ഷഹബാസ് അമൻ
ഇന്ന് ബീഗം അക്തർ എന്ന അപൂർവ്വ ഗാനരത്നത്തിന്റെ നൂറ്റിമൂന്നാം പിറന്നാൾ ദിനം!
മറ്റൊരു അത്യപൂർവ്വ സംഗീത രത്നം മുഹമ്മദ് സാബിർ ബാബു എന്ന ബാബുരാജ് ഈ ലോകം വിട്ട് പോയതിന്റെ മുപ്പത്തിയൊൻപതാം ആണ്ട് നാളും ഇന്ന് തന്നെയാണു!
സൂക്ഷ്മാർത്ഥത്തിൽ നോക്കിയാൽ രണ്ടും ഭാരതീയ സംഗീതശേഖരത്തിലെ വില മതിക്കാനാവാത്ത രണ്ട് തരം മരകതക്കല്ലുകൾ!
പ്രശസ്ത ചിത്രകാരൻ റിയാസ് കോമുവുമൊത്ത് ലഖ്നൗവിലൂടെയും അയോധ്യയിലും ചെറുതായൊന്ന് കറങ്ങിയതിന്റെ കഥ തന്നെ എഴുതുകയാണെങ്കിൽ ദീർഘമായി എഴുതാനുള്ളത് ഉണ്ട്.പക്ഷേ ഇപ്പൊ വേണ്ട. ഒന്ന് മാത്രം രണ്ട് വാക്കിൽ പറയാം! ഉസ്താദ് ബീഗം അക്തറിന്റെ ഖബറിടത്തിൽ നിന്നും ഭൂമിയുടെ കിടപ്പ്‌പ്രകാരം നേരിയ അകലത്തിൽ മാത്രം സ്ഥിതി ചെയ്യുന്ന വലിയ ഒരു സംഗീത കോളജിൽ കയറി ആ മഹതെയെക്കുറിച്ച് അന്വേഷിച്ചപ്പോൾ പരസ്പരം അന്തം വിട്ട് അങ്ങോട്ടും ഇങ്ങോട്ടും സംശയം ചോദിച്ചു കളിക്കുന്ന താപ്പാനകളായ സംഗീത പ്രഫസർമ്മാരെ കണ്ടു! ചിലർക്ക് അറിയേണ്ടത് ലഖ്നോയുമായി അവർക്കെന്തു ബന്ധം എന്നായിരുന്നു? ബീഗം അക്തർ എന്ന് കേട്ടിട്ടില്ലാത്തവർ പോലും ആ കൂട്ടത്തിൽ ഉണ്ടായിരുന്നത് കൊണ്ട് ആ പൊട്ടക്കുളത്തിൽ നിന്നും കാറ്റിന്റെ വേഗതയിൽ കരക്കെത്താൻ കഴിഞ്ഞു!
അന്വേഷണങ്ങൾക്കൊടുവിൽ ഒരു റിക്ഷാവാല റോസാത്തിരി മണക്കുന്ന ആ ഇടുങ്ങിയ ഗലിയിൽ എത്തിച്ചു! നോക്കുംബോളുണ്ട്,സ്വന്തം ഉമ്മയുടെ തൊട്ടടുത്ത് സുഖമായുറങ്ങുന്നു ആ ക്ഷീണിത മധുര നാദം! ഒരു കുഞ്ഞു കുട്ടി! അല്ല, കരുത്തുറ്റ ആ എടുപ്പ്! ” വോ ജൊ ഹം മെ തും മെ ഖരാർ ഥാ”.
ഖബറിടം നോക്കിപ്പോരുന്നത് ഒരു ചെറു കുടുംബമാണേ.പച്ചപ്പാവങ്ങൾ. അവർ ഞങ്ങളുമായി വേറൊരു സ്നേഹ ഖരാറിൽ പേരെഴുതി അടയാളം വെച്ചു! ഇനി വരുന്ന എല്ലാ വ്യാഴാഴ്ച്ചകളിലും ആ മഹദ് നാദത്തിനടുത്തായി മുടങ്ങാതെ ഒരു തിരി വെച്ചോളാമെന്ന്!മൗനമായി ഏറെ നേരം അവിടെ ഇരുന്നു! കാറ്റിനോടൊപ്പം വന്ന രണ്ട് മൂന്ന് ഇലകളേയും ഖബറിടത്തിൽ വെച്ച് ശ്രദ്ധിച്ചു! അതിൽ ഒന്ന് കൂടെപ്പഠിച്ച പേരറിയാത്ത ആരോ ആണെന്ന് തോന്നിച്ചു.മൗനത്തിന്റെ സാധ്യതകൾ..
