നിത്യജീവിതത്തുളളലുകൾക്കിടയിൽ അവാച്യമായ ഒരു വിശ്രാന്തിയാണ് ഇടയ്ക്ക് കലാമണ്ഡലത്തിലേക്കുളള തനിയെയുളള വരവ്… കളരികളും കൂത്തമ്പലവും മരത്തണലുകളും പുസ്തകാലയവും വർണ്ണകാഴ്ചകളും താളസാന്ത്വനങ്ങളും അഭ്യാസങ്ങളും ചിട്ടകളും… മദ്ധ്യാഹ്നമാകുമ്പോഴേക്കും പുതുകാലമാലിന്യങ്ങളെല്ലാം മനവും തനുവും വിട്ടുപോയിരിക്കും. ഓരോ കളരിയിലെയും ചുമരിലെ ലളിതമായ ഏകദീപനാളം പോലെ മനസ്സങ്ങനെ ഭാരരഹിതവും പ്രഭാസാന്ദ്രമാകുന്നു. ക്ഷേത്രം പോലെ, പൂവാടി പോലെ, മലനിരകൾ പോലെ, കാറ്റ് പോലെ നമ്മളെയാരൊക്കെയോ തൊട്ടിലാട്ടിയുറക്കുന്നു. പിന്നെ ഉച്ചശേഷം പഴയകലാമണ്ഡലത്തിലെ വൻവൃക്ഷഛായകളിലേക്ക്. വിശ്രമങ്ങൾക്ക്, അതിനും പ്രത്യേകം സ്വാദേറുന്ന ലാളിത്യങ്ങൾ. അരികിൽ മഹാകാവ്യതേജസ്സിൻടെ സ്മൃതിയും പലതരം പുതുകാലകലാപാണ്ഡിത്യങ്ങളുടെ പോക്കുവരവുകളും. മനസ് നൃത്തം വയ്ക്കുമ്പോൾ അടങ്ങിയിരിക്കാൻ ആരോ ഉളളിൽ ശാസിക്കും. നേരം പോയതറിയാതെ നിളയുടെ ദൂരക്കാഴ്ചകളിൽ അലിഞ്ഞിരിക്കുമ്പോഴാകും സമയം കഴിഞ്ഞെന്ന് കാവൽക്കാരൻടെ ശാസനാമുഴക്കങ്ങൾ. കലാകാരനോ പ്രതിഭയോ ഒന്നുമല്ലാത്ത എന്നെ ഒരു ദിവസം മുഴുവൻ അവിടെ കാൽചിലങ്കകളില്ലാതെ മൗനമാകാൻ അനുവാദം തന്ന എല്ലാത്തിനും നന്ദി പറഞ്ഞ് പതിയെ പടിയിറങ്ങും. കിതച്ച് കിതച്ച് വീണ്ടും അവിടേക്കുവരുന്ന അടുത്ത നാൾ പെറുക്കാൻ നോട്ടങ്ങൾ വൃക്ഷച്ചോടുകളിൽ ഉപേക്ഷിച്ചുകൊണ്ട്.
ഡോ.കെ.എസ്.കൃഷ്ണകുമാർ.