ന്യൂഡല്‍ഹി: അരനൂറ്റാണ്ടോളം ദേശീയരാഷ്ട്രീയത്തില്‍ നിറസാന്നിധ്യമായിരുന്ന, മുന്‍പ്രധാനമന്ത്രിയും ബിജെപി സ്ഥാപകഅധ്യക്ഷനുമായ അടല്‍ ബിഹാരി വാജ്പേയ് അന്തരിച്ചു. 94 വയസ്സായിരുന്നു. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വ്യാഴാഴ്ച വൈകിട്ട് നാലിനായിരുന്നു അന്ത്യം. ദീര്‍ഘകാലമായി രോഗബാധിതനായിരുന്ന അദ്ദേഹത്തെ ജൂണ്‍ 11-നാണ് എഐഐഎംഎസില്‍ പ്രവേശിപ്പിച്ചത്. അവിവാഹിതനായിരുന്നു. നമിത വളര്‍ത്തുമകളാണ്.
മൂന്ന് തവണയായി ആറ് വര്‍ഷത്തോളം പ്രധാനമന്ത്രിയായിരുന്ന വാജ്പേയ്, അടിയന്തരാവസ്ഥയ്ക്കുശേഷം 1977-ല്‍ അധികാരത്തില്‍ വന്ന മൊറാര്‍ജി ദേശായി സര്‍ക്കാരില്‍ വിദേശമന്ത്രിയായും പ്രവര്‍ത്തിച്ചു. നാടകീയമായി പ്രസംഗിച്ചിരുന്ന വാജ്പേയിയുടെ ഭരണകാലം നാടകീയവും സംഘര്‍ഷഭരിതവുമായിരുന്നു. കാര്‍ഗില്‍സംഘര്‍ഷം, പൊഖ്റാന്‍ ആണവപരീക്ഷണം, പാര്‍ലമെന്റിനുനേരെയുള്ള ഭീകരാക്രമണം, ഇന്ത്യന്‍ എയര്‍ലൈെന്‍സ് വിമാനം തട്ടിക്കൊണ്ടുപോകല്‍, ഗുജറാത്ത് വംശഹത്യ, ലാഹോര്‍ ഉച്ചകോടി എന്നിവ വാജ്പേയ് സര്‍ക്കാരിന്റെ കാലത്തായിരുന്നു. രാഷ്ട്രീയസമസ്യകളെ കവിത വഴി അവതരിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു. 1980-കളില്‍ രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ രാഷ്ട്രീയശബ്ദമായി ബിജെപി മാറിയപ്പോള്‍ വാജ്പേയിയും എല്‍ കെ അദ്വാനിയും ചേര്‍ന്നാണ് നയിച്ചത്. 40 വര്‍ഷം പാര്‍ലമെന്റ് അംഗമായിരുന്ന വാജ്പേയ് 10 തവണ ലോക്സഭയിലും രണ്ട് പ്രാവശ്യം രാജ്യസഭയിലുമെത്തി. 2014-ല്‍ ഭാരതരത്ന പുരസ്കാരം ലഭിച്ചു.