നിങ്ങൾ കോഴിക്കോട് നഗരത്തെ ഒന്ന് നോക്കൂ! ബാബുരാജ് എന്ന് കേട്ടാൽത്തന്നെ അതിനു കിക്കാവും! നോക്കൂ..കണ്ണം പറബിൽ ഇലകളും പൂക്കളും വന്നു വീഴുന്ന കലാകാരന്മാരുടെ ഖബറുകളും അതിനൊക്കെ ഓരോരോ കഥകളും ഉണ്ട്! പറഞ്ഞാൽ കിസ പാതിയിൽ മാറും! പക്ഷേ ബാബുരാജിന്റെ സ്മരണക്ക് ഒരു താജ്മഹൽ പണിയാൽ പാവപ്പെട്ടവനെ സംബന്ധിച്ച് വെറും മിനിമം പൈസ ട്രിപ്പിൽ ഒരു ഓട്ടോറിക്ഷന്റെ ബേക്ക് സീറ്റ് കിട്ടിയാൽ മതി! അതിൽ നിന്നു പൊന്തിവരാത്ത സങ്കൽപ്പങ്ങളൊന്നുമില്ല! കാണാത്ത ഒരു പൂങ്കുടിലും ! വല്യ പൈസ കൊടുത്ത് വല്യ കൊത്തളങ്ങളിൽ നിന്നും അതേ ഗാനങ്ങൾ തന്നെ വേണമെങ്കിൽ കേൾക്കാം! അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം. പക്ഷേ, ബാവുക്കയെ അറിയാത്ത ഒരു പ്രോഫസറും ഒരു ജ്വല്ലറിക്കാരനും ഒരു രാഷ്ട്രീയക്കാരനും ഇല്ല, ഈ നഗരത്തിൽ! ഒറ്റക്കുഴപ്പമേയുള്ളു! ലോകത്തിനു ബാബുരാജിനെ കൊടുക്കില്ല ! ഇവിടെ വന്നു പോയ ഒരു മഹാനും ഒരു മഹതിക്കും ബാബുരാജ് പാടിയ സീഡി കിട്ടിയിട്ടുണ്ടാവില്ല. പകരം, ആറന്മുള കണ്ണാടിയോ ആനച്ചിത്രങ്ങളോ പ്ലാസ്റ്റോപാരീസിൽ തീർത്ത കഥകളിപ്പച്ചയോ നൽകും! ഗുലാമലി ബാബുരാജിനെ കേൾക്കാത്തത് നമ്മുടെ പിഴവല്ലെങ്കിൽ പിന്നെ ആരുടെ? മനോരമ ഇറക്കും മുൻപേ സാധനം കയ്യിലുണ്ടായിരുന്നു എന്ന് വീൺ വാക്ക് പറഞ്ഞിട്ടെന്തു കാര്യം?
ഇനി ഇതൊന്നുമല്ലാത്ത ഒരു ചോദ്യവും കൂടി ചോദിച്ചു നിർത്താം.ബീഗം അക്തർ കോഴിക്കോട്ടുകാരിയായിരുന്നുവെങ്കിൽ ഇവിടെ എല്ലാ വർഷവും അവരുടെ പേരിൽ സംഗീതാഘോഷങ്ങൾ സംഘടിപ്പിക്കപ്പെടുമായിരുന്നോ?ടൗൺ ഹാളിനു ബീഗം അക്തറിന്റെ പേരിടും?ആ പേരിൽ റോഡോ വിദ്യാഭ്യാസ ഇടങ്ങളോ?
അതോ നമ്മളും അപ്പോൾ ലഖ്നൗവിലെ പ്രഫസർമാരെപ്പോലെ അന്തം വിട്ട് കളിക്കുമോ ?
കോഴിക്കോട്ട് ഇന്ന് ഇല്ലാത്ത ഏത് കുതിരവണ്ടിക്കാരൻ വഴി നയിക്കും അന്വേഷിച്ചു വരുന്നവരെ ആ പാട്ടുദർഗ്ഗയിലേക്ക് ?