എൻ എ നസീർ
മരം നടുന്ന ഉപദ്ദേശങ്ങളും ഗുണങ്ങളുംകേട്ട് മടുത്ത് എഴുതിയതാണ് .
നാട്ടിൽ മരം നട്ടാൽ കാടുണ്ടാകില്ല. നല്ല പ്രാണവായുവും ശുദ്ധജലയും കൃഷിക്കാവശ്യമായ ജീവനുള്ള മണ്ണും വേണമെങ്കിൽ കിഴക്ക് പശ്ചിമഘട്ടത്തിൽ പച്ചപ്പുണ്ടാകണം. 44 നദികളുള്ള കേരളത്തിൽ ഒരോ വേനൽക്കാലവും ചുട്ടുപൊള്ളുന്നു. മനുഷ്യരും വളർത്തുമൃഗങ്ങളും കുഴഞ്ഞുവീഴുകയും ജീവൻ വെടിയുകയും ചെയ്യുന്നത് വേനൽ വാർത്തകൾ മാത്രം നമ്മൾക്ക്. കുടിക്കാൻ ജലമില്ല. പുഴയൊക്കെ വർഷ കാലത്ത് മാത്രം ഒഴുകും. മഴയുടെ ഇടവേളകളിൽ വരുന്ന വെയിൽ നാളങ്ങൾ തീക്കനൽ പോലെ ചുട്ടുപൊള്ളുന്നു. നമ്മൾക്ക് ജൈവ കൃഷിയും അല്ലാത്ത കൃഷിയുമൊക്കെ ചെയ്യണമെങ്കിൽ ഭൂമിയിൽ നനവ് വേണം. അതിന് പുഴകൾ നിറഞ്ഞൊഴുകണം. ഭൂമിയിൽ പോയിട്ട് മനസ്സിൽ വരെ നനവില്ലാത്തവരായി നമ്മൾ.
മരങ്ങൾ നടുന്ന വാർത്തകളും ഉത്സവങ്ങളും കേട്ടിട്ടും കണ്ടിട്ടും ഇപ്പോൾ ഓക്കാനം വരുന്നു.
മതങ്ങളുടെ പേരിൽ, രാഷ്ട്രീയ പാർട്ടികളുടെ പേരിൽ, സഘടനകളുടെ പേരിൽ, സ്വകാര്യ സ്ഥാപനങ്ങളുടെ പേരിൽ, ക്ലബ്ബുകളുട പേരിൽ, സ്കൂൾ, കോളേജ്, ട്രീ ചലഞ്ച് ഉത്സവങ്ങൾ, ജീവിച്ചിരിക്കുന്നവർ, ജനിക്കാൻ പോകുന്നവർ, മരിച്ചവർ, എന്നുവേണ്ട സകലതിന്റെയും പേരിൽ നമ്മൾ നട്ട മരങ്ങൾ എത്രയാ ?.
ഈ മരങ്ങളുടെ എണ്ണം എടുത്താൽ ലോകത്തിലെ ഏറ്റവും വലിയ കാടായ ആമസോൺ കാട് ലജ്ജിക്കും!
എന്നിട്ടെന്തുണ്ടായി?
ചൂട് ഓരോ നിമിഷവും നമ്മെ ച്ചുട്ടു പൊള്ളിക്കുകയാണ്.
ഇടക്കിടെ നമ്മെ ഓർമ്മിപ്പിക്കുന്ന പരസ്യം പോലെ ഒരു വാർത്തയുണ്ടായിരുന്നു.
‘ആഗോള താപനം മരമാണ് ഉത്തരം ‘
ഹും. !!
ആഗോള താപനത്തിന് മരമല്ല ഉത്തരം. വനമാണ് ഉത്തരം.എന്ന് എന്നാണ് നാം തിരിച്ചറിയുക.
കാടിന്കാട് തന്നെ വേണം കൂട്ടുകാരെ .. അത് നമ്മൾക്ക് ഉണ്ടാക്കുവാനാകില്ല.
സാഹചര്യം ഒരുക്കുവാനെ ഒക്കു.
