Simon Laplace). അദ്ദേഹം ഒരിയ്ക്കൽ പ്രപഞ്ചത്തിന്റെ പ്രവർത്തനത്തെ അന്ന് അറിയപ്പെട്ടിരുന്ന ഭൗതികനിയമങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കുന്ന ഒരു വലിയ പുസ്തകം രചിച്ച് നെപ്പോളിയനെ കാണിയ്ക്കാൻ ചെന്നുവത്രേ. ഇതിനെപ്പറ്റി നേരത്തേ പറഞ്ഞറിഞ്ഞിരുന്ന നെപ്പോളിയൻ ചോദിച്ചു – “അല്ലാ ലപ്ലാസ്, പ്രപഞ്ചത്തിന്റെ പ്രവർത്തനത്തെ കുറിച്ച് ഇത്രേം വലിയൊരു പുസ്തകം എഴുതിയിട്ട് ഇതിലെങ്ങും നിങ്ങൾ ദൈവത്തെക്കുറിച്ച് ഒരിടത്ത് പോലും പറഞ്ഞിട്ടില്ല എന്നാണല്ലോ കേട്ടത്.” ലപ്ലാസ് കൊടുത്ത മറുപടി ഇങ്ങനായിരുന്നു – “ശരിയാണ്. കാരണം, എനിക്ക് അങ്ങനൊരു സങ്കല്പത്തിന്റെ ആവശ്യം വന്നേയില്ല” (I had no need of that hypothesis)
നിരീക്ഷണങ്ങളേയും പ്രയോഗത്തേയും ഒരു രീതിയിലും സ്വാധീനിക്കാത്ത സങ്കല്പങ്ങളെ ഭൗതികനിയമങ്ങളിൽ കുത്തിത്തിരുകി അതിനെ കൂടുതൽ സങ്കീർണമാക്കേണ്ട ആവശ്യമുണ്ടോ? അതിന്റെ ഉത്തരം വസ്തുനിഷ്ഠമല്ല, വ്യക്തിനിഷ്ഠമാണ്. ചിലർക്കത് വേണം, ചിലർക്കത് വേണ്ട. ന്യൂട്ടന് അത് വേണമായിരുന്നു, ലപ്ലാസിന് അത് വേണ്ടിയിരുന്നില്ല. എല്ലാവർക്കും ഒരുപോലെ ബോധ്യപ്പെടാനാവാത്ത, വ്യക്തിനിഷ്ഠമായതൊന്നും സയൻസിന്റെ പരിധിയിൽ വരുന്നതല്ല എന്ന് പറഞ്ഞല്ലോ. അതുകൊണ്ട് തന്നെ അത്തരം കലർപ്പുകൾക്കൊന്നും സയൻസിൽ പ്രത്യേകിച്ച് റോളില്ല. നിയമങ്ങൾ ഇങ്ങനൊക്കെയാണ് എന്ന് പറയാമെന്നല്ലാതെ, അത് ആരോ ഉണ്ടാക്കിവെച്ചതാണ് എന്ന് പറയാൻ വസ്തുനിഷ്ഠമായ ഒരു തെളിവും ഇല്ല. ഉണ്ടാവണമെങ്കിൽ, കുറഞ്ഞത് ആ ഉണ്ടാക്കിവെച്ച ആളെ സ്വാധീനിച്ച് നിയമത്തിൽ ഒരു ഒഴികഴിവ് (exception) ഉണ്ടാക്കിയെങ്കിലും കാണിക്കണം. ഉദാഹരണത്തിന്, കെട്ടിടത്തിന് മുകളിൽ നിന്ന് ചാടുന്ന ഒരു ഭക്തൻ ഗുരുത്വാകർഷണനിയമം ഉണ്ടാക്കിയ ആ ദൈവത്തെ സ്വാധീനിച്ച് കുറച്ചുനേരത്തേയ്ക്ക് താഴോട്ടുള്ള ആകർഷണം നിർത്തിവെപ്പിച്ച് കാണിച്ചാൽ സംഗതി ക്ലീൻ. നിയമം ഉണ്ടാക്കിയ ആളിന്റെ സാന്നിദ്ധ്യം അവിടെ വെളിപ്പെട്ട് കിട്ടും. പക്ഷേ അങ്ങനത്തെ വെല്ലുവിളികളൊന്നും, ഇതുവരെ നിയന്ത്രിത സാഹചര്യങ്ങളിൽ ചെയ്ത് കാണിക്കാൻ ഒരു സൂപ്പർനാച്ചുറൽവാദക്കാരും മെനക്കെട്ടിട്ടില്ല. തട്ടിപ്പാണെന്ന് സ്വയം സമ്മതിച്ചുകൊണ്ട് കാണികളെ ആസ്വദിപ്പിക്കാൻ വേണ്ടി ജാലവിദ്യ കാണിക്കുന്നവർ മാത്രമാണ് അത്തരം കൃത്യങ്ങൾ ചെയ്തിട്ടുള്ളത്.
