ഡിഎംകെ അധ്യക്ഷനും ദ്രാവിഡ രാഷ്ട്രീയത്തിന്റെ അമരക്കാരനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധി (94) വിടവാങ്ങി. ഇന്ന് വെെകുന്നേരം 6.10നാണ് അന്ത്യം സംഭവിച്ചത്. കാവേരി ആശുപത്രിയില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
രാഷ്‌ട്രീയത്തിന് പുറമെ സിനിമാ മേഖലയിലും സാഹിത്യ മേഖലയിലും നിറസാന്നിധ്യമായിരുന്നു. വിദ്യാർഥിയായിരിക്കെ നാടകരംഗത്ത് സജീവമായ അദ്ദേഹം ഇരുപത് വയസ് തികയും മുമ്പേ ആദ്യ സിനിമയ്‌ക്ക് തിരക്കഥയൊരുക്കി. 1947ൽ പുറത്തിറങ്ങിയ രാജകുമാരിയാണ് കരുണാനിധിയുടെ തിരക്കഥയിൽ പുറത്തിറങ്ങിയ ആദ്യ സിനിമ. എംജിആറായിരുന്നു നായകൻ. എംജിആർ എന്ന നടന്റെ വളർച്ച തുടങ്ങിതും രാജകുമാരിയിലൂടെയായിരുന്നു. എംജിആറിന് സൂപ്പർതാര പദവി നേടിക്കൊടുത്ത മലൈക്കള്ളന്റെ തിരക്കഥയും കരുണാനിധിയുടേതായിരുന്നു.
ശിവാജി ഗണേശനെയും താരമാക്കി വളർത്തിയതിൽ കരുണാനിധിയ്‌ക്ക് നിർണ്ണായക പങ്ക് വഹിക്കാനായി. തമിഴ്‌സാഹിത്യത്തിനും അദ്ദേഹം ശ്രദ്ധേയ സംഭാവന നൽകി. കവിത, പത്രപംക്തി, തിരക്കഥ, നോവൽ, ജീവചരിത്രം, നാടകം, സംഭാഷണം, പാട്ട് തുടങ്ങി കരസ്പർശമേൽക്കാത്ത സാഹിത്യ മേഖലയില്ല.
ഗദ്യത്തിലും പദ്യത്തിലുമായി നൂറിലധികം കൃതികൾ അദ്ദേഹം രചിച്ചു. അഞ്ച് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്നു. മരണം വിവരം അറിഞ്ഞതോടെ പ്രിയ നേതാവിനെ അവസാനമായി കാണാന്‍ ആശുപത്രിയിലേക്ക് അണികളുടെ പ്രവാഹമാണ്.
1969 മുതല്‍ ഡി.എം.കെ അധ്യക്ഷനായ കരുണാനിധി ഈ വര്‍ഷം മകന് ചുമതല കൈമാറിയിരുന്നു. എങ്കിലും ആക്ടിംഗ് പ്രസിഡന്റായി കരുണാനിധി തുടര്‍ന്നിരുന്നു.