പശ്ചിമഘട്ടത്തിലെ അവശേഷിക്കുന്ന കാടിന്റെ വിസൃതി കൂട്ടുകയും സംരക്ഷിക്കുകയുമാണ് ഇനി വേണ്ടത്. തിരിച്ചു പിടികെണ്ട വനങ്ങളൊക്കെ തിരിച്ചുപിടിച്ചെ പറ്റു.. വനം വകുപ്പ് തഴഞ്ഞുകളയണ്ട വകുപ്പല്ല. അമൂല്യമായ നമ്മുടെ പ്രാണവായുവും ജീവ ജലവും സംരക്ഷികേണ്ടുന്ന വകുപ്പ് കൂടിയാണെന്ന ബോധം ഓരോ പൗരനിലും രൂപപ്പെടണം.
വകുപ്പിലെ താഴെ കിടയിലുള്ളവർക്ക് വനം സംരക്ഷിക്കുവാനു തുകുന്ന സൗകര്യങ്ങൾ ചെയ്തു കൊടുക്കണം.അവർ ജനങ്ങളിലേക്കും ഇറങ്ങിച്ചെല്ലണം…
നമ്മുടെ വിദ്യാഭ്യാസ പ0നങ്ങളിലെ പ്രധാന വിഷയം പ്രകൃതി സംരക്ഷണത്തിന്റെയും പരിസര മലിനീകരണത്തിന്റെയും ഓർമ്മപ്പെടുത്തലുകളായിരിക്കണം.
വീടിനു ചുറ്റും കോൺക്രീറ്റ് ടൈൽസ് നിരത്തിയല്ല മരം നടലിനെ കുറിച്ച് ഉപദ്ദേശങ്ങൾ മറ്റുള്ളവർക്ക് നല്കേണ്ടത്.
അടുത്ത തലമുറയ്ക്ക് പശ്ചിമഘട്ടം എന്താണെന്ന് വച്ചാൽ ,നമ്മൾ വീടാണെന്നും പറഞ്ഞ് വസിക്കുന്ന കെട്ടിടങ്ങളും നമ്മുടെ നഗരങ്ങളിലെ ഷോപ്പിങ്ങ് മാളുകളും, കെട്ടിട സമുച്ചയങ്ങളും അനുധിനം പണിതു കൂട്ടുന്ന മറ്റു വികസന കലാപരിപാടികളും കാട്ടി കൊടുത്താൽ മതി.
എന്നിട്ട് ഇങ്ങനെ കൂടി അവരോട് പറയണം
” മക്കളെ കിഴക്കുണ്ടായ പശ്ചിമഘട്ടം ദാ… ഇതാണ് “
അപ്പോഴേയ്ക്കും ഓക്സിജൻ സിലണ്ടർ മുതുകിൽ തൂക്കിയിട്ടുണ്ടാകും നമ്മളും ഒന്നുമറിയാത്ത മക്കളും!
എല്ലാത്തിനും ഭരിക്കുന്നവരെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല. നമ്മൾക്ക് ചെയ്യുവാനുള്ളത് ഒത്തിരിയുണ്ടിവിടെ..
നമ്മൾ സ്വന്തം ഭൂമിയോട് എന്താണി വിടെ ചെയ്യ്തത്? മുറ്റത്ത് തന്നെ ആദ്യം ഒന്ന് നോക്കി കൊള്ളു.. അവിടന്ന് തുടങ്ങാം..
കുഞ്ഞുങ്ങൾ പാദുകങ്ങൾ ഇല്ലാതെ ഭൂമിയിലൊക്കെ ഒന്ന് ച്ചവിട്ടി നില്ക്കട്ടെ. പാദങ്ങളിൽ മണ്ണിന്റെ നനവ് അനുഭവിക്കട്ടെ ,അപ്പോൾ മനസിലും പച്ചനാമ്പ് പൊട്ടും.
മരം നട്ടാൽ നല്ല തണലൊക്കെ ഉണ്ടാകും. അതിന് സംശയമേതുമില്ല.
പക്ഷെ, കാടിന്കാട് തന്നെ വേണം എന്നത് മറക്കരുതേ..