കോഴിക്കോട്: ഫെസ്റ്റിവൽ ഓഫ് ഡെമോക്രസിയുടെ ഭാഗമായി കവിതക്കായി ഒരു ദിനമൊരുങ്ങുന്നു. ‘കവിതപ്പകൽ’ എന്ന് പേര് നല്‍കിയിരിക്കുന്ന ചടങ്ങ് തമിഴ് കവയിത്രി സൽമ ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് 12 ഞായറാഴ്ച രണ്ടര മണി മുതൽ രാത്രി 8 മണി വരെ കോഴിക്കോട് ആർട്ട് ഗാലറിക്ക് പിറകുവശത്തുള്ള ആനക്കുളം സാംസ്കാരിക നിലയത്തിന്റെ ഒന്നാം നിലയിൽ വെച്ച് മലയാള കവിതയുടെ പുതിയ ചൂടും വെളിച്ചവും ചർച്ച ചെയ്യും.
രണ്ടു സെഷനുകളായി തിരിച്ചിരിക്കുന്ന ചടങ്ങില്‍ 2.30 മുതല്‍ 5 മണിവരെ ‘കവിതയും പ്രതിനിധാനവും’, 5 മണി മുതല്‍ ‘നവമാധ്യമക്കാലത്തെ കവിതാ രചനയും വായനയും’ എന്നീ വിഷയങ്ങളില്‍ സംവാദവും കവിയരങ്ങും അരങ്ങേറും. റഫീഖ് അഹമ്മദ്, പി.കെ ഗോപി, പി.എൻ ഗോപീകൃഷ്ണൻ, എം.എസ് ബനേഷ്, കുഴൂർ വിത്സൺ, അമ്മു ദീപ, ആര്യ ഗോപി, ആതിര ധര, ആർഷ കബനി, വി.നൂറ, ഗിരിജ, വിഷ്ണു പ്രസാദ്, അനൂപ് കെ.ആർ തുടങ്ങി നൂറോളം കവികള്‍ ചടങ്ങില്‍ പങ്കെടുക്കും. വേദിക്ക് സമീപം പങ്കെടുക്കുന്നവരുടെ കവിതാ സമാഹാരങ്ങൾ കയ്യൊപ്പോടു കൂടി വാങ്ങുവാനുള്ള സൗകര്യം ഉണ്ടാകും. പുസ്തകങ്ങൾ കൊണ്ടുവന്ന് സ്വന്തം ഉത്തരവാദിത്വത്തിൽ വിൽക്കാവുന്നതാണ്.