കോഴിക്കോട്: ലക്ഷ്യങ്ങള്‍ തന്നെയാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ദുഖമെന്ന് പ്രശസ്ത ചിത്രകാരന്‍ സിഎഫ് ജോണ്‍. പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ‘പിഗ്മെന്റ്‌സ്- ദി ആര്‍ട്ട് മൂവ്‌മെന്റ്‌സ്’ എന്ന ആര്‍ട്ട് ക്ലബ് ചിത്രം വരച്ച്‌കൊണ്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് ഏക കേന്ദ്രീകൃത ലക്ഷ്യത്തില്‍ ശ്രദ്ധയൂന്നുന്നതിനാല്‍ ശ്രദ്ധിക്കപ്പെടേണ്ടവ അവഗണിക്കുകയും, ലക്ഷ്യ സാധൂകരണത്തിനായി കുതന്ത്രങ്ങള്‍ നെയ്യുകയുമാണ്. അതിനാല്‍ വിശാലമായ കാഴ്ചപ്പാടുകളും സാമൂഹ്യ ബോധവുമാണ് ആര്‍ജിച്ചെടുക്കേണ്ടതെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ കൂട്ടി ചേര്‍ത്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും സൃഷ്ടികള്‍ പരിചയപ്പെടുത്തുകയും ചെയ്തു. എഴുത്തുകാരന്‍ വി.ടി ജയദേവന്‍ മാസ്റ്റര്‍, സ്കൂള്‍ ഹെഡ്മാസ്റ്റര്‍ മംഗളദാസന്‍, ചെങ്ങോട്ട്കാവ് പഞ്ചായത്ത് മെമ്പര്‍ ഗീതാനന്ദന്‍ മാസ്റ്റര്‍, ചിത്ര കലാധ്യാപകന്‍ സുരേഷ് ഉണ്ണി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.