ഇത് പറഞ്ഞുവരുമ്പോൾ ഭക്തജനങ്ങൾ സ്ഥിരം എടുത്ത് വീശുന്ന ഒരു വാദം കൂടി സൂചിപ്പിച്ച് നിർത്താം. ഇങ്ങനെയാണത് – നിങ്ങൾ സാധാരണ പ്രപഞ്ചത്തിൽ പ്രയോഗിക്കുന്ന അതേ ലോജിക് അതിന്റെ സ്രഷ്ടാവായ ദൈവത്തിലും പ്രയോഗിക്കാൻ ശ്രമിക്കുകയാണ്. അത് തെറ്റാണ്. കാരണം സ്രഷ്ടാവ് സൃഷ്ടിയ്ക്ക് അതീതനാണ്. വെറും സൃഷ്ടി മാത്രമായ മനുഷ്യന്റെ ലോജിക് ദൈവത്തിൽ പ്രയോഗിക്കാൻ പറ്റില്ല.
ഓക്കെ, നൈസ്! അപ്പോ വെറും സൃഷ്ടി മാത്രമാണ് മനുഷ്യൻ. അങ്ങനെ ഒരു മനുഷ്യൻ മാത്രമാണ് ഞാൻ. അതുകൊണ്ട് എന്റെ ലോജിക് ദൈവത്തിൽ പ്രയോഗിക്കാൻ പറ്റില്ല. എന്റെ ബുദ്ധി അവിടെ പ്രവർത്തിക്കില്ല. സമ്മതിച്ചേക്കാം.
അതിരിക്കട്ടെ, ദൈവം അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ വലിയ വായിൽ സംസാരിക്കുന്ന നിങ്ങൾ മനുഷ്യനല്ലെങ്കിൽ പിന്നെ ആരായിട്ട് വരും? എന്തായാലും എന്നെപ്പോലെ ഒരു മനുഷ്യനാണ് നിങ്ങളെങ്കിൽ നിങ്ങളുടെ ബുദ്ധിയും ദൈവത്തിൽ പ്രയോഗിക്കാൻ പറ്റില്ലല്ലോ. അപ്പോ നിങ്ങളുടെ ബുദ്ധിയ്ക്ക് നിരക്കാത്ത ദൈവത്തെ കുറിച്ച് നിങ്ങൾ പറയുന്നതൊക്കെ വെറും ഗുണ്ടാണ്. മിണ്ടാതിരിക്കുന്നതും, യാതൊന്നും അറിയാതെ ഗുണ്ട് പൊട്ടിക്കുന്നതും ഫലത്തിൽ ഒന്നുതന്നെ. നിങ്ങൾക്കും അറിയില്ല, എനിക്കും അറിയില്ല. Then let’s not talk about things we don’t know.
fb post