പകർന്നാട്ടങ്ങളുടെ തമ്പുരാൻ

1
706

നിധിൻ.വി.എൻ

പകർന്നാട്ടങ്ങളുടെ തമ്പുരാൻ ഓർമ്മയായിട്ട് ഇന്നേക്ക് 17 വർഷങ്ങൾ. നാനത്തിന് തിലകമായ ഒരേ ഒരു നടനെയേ ഇന്ത്യൻ സിനിമ കണ്ടിട്ടുള്ളൂ, അത് തമിഴ് ചലച്ചിത്ര രംഗത്തെ ഐതിഹാസിക നടനായിരുന്ന ചിന്നൈയ്യ പിള്ളൈ ഗണേശൻ എന്ന ശിവാജി ഗണേശനാണ്. വെള്ളിത്തിര നിറയുന്ന ആജാനുബാഹുവായ പകർന്നാട്ടക്കാരൻ, മറ്റെന്തിനെയും മറികടക്കുന്ന സ്ക്രീൻ പ്രസൻസ്. വെള്ളിടി പോലെ വന്നു വീഴുന്ന വാഗ്ധോരണി. വിശേഷണങ്ങൾ ഒട്ടനവധിവേണ്ടി വരും ശിവാജി ഗണേശനെ കുറിക്കാൻ.

1927 ഒക്ടോബർ 1-ന് ഒരു സാധാരണ കുടുംബത്തിലാണ് ഗണേശൻ ജനിച്ചത്. റെയിൽവേ ഉദ്യോഗസ്ഥനായ അച്ഛന് മകന്റെ അഭിനയമോഹത്തിന് തടയിടാൻ കഴിയുമായിരുന്നില്ല. അത്രമേൽ തീവ്രമായിരുന്നു അയാളിലെ അഭിനയമോഹം.

തന്റെ ഏഴാം വയസ്സിൽ നാടകത്തിലെത്തിയ ഗണേശൻ, ശിവാജി കാണ്ഡ ഹിന്ദുരാജ്യം എന്ന നാടകത്തിലൂടെ ഛത്രപതിയായി അരങ്ങു തകർത്തു. പെരിയവറായ ഇവി രാമസ്വാമിയാണ് ശിവാജി ഗണേശനെന്ന പേര് അദ്ദേഹത്തിന് നൽകിയത്.

1952-ൽ പരാശക്തി എന്ന ചിത്രത്തിലൂടെ വെളളിത്തിരയിലെത്തിയ ശിവാജി, 1954-ൽ ഇറങ്ങിയ അന്തനാളത്തിലൂടെ സൂപ്പർ താരമായി വളർന്നു. തിരുവിളയാടൽ, ഹരിശ്ചന്ദ്ര, കർണ്ണൻ, നവരാത്രി എന്നു തുടങ്ങി ഒട്ടനവധി പുരാണ ചിത്രങ്ങൾ. അതിൽ തന്നെ കർണ്ണനായുള്ള പകർന്നാട്ടം മതിയാകും ശിവാജിയുടെ കഴിവ് മനസ്സിലാക്കാൻ. തുടയിൽ വണ്ട് കയറുമ്പോൾ, ഗുരുവിനെ മടിയിൽ വെച്ചുള്ള കർണ്ണന്റെ ഇരിപ്പ്, അല്ല ശിവാജിയുടെ ഇരിപ്പ്. അതെ, ശിവാജി പകർന്നാട്ടങ്ങളുടെ തമ്പുരാനാണെന്ന് കുറിക്കാൻ ആ രംഗം തന്നെ പര്യാപ്തം.

1960-ൽ കെയ്റോ ആഫ്രോ ഏഷ്യൻ ഫിലീം ഫെസ്റ്റിവെല്ലിൽ ഇന്ത്യയിൽ നിന്നുള്ള ഒരു നടൻ, ആദ്യമായി മികച്ച നടനായി. ആ അംഗീകാരം നടികർ തിലകമായ ശിവാജിക്ക് തന്നെയായിരുന്നു. 12 തവണ മികച്ച നടനുള്ള രാഷ്ട്രപതി പുരസ്കാരം. പത്മശ്രീ (1966), പത്മഭൂഷണം (1984) എന്നിവയ്ക്കു പുറമേ ഫ്രഞ്ചു സർക്കാരിന്റെ ഷെവലിയാർ പുരസ്കാരമടക്കം (1995) എണ്ണിയാലൊടുങ്ങാത്ത പുരസ്കാരങ്ങൾ. നടന തിലകമായ ശിവാജി അഭിനയത്തിന്റെ ഛത്രപതിയായി വിലസുകയായിരുന്നു.

ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കൊണ്ട് അദ്ദേഹം 2001 ജൂലൈ 21ന് തന്റെ 74 -ാം വയസ്സിൽ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു. 47 വർഷത്തെ അഭിനയ ജീവിതത്തിനിടക്ക് 283 ചിത്രങ്ങൾ അദ്ദേഹത്തിന്റേതായി പുറത്തു വന്നു. അമിതാഭിനയത്തിന്റെ ദൂഷ്യങ്ങൾ ചൂണ്ടിക്കാട്ടാമെങ്കിലും അഭിനയ മോഹികൾക്ക് നല്ലൊരു ടെക്സ്റ്റ് ബുക്കാണ് അദ്ദേഹം.

1 COMMENT

  1. […] ശ്യാമള (1931-1990) ഡോ ടി കെ രാമചന്ദ്രൻ (1949- 2008) ശിവാജി ഗണേശൻ (1927 – 2001) ഗംഗുബായ്‌ ഹംഗൽ (1913 –2009) റോബർട്ട് ബേൺസ് […]

LEAVE A REPLY

Please enter your comment!
Please enter your name here